ADVERTISEMENT

ന്യൂഡൽഹി ∙ മുല്ലപ്പെരിയാറിലെ ബേബി ഡാം ശക്തിപ്പെടുത്തുന്നതിനായി മരംമുറിക്കാനുള്ള അനുമതി തേടി തമിഴ്നാട് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. മരംമുറിക്കാൻ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് കേരളം റദ്ദാക്കിയ പശ്ചാത്തലത്തിലാണിത്. ഇതു കോടതിയലക്ഷ്യമാണെന്നും തമിഴ്നാട് ചൂണ്ടിക്കാട്ടി. കേരളത്തിന്റെയും തമിഴ്നാടിന്റെയും ഉദ്യോഗസ്ഥ സംഘം ഇക്കഴിഞ്ഞ ജൂണിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് 15 മരങ്ങൾ മുറിച്ചു ഡാം ശക്തിപ്പെടുത്താൻ തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ ഇരു സംസ്ഥാനങ്ങളും നടത്തിയ കത്തിടപാടിന്റെ വിവരങ്ങളും തമിഴ്നാട് ഹാജരാക്കി.

ഡാം ബലപ്പെടുത്താനുള്ള നടപടികൾക്കു കേരളം തടസ്സം നിൽക്കുന്നുവെന്നാണു തമിഴ്നാടിന്റെ ആരോപണം. മേൽനോട്ട സമിതി ആവശ്യപ്പെട്ടിട്ടും കേരളം ഇതിനു തയാറാകുന്നില്ല. കേരളം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ്. സുപ്രീം കോടതിയുടെ 2014 ലെ ഉത്തരവു നടപ്പാക്കാൻ തയാറാകുന്നില്ല. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്തു മഴമാപിനി കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന മേൽനോട്ട സമിതിയുടെ നിർദേശം നടപ്പിലാക്കാൻ കേരളത്തോട് നിർദേശിക്കണം. ഡാം ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പണികൾക്കായി സാധന സാമഗ്രികൾ കൊണ്ടുപോകാൻ, വള്ളക്കടവ് - മുല്ലപ്പെരിയാർ റോഡിന്റെ അറ്റകുറ്റപ്പണി ഉടനടി നടത്താൻ കേരളത്തിനു നിർദേശം നൽകണമെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. 

ഉത്തരവു റദ്ദാക്കിയതു മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നു നേരത്തെ തന്നെ തമിഴ്നാട് കോടതിയെ അറിയിച്ചിരുന്നു. കേരളം ഉത്തരവു റദ്ദാക്കിയതിന്റെ വിവരം അടങ്ങിയ മാധ്യമവാർത്തകളും കോടതിക്കു കൈമാറിയിരുന്നു. കേരള നിയമസഭ പാസാക്കിയ ഡാം സുരക്ഷാ നിയമം ചോദ്യംചെയ്തുള്ള 2006 ലെ കേസിലാണ് തമിഴ്നാടിന്റെ പുതിയ അപേക്ഷ.

English Summary: Mullaperiyar baby dam tree cutting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com