അതിജീവനത്തിന്റെ വഴിയിലൂടെ...

kerala-can-1
മനോരമ ന്യൂസ് ചാനലിന്റെ ‘കേരള കാൻ’‍ ദൗത്യം 6-ാം പതിപ്പിന്റെ സമാപനത്തിൽ തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മാനേജർ ഫാ. സിജോ പന്തപ്പള്ളിലിന് മന്ത്രി വീണാ ജോർജ് അതിജീവന ചിത്രം കൈമാറുന്നു. മനോരമ ന്യൂസ് സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ‌ റോമി മാത്യു, നടി മഞ്ജു വാരിയരുടെ അമ്മ ഗിരിജ മാധവൻ, മഞ്ജു വാരിയർ, ചിത്രകാരൻ ഫ്രാൻസിസ് കോടങ്കണ്ടത്ത് എന്നിവർ സമീപം. ചിത്രം: മനോരമ
SHARE

കൊച്ചി∙അർബുദ ബാധിതർക്കു പ്രത്യാശയുടെ കരുത്തു പകർന്നു മനോരമ ന്യൂസ് ചാനലിന്റെ കേരള കാൻ, കാൻസർ പ്രതിരോധ പരിപാടിയുടെ ആറാം പതിപ്പിനു ലൈവത്തണോടെ കൊടിയിറക്കം. ചലച്ചിത്ര താരം മഞ്ജു വാര്യർ അവതാരകയായി എത്തിയ ലൈവത്തണിൽ അർബുദ ചികിത്സാ രംഗത്തെ പ്രമുഖർക്കൊപ്പം അർബുദത്തെ ആത്മധൈര്യം കൊണ്ടു തോൽപിച്ചവരുടെ നേരനുഭവങ്ങളും പ്രേക്ഷകർക്കു പ്രചോദനമായി. ‘അതിജീവനം നമ്മുടെ തിരഞ്ഞെടുപ്പാണ്’ എന്നതായിരുന്നു ആറാം പതിപ്പിന്റെ ആപ്ത വാക്യം.

മന്ത്രി വീണാ ജോർജ് ലൈവത്തണിൽ മുഖ്യാതിഥിയായി. സംസ്ഥാനത്തു കാൻസർ ഡേറ്റാ റജിസ്ട്രി ഉണ്ടാക്കുമെന്നു മന്ത്രി പറഞ്ഞു. സർക്കാർ കാൻസർ സൗജന്യ ചികിത്സാ പദ്ധതികളിൽ കൂടുതൽ പേരെ ഉൾപ്പെടുത്താൻ ശ്രമിക്കും. അർബുദ മരുന്നുകൾ സംസ്ഥാനത്തു തന്നെ നിർമിക്കാനാകുമോയെന്നു പരിശോധിക്കുന്നുണ്ടെന്നു  മന്ത്രി പറഞ്ഞു.

മഞ്ജു വാര്യർക്കൊപ്പം അമ്മ ഗിരിജാ മാധവനും പങ്കെടുത്തു.  ആത്മവിശ്വാസത്തോടെ അർബുദത്തെ അതിജീവിച്ച കഥ ഗിരിജാ മാധവൻ പങ്കു വച്ചു. തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് അർബുദ ചികിത്സയ്ക്കായി അരക്കോടി രൂപയുടെ  പദ്ധതി നടപ്പാക്കുമെന്നു മാനേജർ ഫാ.സിജോ പന്തപ്പള്ളിൽ പറഞ്ഞു.

കാഴ്ച പരിമിതിക്കിടയിലും ഇരുനൂറിലധികം പുസ്തകങ്ങൾ രചിച്ച പത്മശ്രീ പുരസ്കാര ജേതാവ് ബാലൻ പൂതേരി, ഭാര്യ ശാന്ത കടവത്തിന്റെ ജീവിതം അർബുദം കവർന്നെങ്കിലും അവസാനം വരെ അവർ അതിനോടു പൊരുതിയ കഥയാണു പറഞ്ഞത്. അർബുദ  വാക്സീൻ ഗവേഷണത്തിനു നേതൃത്വം നൽകുന്ന ഡോ.വിവേക് വാധ്വ അതിന്റെ സാധ്യതകളെക്കുറിച്ചു സംസാരിച്ചു. സ്വന്തം ജീവിതം അസമിലെ പാവപ്പെട്ട അർബുദ രോഗികൾക്കായി സമർപ്പിച്ച പത്മശ്രീ ജേതാവ് ഡോ.രവി കണ്ണൻ, ഏഴര മണിക്കൂറിൽ 893 പേർക്കു കോവിഡ് വാക്സീൻ നൽകിയ നഴ്സ് പുഷ്പലത, അർബുദം ബാധിച്ചു പങ്കാളി മരിച്ചിട്ടും ധൈര്യം കൈവിടാതെ പഠിക്കണം എന്ന ആഗ്രഹം സാധിച്ച ആയിഷ, ബിലീവേഴ്സ് മെഡിക്കൽ കോളജ് ക്ലിനിക്കൽ ഹെമറ്റോളജി വിഭാഗം സീനിയർ കൺസൽറ്റന്റ് ഡോ.ചെപ്സി സി.ഫിലിപ്പ് എന്നിവരും ലൈവത്തണിന്റെ ഭാഗമായി. നടൻ സുധീർ, കവയിത്രി ദേവി കുറുപ്പത്ത് എന്നിവർ അർബുദത്തെ അതിജീവിച്ചവരുടെ സാക്ഷ്യമായി.

ഷഹബാസ് അമൻ. പുല്ലാങ്കുഴൽ കലാകാരൻ പവി കൃഷ്ണ, മുംബൈയിൽ നിന്നുള്ള നർത്തകി രാധിക വിശ്വനാഥൻ എന്നിവരും പങ്കെടുത്തു. ലൈവത്തണിന്റെ ഭാഗമായി ഫ്രാൻസിസ് കോടങ്കണ്ടത്ത് വരച്ച അതിജീവനസന്ദേശ ചിത്രം  മന്ത്രി വീണ ജോർജും മനോരമ ന്യൂസ് സീനിയർ കോഓർഡിനേറ്റിങ് എഡിറ്റർ റോമി മാത്യുവും ചേർന്നു  ഫാ.സിജോ പന്തപ്പള്ളിലിനു കൈമാറി.

English Summary: Manorama Kerala Can

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA