ADVERTISEMENT

കൊച്ചി∙ മിസ് കേരള മുൻ ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ ഒളിവിൽ പോയ സൈജു എം.തങ്കച്ചനെ നീണ്ട ചോദ്യം ചെയ്യലിനു ശേഷം അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അപകടമുണ്ടായ നവംബർ ഒന്നിനു പുലർച്ചെ ഫോർട്ട്കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ മുതൽ സൈജു കാറിൽ ഇവരെ പിന്തുടർന്നിരുന്നു. സൈജുവിനെ ഭയന്നാണു കാറിന്റെ വേഗം വർധിപ്പിച്ചതെന്നു മോഡലുകളുടെ കാറോടിച്ചിരുന്ന അബ്ദുൽ റഹ്മാൻ മൊഴിയും നൽകി. കാറിലുണ്ടായിരുന്ന 4 പേരിൽ അബ്ദുൽ റഹ്മാൻ മാത്രമാണു പരുക്കുകളോടെ രക്ഷപ്പെട്ടത്.

സൈജുവിനെ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടായാൽ നോട്ടിസ് നൽകി സ്റ്റേഷനിലേക്കു വിളിപ്പിക്കുമെന്ന പൊലീസിന്റെ നിലപാടു രേഖപ്പെടുത്തി സൈജു സമർപ്പിച്ച മുൻകൂർ ജാമ്യഹർജി ഹൈക്കോടതി തീർപ്പാക്കിയിരുന്നു. അഭിഭാഷകർക്ക് ഒപ്പം ഇന്നലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനിൽ ഹാജരായ സൈജുവിനെ 8 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. 

മോഡലുകൾ സഞ്ചരിച്ച കാറിനെ സംഭവദിവസം രാത്രി കുണ്ടന്നൂരിനു സമീപം വഴിയിൽ തടഞ്ഞു നിർത്തി സൈജു സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. അതുവരെ മിതമായ സ്പീഡിൽ സഞ്ചരിച്ചിരുന്ന കാറിന്റെ വേഗം പിന്നീടു വർധിച്ചതായും തുടർന്ന് അപകടമുണ്ടായതായും റോഡരികിലുള്ള നിരീക്ഷണ ക്യാമറകളിൽ നിന്ന് അന്വേഷണ സംഘം ശേഖരിച്ച ദൃശ്യങ്ങളിൽ വ്യക്തമാണ്. സൈജുവിന്റെ ഭീഷണിയെത്തുടർന്നു കാറിന്റെ വേഗം വർധിപ്പിച്ചത് അപകടത്തിനു വഴിയൊരുക്കിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടരുക, അപകടത്തിനു പ്രേരണയാകുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. ഫോർട്ടുകൊച്ചി നമ്പർ 18 ഹോട്ടൽ കേന്ദ്രീകരിച്ചു നടക്കുന്ന രാസലഹരി ഇടപാടിന്റെ മുഖ്യകണ്ണി സൈജുവാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇതു സംബന്ധിച്ച മൊഴികളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടുകൾക്കു വേണ്ടി സൈജു 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന മുംബൈ മലയാളി യുവതിയുടെ പരാതിയും കിട്ടി. സൈജുവിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ചു നർകോട്ടിക് കൺട്രോൾ ബ്യൂറോയും സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗവും വിവരം ശേഖരിക്കുന്നുണ്ട്.

English Summary: Models Death: Saiju Thankachan Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com