ADVERTISEMENT

ആലുവ∙ ഗാർഹിക പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാർഥിനി മോഫിയ പർവീണിന് സ്ത്രീധത്തിന്റെ പേരിൽ ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ ക്രൂര പീഡനങ്ങൾ സഹിക്കേണ്ടി വന്നതിന്റെ കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. പ്രതിയും മോഫിയയുടെ ഭർത്താവുമായ സുഹൈലിന്റെ പക്കൽ നിന്നു പിടിച്ചെടുത്ത മൊബൈൽ ഫോണിൽ മോഫിയ ഭർത്താവിന് അയച്ച ഒട്ടേറെ ശബ്ദ സന്ദേശങ്ങളുണ്ട്. മോഫിയയുടെ ആത്മഹത്യാ കുറിപ്പിലും ശക്തമായ വാചകങ്ങളാണ് ഇവയിൽ പലതിലുമുള്ളത്.

‘സഹിക്കാനാവാത്ത പീഡനം മൂലം ഒരു നിമിഷം പോലും ജീവിച്ചിരിക്കാൻ താൽപര്യമില്ലെ’ന്നു പല ഘട്ടത്തിലും മോഫിയ ഭർത്താവിനോടു കരഞ്ഞു പറയുന്നുണ്ട്. എന്നാൽ, എല്ലാം മൂളിക്കേട്ടതല്ലാതെ സുഹൈൽ മറുപടി നൽകുന്നില്ല. കോടതിയുടെ അനുമതിയോടെ ഫോൺ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. വിവാഹം കഴിഞ്ഞ് അധികം വൈകാതെ മോഫിയയെ ഒഴിവാക്കി വേറെ കല്യാണം കഴിക്കാൻ സുഹൈലും മാതാപിതാക്കളും നീക്കം നടത്തിയതിനും ഡിവൈഎസ്പി വി. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചു. 

പീഡനം കടുത്തതോടെ എടയപ്പുറത്തെ സ്വന്തം വീട്ടിലേക്കു മോഫിയ താമസം മാറിയിരുന്നു. തുടർന്നു പ്രശ്നങ്ങൾ സംസാരിച്ചു തീർപ്പാക്കി വീണ്ടും യോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ ടൗൺ ജുമാ മസ്ജിദ് കമ്മിറ്റിക്കു സുഹൈൽ കത്തു നൽകി. അതനുസരിച്ചു കമ്മിറ്റി ഇരുകൂട്ടരെയും വിളിപ്പിച്ചു. ഭർത്താവിനൊപ്പം പോകാൻ മോഫിയ തയാറായെങ്കിലും സുഹൈൽ അനുരഞ്ജന ചർച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. 

മോഫിയ പിന്നാലെചെന്ന് കാലുപിടിച്ചിട്ടും ഫലമുണ്ടായില്ലെന്നു ദൃക്സാക്ഷികൾ പൊലീസിനു മൊഴി നൽകി. പള്ളിക്കമ്മിറ്റിക്കു കത്തു നൽകിയതു പിന്നീടു സ്വയം ന്യായീകരിക്കാനുള്ള പ്രതിയുടെ തന്ത്രമായിരുന്നു എന്നാണു പൊലീസ് നിഗമനം. ഡോക്ടറിൽ കുറഞ്ഞ ഒരാളെ മകൻ വിവാഹം ചെയ്തതിൽ ദേഷ്യം പ്രകടിപ്പിച്ചാണു സുഹൈലിന്റെ മാതാപിതാക്കൾ മോഫിയയെ നിരന്തരം പീഡിപ്പിച്ചിരുന്നതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

പ്രതികളായ ഭർത്താവ് സുഹൈൽ, ഭർതൃപിതാവ് യൂസഫ്, ഭർതൃമാതാവ് റൂഖിയ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു ജില്ലാ സെഷൻസ് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. പൊലീസിന്റെ കേസ് ഡയറി എത്തിയിട്ടില്ലെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണിത്. കസ്റ്റഡി കാലാവധി തീർന്നതിനെ തുടർന്നു പ്രതികളെ ക്രൈംബ്രാഞ്ച് വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.

English Summary: Mofiya Parveen suicide case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com