ആധാർ ഇ–കെവൈസി; വിവരങ്ങൾ സൂക്ഷിക്കാനുള്ള അനുമതി ഉപയോക്താവിന് പിൻവലിക്കാം

Mail This Article
ന്യൂഡൽഹി ∙ തിരിച്ചറിയലിനുള്ള ആധാർ ഇ–കെവൈസി (നോ യുവർ കസ്റ്റമർ) വിവരങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ നൽകുന്ന അനുമതി ഉപയോക്താവിന് ഏതു സമയത്തും പിൻവലിക്കാമെന്ന് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ വിജ്ഞാപനം. അനുമതി പിൻവലിച്ചാൽ ഏജൻസികൾ കെവൈസി വിവരം നീക്കം ചെയ്യുകയും ഇക്കാര്യം ആധാർ ഉടമയെ അറിയിക്കുകയും വേണം. ഡേറ്റ നീക്കം ചെയ്ത കാര്യം ഉപയോക്താവിനു പരിശോധിച്ചുറപ്പിക്കാൻ കഴിയുന്ന തരത്തിലാകണമെന്നും വിജ്ഞാപനത്തിലുണ്ട്.
ആധാർ കെവൈസി വിവരങ്ങൾ സൂക്ഷിക്കുന്ന ഏജൻസി അത് ഉപഏജൻസിക്കു നൽകുന്നുണ്ടെങ്കിൽ ആധാർ അതോറിറ്റിയുടെ അനുമതി തേടണം. ഉപഏജൻസിക്ക് ഈ ഡേറ്റ മറ്റൊരിടത്തേക്കും പങ്കുവയ്ക്കാൻ അനുമതിയില്ല. ഡേറ്റ കൈമാറ്റത്തിന്റെ വിവരങ്ങൾ നിശ്ചിത കാലയളവിലേക്ക് ഏജൻസി സൂക്ഷിക്കണം.
ഒരു സ്ഥാപനമോ വ്യക്തിയോ മറ്റൊരാളുടെ ആധാർ ഉപയോഗിക്കുമ്പോൾ (ഓതന്റിക്കേഷൻ) എന്തൊക്കെ വിവരങ്ങളാണു സ്വീകരിക്കുകയെന്നും അവയെങ്ങനെ ഉപയോഗിക്കുമെന്നും അറിയിച്ചിരിക്കണം.
ആധാർ തിരിച്ചറിയലിനു വിധേയമാകാൻ സാധിക്കാതിരിക്കുകയോ വിസമതിക്കുകയോ ചെയ്താലും ഒരു സേവനവും നിഷേധിക്കരുതെന്നും വിജ്ഞാപനത്തിലുണ്ട്.
English Summary: Aadhaar e-KYC