ADVERTISEMENT

പൂഞ്ഞാർ∙ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് കുടുംബക്കോടതി ഉത്തരവ് കൈമാറാനെത്തിയ കോടതിജീവനക്കാരിയെ കേസിൽ ഉൾപ്പെട്ട യുവതിയുടെ പിതാവും സഹോദരനും ചേർന്നു കയ്യേറ്റം ചെയ്തു. പാലാ കുടുംബക്കോടതി ജീവനക്കാരിക്കാണ് മർദനമേറ്റത്. 

തന്നെ കല്ലുകൊണ്ട് ഇടിക്കാൻ ശ്രമിച്ചെന്ന ജീവനക്കാരിയുടെ  പരാതിയിൽ പൂഞ്ഞാർ കിഴക്കേത്തോട്ടം ജയിംസ്, മകൻ നിഹാൽ എന്നിവർക്കെതിരെ ഈരാറ്റുപേട്ട പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പും ചേർത്തതായി പൊലീസ് അറിയിച്ചു. 

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ജയിംസിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ജയിംസിന്റെ മകൾ ഹേമയും ഭർത്താവ് തലയോലപ്പറമ്പ് സ്വദേശി അമലും തമ്മിൽ പാലാ കുടുംബക്കോടതിയിൽ വിവാഹമോചനക്കേസുണ്ട്. ജർമനിയിലായ ഹേമയും അമലും ഈയിടെ നാട്ടിലെത്തിയിരുന്നു. വിവാഹമോചനക്കേസ് നടക്കുന്നതിനിടെ ഹേമ മകൾ ഹെലനുമായി കഴിഞ്ഞ 28ന് ജർമനിയിലേക്കു മടങ്ങി. 

ഇതിനിടെ അമലിന്റെ ഹർജിയിൽ, കുഞ്ഞിനെ കോടതി അറിയാതെ കേരളത്തിനു വെളിയിൽ കൊണ്ടുപോകരുതെന്ന് ഇന്നലെ  കുടുംബക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് കൈമാറാൻ കോടതിജീവനക്കാരിയും അമലും ജയിംസിന്റെ വീട്ടിലെത്തിയപ്പോഴാണ് കയ്യേറ്റശ്രമം. 

അമലിന്റെ വാഹനത്തിലാണ് ഇവർ എത്തിയത്. ജയിംസും നിഹാലും തന്നെ കല്ലുകൊണ്ട് ആക്രമിച്ചെന്നും കഴുത്തിൽ ധരിച്ചിരുന്ന തിരിച്ചറിയൽ കാർഡ് വലിച്ചു പൊട്ടിക്കാൻ ശ്രമിച്ചെന്നും ജീവനക്കാരി മൊഴിനൽകി. 

ജയിംസിനും നിഹാലിനുമെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും വനിതയെ ആക്രമിച്ചതിനും കേസെടുക്കുമെന്നു ഡിവൈഎസ്പി ഷാജു ജോസ് പറഞ്ഞു. 

അതേസമയം, കേസിലെ വാദിയായ അമലിനൊപ്പം വന്നതിനാൽ കോടതി ജീവനക്കാരിയാണെന്നു മനസ്സിലായില്ലെന്നു ജയിംസിന്റെ സഹോദരൻ എബി ലൂക്കോസ് പറഞ്ഞു. അതിനാൽ തിരിച്ചറിയൽ കാർഡിന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് എബി പറഞ്ഞു.

English Summary: Court employee attacked

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com