അട്ടിമറി അടിമുടി; ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വൻ പാകപ്പിഴകൾ

Kripesh, Sarathlal
കൃപേഷ്, ശരത് ലാൽ
SHARE

കാസർകോട് ∙ ഒരു കേസ് എങ്ങനെ വിദഗ്ധമായി അട്ടിമറിക്കാം എന്നതിന്റെ ഉദാഹരണമായിരുന്നു പെരിയ ഇരട്ടക്കൊലക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണം. കേസ് പരിഗണിക്കവേ ഹൈക്കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സിബിഐ പുതുതായി പ്രതിചേർത്ത പേരുകൾ. ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ 14 പേരുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തവരിൽ ഹരിപ്രസാദ്, റെജി വർഗീസ്, രാജേഷ് എന്നിവർ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രത്തിലെ സാക്ഷികളാണ്. 

5–ാം പ്രതി ഗിജിന്റെ ബന്ധു ശാസ്താ മധുവിന്റെ വീട്ടിൽ പ്രതികളുടെ വാഹനം നിർത്തിയിരുന്നു. പ്രതികൾക്കായി മറ്റൊരു വാഹനം കൂടി ഇയാൾ തയാറാക്കിയിരുന്നുവെന്നു സിബിഐ കണ്ടെത്തി. ഇയാൾ വിദേശത്തേക്കു കടക്കാൻ ശ്രമിച്ചെന്നു കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആരോപിച്ചത് ക്രൈംബ്രാഞ്ച് മുഖവിലയ്ക്കെടുത്തിരുന്നില്ല. 

ഹൈക്കോടതിയുടെ സംശയങ്ങൾ: 

1. ആറാം പ്രതിയെ ഫോൺ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് 10–ാം പ്രതിയെ അറസ്റ്റ് ചെയ്യുന്നത്. അതേസമയം, ഒന്നാം പ്രതിയെ വിളിച്ചയാളെ എന്തുകൊണ്ട് പ്രതിയാക്കിയില്ല ?

കുറ്റപത്രത്തിലെ 6–ാം പ്രതി ശ്രീരാഗാണ്. പെരിയ കല്യോട്ട് ഇരട്ടക്കൊലപാതകം നടക്കുന്നതിനു തൊട്ടു മുൻപ് ശ്രീരാഗിന്റെ ഫോണിലേക്കു വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് കണ്ണോത്തെ രഞ്ജിത് 10–ാം പ്രതിയാകുന്നത്. കൊല്ലപ്പെട്ട ശരത് ലാലും കൃപേഷും ബൈക്കിൽ വരുന്ന കാര്യം അറിയിക്കാനായിരുന്നു ഇത്. ഇതേസമയം ഒന്നാം പ്രതി പീതാംബരനെ ഫോണിൽ ബന്ധപ്പെട്ട സുരേന്ദ്രനിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം എത്തിയതേയില്ല. സിബിഐ അന്വേഷണത്തിൽ സുരേന്ദ്രൻ പ്രതിയായി. 

2. ഗൂഢാലോചനാ കേന്ദ്രം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫിസ് എന്നത് ബസ് കാത്തിരിപ്പ് കേന്ദ്രമായി മാറിയതെങ്ങനെ ? 

പൊലീസ് കേസ് ഡയറിയിൽ കൊലപാതക ഗൂഢാലോചന നടത്തിയത് സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് ഓഫിസിലാണെന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഇത് ബസ് വെയിറ്റിങ് ഷെഡ് എന്നായി. സിപിഎം ബ്രാഞ്ച് ഓഫിസിന്റെ ചുമതലയുണ്ടായിരുന്ന രാജേഷ് ക്രൈംബ്രാഞ്ചിന്റെ സാക്ഷി മാത്രമായിരുന്നു. സിബിഐ ഇയാളെ അറസ്റ്റ് ചെയ്തു. 

3. ആക്രമിക്കാൻ ആയുധം നൽകിയ റെജി വർഗീസ് സാക്ഷി മാത്രമായതെങ്ങനെ?

ബൈക്കിൽ വരുന്ന ശരത് ലാലിനെയും കൃപേഷിനെയും അടിച്ചു വീഴ്ത്താൻ ഇരുമ്പ് പൈപ്പ് നൽകിയതു റെജി വർഗീസാണ്. പക്ഷേ, ഇയാളെ ക്രൈംബ്രാഞ്ച് സാക്ഷി മാത്രമാക്കി. ആയുധം നൽകുമ്പോൾ കൊല നടക്കുമെന്ന സൂചന ഇയാൾക്കുണ്ടായിരുന്നു എന്ന് അന്വേഷണത്തിൽ സിബിഐ കണ്ടെത്തി. 

English Summary: Crime branch sabotaged periya murder case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA