ADVERTISEMENT

കലവൂർ (ആലപ്പുഴ) ∙ മാരാരിക്കുളം തെക്ക് കോർത്തുശേരിയിൽ അമ്മയും 2 ആൺമക്കളും മരിച്ച സംഭവത്തിൽ അമ്മയുടേതും ഇളയ മകന്റേതും ആത്മഹത്യയും മൂത്തമകന്റേതു ശ്വാസംമുട്ടിച്ചതു മൂലമുള്ള മരണവുമെന്ന് പോസ്റ്റ്മോർട്ടിലെ പ്രാഥമിക നിഗമനം. കോർത്തുശേരി പടിഞ്ഞാറ് കുന്നേൽ വീട്ടിൽ പരേതനായ രഞ്ജിത്തിന്റെ ഭാര്യ ആനി (54), മക്കൾ ലെനിൻ (36), സുനിൽ (32) എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മക്കൾ വിഷം ഉള്ളിൽചെന്നും അമ്മ തൂങ്ങിയും മരിച്ചെന്നായിരുന്നു ആദ്യം സംശയിച്ചിരുന്നത്. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് ആനിയെ കണ്ടത്. മക്കൾ അവരുടെ മുറികളിൽ കട്ടിലിൽ മരിച്ചുകിടക്കുകയായിരുന്നു. 

പൊലീസ് നിഗമനം ഇങ്ങനെ: സഹോദരങ്ങൾ തമ്മിൽ സംഘർഷമുണ്ടായപ്പോൾ ബലപ്രയോഗത്തിനിടെ ലെനിൻ ശ്വാസംമുട്ടി മരിച്ചു. ഇതുമൂലമുള്ള മനോവിഷമത്തിൽ സുനിൽ തൂങ്ങിമരിച്ചു. രാവിലെ മക്കളെ മരിച്ച നിലയിൽ കണ്ടതോടെ ആനിയും തൂങ്ങിമരിച്ചു. തൂങ്ങിമരിച്ച സുനിലിനെയും നിലത്തു മരിച്ചുകിടന്ന ലെനിനെയും എടുത്ത് അവരുടെ മുറികളിലെ കട്ടിലിൽ കിടത്തിയ ശേഷമാണ് ആനി ജീവനൊടുക്കിയതെന്നാണു സൂചന. 

പുറത്തുനിന്നുള്ള ആരുടെയും പങ്ക് മരണങ്ങളിൽ ഇല്ലെന്നു വ്യക്തമാണെന്നു മണ്ണഞ്ചേരി സിഐ പി.കെ.മോഹിത് പറഞ്ഞു. പൊലീസ് നായയും വിരലടയാള വിദഗ്ധരും ഫൊറൻസിക് വിദഗ്ധരും നടത്തിയ പരിശോധനയിൽ ഇതു വ്യക്തമാണെന്നും പറഞ്ഞു. വിശദ പരിശോധനകൾക്ക് മൂവരുടെയും അവയവങ്ങളുടെ സാംപിളുകൾ തിരുവനന്തപുരം കെമിക്കൽ ലാബിലേക്കു വിട്ടു. പോസ്റ്റ്മോർട്ടത്തിനുശേഷം രാത്രി ഏഴരയോടെ ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹങ്ങൾ വീട്ടിലെത്തിച്ച ശേഷം സെന്റ് വിൻസെന്റ് പള്ളോട്ടി പള്ളിയിൽ സംസ്കരിച്ചു.

English Summary: Mother and children death investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com