ADVERTISEMENT

തിരുവനന്തപുരം ∙ രോഗവും മകൻ ബിനീഷിന്റെ അറസ്റ്റും പോലെ അപ്രതീക്ഷിതമല്ല സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരി ബാലകൃഷ്ണന്റെ മടങ്ങിവരവ്. കോടിയേരി ആരോഗ്യം വീണ്ടെടുത്തു വന്ന സമയത്തു ബിനീഷിന് ജാമ്യം കൂടി കിട്ടിയതോടെ ഏതു സമയത്തും അദ്ദേഹം തിരിച്ചുവരുമെന്നു പാർട്ടി കേന്ദ്രങ്ങൾ ഉറപ്പിച്ചിരുന്നു.

ഒന്നര മാസം മുൻപ് ബിനീഷിനു ജാമ്യം കിട്ടിയപ്പോൾ തന്നെ കോടിയേരിയുടെ തിരിച്ചുവരവ് മാധ്യമങ്ങൾ പ്രവചിച്ചു. പാർട്ടി കേന്ദ്രങ്ങളിലും ധാരണയായി. എന്നാൽ മാധ്യമങ്ങൾ പ്രവചിക്കുന്ന ഘട്ടത്തിൽ തന്നെ പാർട്ടി തീരുമാനമെടുക്കേണ്ടെന്ന് ഉന്നത നേതൃത്വം നിശ്ചയിച്ചതോടെയാണ് അത് അൽപം നീണ്ടുപോയത്.

വി.എസ്.അച്യുതാനന്ദൻ സമ്മേളന വേദി ബഹിഷ്കരിച്ച ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയനു പകരം കോടിയേരി ബാലകൃഷ്ണൻ സിപിഎമ്മിന്റെ അമരത്തേക്കു വരുന്നത്. കഴിഞ്ഞ തൃശൂർ‍ സമ്മേളനം അദ്ദേഹത്തെ രണ്ടാമതും സെക്രട്ടറിയാക്കി. ആരോഗ്യനില ഭദ്രമായി തുടർന്നാൽ കൊച്ചിയിൽ മാർച്ചിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ മൂന്നാം ഊഴവും അദ്ദേഹത്തെ തേടിയെത്താം. പാർട്ടി ഭരണഘടന പ്രകാരം സെക്രട്ടറി സ്ഥാനത്തു 3 തവണ വരെയാണ് തുടരാവുന്നത്. ജില്ലാ സമ്മേളനങ്ങൾ ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ കോടിയേരി സെക്രട്ടറിയായതോടെ പാർട്ടിയുടെ നിയന്ത്രണം നിർണായകഘട്ടത്തിൽ അദ്ദേഹം വീണ്ടും കയ്യാളുകയാണ്. വ്യക്തിപരമായ വലിയ പ്രതിസന്ധികളെ മറികടന്നുള്ള അതിജീവനമായി കൂടി കോടിയേരിയുടെ ഈ തിരിച്ചു വരവിനെ കാണാം.

സെക്രട്ടറി സ്ഥാനത്തുനിന്ന് അവധിയിൽ പ്രവേശിച്ചെങ്കിലും പാർട്ടി നേതൃത്വത്തിലെ മുഖ്യ കണ്ണിയായിരുന്നു ഇക്കാലയളവിൽ കോടിയേരി. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ പാർട്ടി സംഘടനാ രംഗത്ത് കോടിയേരിക്കുള്ള ആധികാരികത മറ്റാർക്കും അവകാശപ്പെടാൻ കഴിയില്ല. 

അതുകൊണ്ടു തന്നെ നിർണായക തീരുമാനങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കയ്യൊപ്പ് പതി‍ഞ്ഞു. പാർട്ടി നേതാക്കളും എൽഡിഎഫ് നേതാക്കളും പരാതികൾ ബോധിപ്പിക്കാൻ കണ്ടിരുന്നതും കോടിയേരിയെ തന്നെയാണ്. മക്കൾ ഉൾപ്പെട്ട 2 വൻ വിവാദങ്ങൾ വേട്ടയാടിയെങ്കിലും സ്വീകാര്യമായ പ്രവർത്തനശൈലിയാണ് അതെല്ലാം മറികടക്കാൻ കോടിയേരിക്ക് തുണയായത്. തിരിച്ചുവരവ് സംബന്ധിച്ച തീരുമാനവും ഒരു പരിധി വരെ കോടിയേരിക്കു വിടുകയാണ് സിപിഎം ചെയ്തത്.

കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പു കാലത്ത് മുന്നണിയുമായി ബന്ധപ്പെട്ട ചർച്ചകളെല്ലാം നയിച്ചത് കോടിയേരി തന്നെയായിരുന്നു. തിരുവനന്തപുരത്തിനു പുറത്തേക്കുള്ള യാത്ര മാത്രം ഉപേക്ഷിച്ചു. തിരിച്ചുവരവു സംബന്ധിച്ചു പല തവണ മാധ്യമങ്ങൾ ചോദിച്ചെങ്കിലും അതെല്ലാം പാർട്ടിക്കു വിട്ടെന്നു പറഞ്ഞ കോടിയേരി വീണ്ടും പാർട്ടിയുടെ മുഖമായി ഇന്നലെ എകെജി സെന്ററിൽ അതേ മാധ്യമങ്ങൾക്കു മുന്നിലെത്തി.

Content Highlight: Kodiyeri Balakrishnan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com