ADVERTISEMENT

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ഉള്ളതും വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്കു സ്പോട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തിയതും കൂടുതൽ തീർഥാടകർ എത്താൻ സഹായിക്കുമെന്നാണു വിലയിരുത്തൽ. പ്രതിദിനം 30,000 പേർക്കാണ് അനുമതി എങ്കിലും ഇരുമുടിക്കെട്ടുമായി എത്തുന്ന ആരെയും മടക്കി അയയ്ക്കരുത് എന്നാണു ദേവസ്വം ബോർഡിന്റെയും പൊലീസിന്റെയും നിലപാട്. അതിനാൽ തീർഥാടനം പഴയ രീതിയിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയാണ് എല്ലാവർക്കും.  കോവിഡ് കാലമായതിനാൽ സാനിറ്റൈസർ കരുതണം. എവിടെ തൊട്ടാലും അപ്പോൾത്തന്നെ കൈ സാനിറ്റൈസ്  ചെയ്യണം. അവസരം കിട്ടുമ്പോഴെല്ലാം സോപ്പ് ഉപയോഗിച്ചു കൈ കഴുകണം. 

ബസിൽ വരുന്നവർ

നാട്ടിൽ നിന്നു കെഎസ്ആർടിസി ബസിൽ പമ്പയിലേക്കു ടിക്കറ്റ് എടുത്തു വരുന്നവരും നിലയ്ക്കൽ ഇറങ്ങി വെർച്വൽ ക്യൂ പാസ് പൊലീസിനെ കാണിക്കണം. പരിശോധന പൂർത്തിയാകാൻ സമയം എടുക്കുകയാണെങ്കിൽ ബസ് വിട്ടുപോകും. എന്നാൽ നിലയ്ക്കൽ നിന്നു പമ്പയ്ക്കുള്ള കെഎസ്ആർടിസി ചെയിൻ സർവീസിൽ കയറി പോകാം. വേറെ ടിക്കറ്റ് എടുക്കണ്ടതില്ല. നാട്ടിൽ നിന്നുള്ള ടിക്കറ്റ് കാണിച്ചാൽ മതി.  

ചെറുവാഹനങ്ങൾ 

ഡ്രൈവറുമായി എത്തുന്ന ഭക്തരുടെ ചെറിയ വാഹനങ്ങൾ പമ്പ വരെ പോകാൻ അനുവദിക്കും. തീർഥാടകരെ അവിടെ ഇറക്കിയ ശേഷം തിരിച്ച് നിലയ്ക്കൽ എത്തി പാർക്കു ചെയ്യണം. തീർഥാടകർ പമ്പയിൽ നിന്നു നിലയ്ക്കലേക്കു കെഎസ്ആർടിസി ബസിൽ മടങ്ങണം.   

രേഖകൾ

ആധാർ കാർഡ്, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റ് എന്നിവ കൈവശം ഉണ്ടാകണം. 2 ഡോസ് വാക്സീൻ എടുത്തവർക്ക് ആ സർ‌ട്ടിഫിക്കറ്റ് മതി. 

pamba
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന മഴയിൽ ജലസമൃദ്ധമായ പമ്പാനദി.

കോവിഡ് പരിശോധന 

നിലയ്ക്കലിൽ  കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ആർടി ലാബ്, ആന്റിജൻ പരിശോധനാ സൗകര്യമുണ്ട്. സ്രവം ശേഖരിച്ച് 3 മണിക്കൂറിനുള്ളിൽ ഫലം കിട്ടുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. നിലയ്ക്കൽ എത്തി ബുദ്ധിമുട്ടാതിരിക്കാൻ മറ്റു സ്ഥലങ്ങളിൽ കോവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റുമായി വരുന്നതാണു നല്ലത്. ചെങ്ങന്നൂർ‍, കോട്ടയം, തിരുവല്ല റെയിൽവേ സ്റ്റേഷനുകളിലും പ്രധാന ഇടത്താവളങ്ങളിലും ആർടിപിസിആർ പരിശോധനയ്ക്കുള്ള കിയോസ്കുകൾ ആരോഗ്യ വകുപ്പ് ഒരുക്കുന്നുണ്ട്.  

വെർച്വൽക്യൂ പരിശോധന

ഗണപതിക്കോവിൽ നടപ്പന്തലിൽ പ്രത്യേക കൗണ്ടർ ഒരുക്കിയാണു വെർച്വൽക്യൂ, സ്പോട് ബുക്കിങ് നടത്തിയവരുടെ പരിശോധന. എല്ലാ രേഖകളും അവിടെ കാണിച്ച് സന്നിധാനത്തേക്കു പോകാൻ അനുവാദം വാങ്ങണം.

ഗ്ലാസ് കരുതണം

മലകയറ്റത്തിനിടെ ദാഹിക്കുമ്പോൾ വെള്ളം കുടിക്കാൻ ഗ്ലാസ് കൊണ്ടുവരണം. ചുക്കുവെള്ള വിതരണത്തിനുള്ള ഗ്ലാസുകൾ പലരും ഉപയോഗിക്കുന്നതാണ്. അതിനാൽ കോവിഡ് സാധ്യത കണക്കിലെടുത്താണ് ആരോഗ്യ വകുപ്പിന്റെ  ഈ നിർദേശം. 

മല കയറുമ്പോൾ

കോവിഡ്മുക്തർ പതുക്കെ വേണം മല കയറാൻ. മുന്നിൽ പോയവരുടെ ഒപ്പം എത്താൻ വേഗത്തിൽ മല കയറുന്നത് ഒഴിവാക്കണം. ക്ഷീണം തോന്നുമ്പോൾ ഇരുന്നു വിശ്രമിക്കണം. സ്വാമി അയ്യപ്പൻ റോഡിൽ പമ്പ മുതൽ സന്നിധാനം വരെ 5 സ്ഥലങ്ങളിൽ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് ഉണ്ട്. ആരോഗ്യ വകുപ്പിന്റെ ഡിസ്പൻസറി സൗകര്യം ചരൽമേട്ടിൽ ഉണ്ട്. രക്തസമ്മർദം കൂടുന്നവരും ഹൃദ്രോഗബാധ അനുഭവപ്പെടുന്നവരും അവിടെ പ്രഥമശുശ്രൂഷ തേടണം. 

sabarimala-nilakkal
നിലയ്ക്കൽ

നീലിമല പാത വഴി ആരെയും കടത്തിവിടില്ല

പമ്പയിൽ നിന്നു സന്നിധാനത്തേക്കു നീലിമല പാത വഴി ആരെയും കടത്തിവിടില്ല. മല കയറുന്നതും ഇറങ്ങുന്നതും സ്വാമി അയ്യപ്പൻ റോഡിലൂടെ മാത്രം. അഴുത, കരിമല, കല്ലിടാംകുന്ന് വഴിയുള്ള പരമ്പരാഗത കാനന പാതയിലൂടെ തീർഥാടകരെ കടത്തിവിടില്ല. പുല്ലുമേട് വഴിയും യാത്ര അനുവദിക്കില്ല.

പതിനെട്ടാംപടി  കയറ്റം

പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിലാണു ക്യു നിൽക്കുന്നത്. ഇടിച്ചുനിൽക്കാതെ സ്വയം അകലം പാലിക്കാൻ നോക്കണം.

സന്നിധാനത്തിലെ ഗവ. ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരുടെ  സേവനം ഉണ്ട്.

 

ദർശനം

പടി കയറി കൊടിമരച്ചുവട്ടിൽ നിന്നു നേരെ വലതുവശത്തു കൂടി സോപാനത്തിൽ എത്തുന്ന രീതിയിലാണു ദർശനത്തിനു വിടുക. തിരക്കു കൂടുതലുള്ള സമയത്തു മാത്രം അയ്യപ്പന്മാരെ മേൽപാലത്തിലൂടെ കയറ്റിവിടും. 

ദർശനം കഴിഞ്ഞ്, നേരെ മാളികപ്പുറത്തേക്കു പോകണം. 

 

വിരിവയ്ക്കൽ

രാത്രി സന്നിധാനത്തിൽ വിരിവച്ചു വിശ്രമിക്കാൻ തീർഥാടകരെ അനുവദിക്കില്ല. എന്നാൽ സന്നിധാനത്ത് ഇരുമുടി അഴിച്ച് നെയ്യഭിഷേകത്തിനു തയാറെടുക്കാൻ സമയം ലഭിക്കും. കൂടുതൽ സമയം ഇരുന്നു വിശ്രമിക്കാൻ സമ്മതിക്കില്ല.

 

നിലയ്ക്കൽ   

 

തീർഥാടകർ നിലയ്ക്കൽ അടിസ്ഥാനതാവളത്തിലെ പൊലീസ് കൗണ്ടറിൽ എത്തി വെർച്വൽ ക്യൂ പാസ് കാണിക്കണം. രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തിപമ്പയിലേക്കു പോകാൻ അനുവദിക്കും.

 

English Summary: Sabarimala covid restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com