ADVERTISEMENT

തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റാണു കോടിയേരിയെ വീണ്ടും ചുമതല ഏൽപിച്ചത്. സെക്രട്ടറിയുടെ താൽക്കാലിക ചുമതല വഹിച്ചിരുന്ന എ.വിജയരാഘവൻ ഇതോടെ ഒഴിഞ്ഞു. 2020 നവംബർ 13 ന് കോടിയേരി സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയിൽ പ്രവേശിക്കുകയായിരുന്നു.

ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവധി എടുത്തതെങ്കിലും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത് ആ തീരുമാനത്തെ സ്വാധീനിച്ചിരുന്നു. ബിനീഷിനു ജാമ്യം കിട്ടി വൈകാതെയാണ് അദ്ദേഹം തിരിച്ചെത്തുന്നതും. ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞതു തിരിച്ചുവരവ് സുഗമമാക്കി. ചികിത്സാർഥമുള്ള അവധിയിൽനിന്നു തന്നെ ഒഴിവാക്കാൻ സെക്രട്ടേറിയറ്റ് തീരുമാനിച്ചെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ കോടിയേരിയുടെ പ്രതികരണം.

10 ന് സിപിഎമ്മിന്റെ ജില്ലാ സമ്മേളനങ്ങൾ ആരംഭിക്കുന്ന സാഹചര്യത്തിൽ സ്ഥിരം സെക്രട്ടറിയായുള്ള കോടിയേരിയുടെ തിരിച്ചുവരവ് ഇനിയും നീട്ടേണ്ടതില്ലെന്നു സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. മാർച്ചിൽ എറണാകുളത്തു നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്കു മൂന്നാം തവണയും തിരഞ്ഞെടുക്കാനുള്ള വഴിയൊരുക്കൽ കൂടിയായി തിരിച്ചുവരവിനെ കാണുന്നവരുണ്ട്.

സാങ്കേതികമായി അവധി ആയിരുന്നെങ്കിലും പാർട്ടിയുടെ നിർണായക തീരുമാനങ്ങളുടെ മുഖ്യകണ്ണിയായി കോടിയേരി തുടർന്നിരുന്നു. ഘടകകക്ഷികളുമായുള്ള ചർച്ചകളി‍ൽ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തിരുന്നതും കോടിയേരി തന്നെയാണ്. പാർട്ടിയെയും സർക്കാരിനെയും കൂട്ടിയണക്കുന്ന പാലമായും അദ്ദേഹം തുടർന്നിരുന്നു. പാർട്ടിയും ഇടതു കേന്ദ്രങ്ങളും പ്രതീക്ഷിച്ചിരുന്ന മടങ്ങിവരവാണ് ഇന്നലെ ഉണ്ടായത്. ഇരട്ടപ്പദവി വഹിച്ചിരുന്ന വിജയരാഘവൻ എൽഡിഎഫ് കൺവീനർ സ്ഥാനത്തു തുടരും.

ഇനി ഉറച്ചിരിക്കാം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു തിരിച്ചെത്തിയ കോടിയേരി ബാലകൃഷ്ണൻ പാർട്ടി ആസ്ഥാനമായ തിരുവനന്തപുരം എകെജി സെന്ററിലെ പത്രസമ്മേളനത്തിനായി എത്തിയപ്പോൾ. ചിത്രം: മനോരമ
ഇനി ഉറച്ചിരിക്കാം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു തിരിച്ചെത്തിയ കോടിയേരി ബാലകൃഷ്ണൻ പാർട്ടി ആസ്ഥാനമായ തിരുവനന്തപുരം എകെജി സെന്ററിലെ പത്രസമ്മേളനത്തിനായി എത്തിയപ്പോൾ. ചിത്രം: മനോരമ

English Summary: Kodiyeri Balakrishnan returns as CPM State secretary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com