ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് അതീവ ദരിദ്രരെ കണ്ടെത്താനുള്ള സർവേയിൽ ഒരു ലക്ഷം കുടുംബങ്ങൾ എങ്കിലും ഉൾപ്പെടുമെന്നു സംസ്ഥാന സർക്കാരിന്റെ നിഗമനം. തദ്ദേശ സ്ഥാപന വാർഡ് അടിസ്ഥാനത്തിൽ നടത്തുന്ന ഈ സർവേ സംബന്ധിച്ചു സർക്കാരിന്റെ വിവിധ തലങ്ങളിൽ നടന്ന ചർച്ചകളിലാണ് ഈ നിഗമനം.

2011ലെ സെൻസസ് പ്രകാരം സംസ്ഥാനത്ത് 78.53 ലക്ഷം കുടുംബങ്ങളുണ്ട്. ഒരു ലക്ഷം കുടുംബങ്ങൾ അതീവ ദരിദ്രർ ആണെന്നു കണ്ടെത്തിയാൽ ആകെ കുടുംബങ്ങളുടെ 1.27% വരും. കേന്ദ്ര സർക്കാരിന്റെ മുൻപുള്ള വിലയിരുത്തൽ പ്രകാരം 7% ആണ് (ഏകദേശം 23.38 ലക്ഷം പേർ) കേരളത്തിലെ ആകെ ദരിദ്രർ. വരുമാനം മാത്രം നോക്കി അതീവ ദരിദ്രരെ കണ്ടെത്തിയാൽ പോരെന്നും ആരോഗ്യവും ജീവിതസാഹചര്യങ്ങളും പരിഗണിക്കണമെന്ന വിലയിരുത്തലിലാണു അതീവ ദാരിദ്ര്യ സർവേ.

ഓരോ കുടുംബത്തിനുമായി മൈക്രോ ആസൂത്രണവും ലക്ഷ്യമിടുന്നു. 2002ൽ വിശപ്പുരഹിത കേരളം ലക്ഷ്യമിട്ട് ആരംഭിച്ച ആശ്രയ പദ്ധതിയിലെ ഗുണഭോക്താക്കളായ 1.54 ലക്ഷം പേരെ സർവേയിൽ ഉൾപ്പെടുത്തില്ല. ആശ്രയ പദ്ധതികളുടെ പരിമിതികൾ മറികടക്കാനാണു പുതിയ സർവേ. ആഹാരമില്ലാത്ത അവസ്ഥ, ഭക്ഷണം പാചകം ചെയ്യാനാകാത്ത സ്ഥിതി, തെരുവിൽ കിടക്കുന്നവർ, നിശ്ചിത വരുമാനം മാത്രമായി ജീവിക്കാൻ പ്രയാസപ്പെടുന്നവർ, ജോലിക്കു പോകാനാകാത്ത അവസ്ഥ, പ്രകൃതിദുരന്ത ഭീഷണിയുള്ള സ്ഥലത്തോ മാലിന്യക്കൂമ്പാരത്തിനു സമീപത്തോ വീട് തുടങ്ങിയ ഘടകങ്ങളാണ് പ്രധാനമായും അതീവ ദരിദ്രരെ കണ്ടെത്താൻ പരിഗണിക്കുക. പട്ടികവിഭാഗം, തീരദേശ മേഖല, നഗര ദരിദ്രർ എന്നീ മാനദണ്ഡങ്ങളും പരിശോധിക്കും.

ഇതിനു പുറമേ എച്ച്ഐവി ബാധിതർ, അനാഥരായ കുട്ടികളെ സംരക്ഷിക്കുന്ന കുടുംബങ്ങൾ, എൽജിബിടി വിഭാഗങ്ങൾ എന്നിവർക്കു പ്രത്യേക പരിഗണനയും നൽകും. ഈ മാനദണ്ഡങ്ങൾ കൂടുതലായി ഉൾപ്പെടുന്നവർ പട്ടികയിൽ ഉൾപ്പെടും. ജനുവരിയോടെ സർവേ പൂർത്തിയാക്കുകയാണു ലക്ഷ്യം.

English Summary: One lakh families May be in extreme poverty survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com