ADVERTISEMENT

കൊച്ചി ∙ മോൻസൻ കേസിൽ ക്രൈംബ്രാഞ്ച് മേധാവിയുടെ സത്യവാങ്മൂലം കോടതിയെ അപഹസിക്കുന്നതാണെന്നും കേസ് എങ്ങനെ തീർപ്പാക്കണമെന്നു കോടതിയോട് ആജ്ഞാപിക്കാൻ ശ്രമിക്കരുതെന്നും ഹൈക്കോടതി. മോൻസനെതിരെ മൊഴി നൽകിയതിന്റെ പേരിൽ പൊലീസ് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് മുൻ ഡ്രൈവർ ഇ.വി.അജിത്ത് നൽകിയ ഹർജി തീർപ്പാക്കണമെന്ന സർക്കാരിന്റെ ഉപഹർജി കോടതി തള്ളി. കണ്ണും കാതും മൂടിക്കെട്ടി കോടതി മിണ്ടാതെ ഇരിക്കണമെന്നാണോ പറയുന്നതെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. 

പൊലീസിന്റെ ഭാഗത്തു നിന്ന് ഉപദ്രവം ഉണ്ടാവില്ലെന്നും നോട്ടിസ് നൽകാതെ നടപടിയെടുക്കില്ലെന്നും അറിയിച്ചതു രേഖപ്പെടുത്തി ഹർജി തീർപ്പാക്കണമെന്നായിരുന്നു ഉപഹർജി. അതിനൊപ്പം എഡിജിപി എസ്. ശ്രീജിത്ത് നൽകിയ സത്യവാങ്മൂലമാണു കോടതിയെ ചൊടിപ്പിച്ചത്. ഹർജി തീർപ്പാക്കാനുള്ള ഉപഹർജി എങ്ങനെ നിലനിൽക്കുമെന്നു കോടതി ചോദിച്ചു. ‘കക്ഷികളുടെ വാദം പൂർത്തിയാകാതെ കേസ് തീർപ്പാക്കാനാകുമോ, ഇഡിക്കു പറയാനുള്ളത് കേൾക്കണ്ടേ’ എന്നു കോടതി ചോദിച്ചു. 

സത്യം കണ്ടെത്താൻ ശ്രമിക്കുന്നതിനു പകരം കോടതിയെ തടസ്സപ്പെടുത്തുകയല്ല വേണ്ടത്. നീതിനിർവഹണത്തിൽ ഇടപെട്ടു കോടതിയെ പേടിപ്പിക്കാനാണു നോക്കുന്നത്. ഈ ഉപഹർജി നൽകിയതിനു പിഴ ചുമത്തേണ്ടതാണെങ്കിലും അതിനു മുതിരുന്നില്ലെന്നു കോടതി പറഞ്ഞു.

മോൻസൻ ബന്ധം: ചേർത്തല മുൻ സിഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം∙ മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയ ചേർത്തല മുൻ സിഐ ശ്രീകുമാറിനെ സസ്പെൻഡ് ചെയ്തു. ബന്ധം തെളിയിക്കുന്ന സിഐയുടെ ശബ്ദരേഖ പുറത്തു വന്നിരുന്നു. തുടർന്നു മോൻസനുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെക്കുറിച്ചു പൊലീസ് അന്വേഷണം നടത്തി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്, ഇപ്പോൾ പാലക്കാടു ക്രൈംബ്രാഞ്ചിൽ ജോലി ചെയ്യുന്ന ശ്രീകുമാറിനെ ക്രൈംബ്രാഞ്ച് മേധാവി സസ്പെൻഡ് ചെയ്തത്. 

English Summary: High Court against Government on Monson Mavunkal Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com