മുന്നറിയിപ്പില്ലാതെ രാത്രി ഷട്ടറുകൾ തുറന്നു; വീടുകളിൽ വെള്ളം കയറി

1248-mullaperiyar
മുല്ലപ്പെരിയാർ ഡാം
SHARE

തൊടുപുഴ ∙ മുന്നറിയിപ്പില്ലാതെ അർധരാത്രിക്കു ശേഷം മുല്ലപ്പെരിയാറിലെ 10 ഷട്ടറുകൾ തമിഴ്നാട്  ഉയർത്തി. സെക്കൻഡിൽ 8017 ഘനയടി വെള്ളം ഇരച്ചെത്തിയതോടെ പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറി. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെയാണ് 8 ഷട്ടറുകൾ തുറന്ന് 6413 ഘനയടി വെള്ളം പുറത്തേക്കു വിട്ടത്. നാലിന്, 10 ഷട്ടറും തുറന്ന് പുറത്തേക്കുവിടുന്ന വെള്ളത്തിന്റെ അളവ് 8,017 ഘനയടിയായി ഉയർത്തി. ഇതോടെ പെരിയാറ്റിൽ ഏഴടിയോളം വെള്ളം ഉയർന്നു.

വള്ളക്കടവ് മുതലുള്ള പെരിയാർ തീരങ്ങളിൽ വെള്ളം കയറി. കറുപ്പുപാലം, ഇഞ്ചിക്കാട്, വികാസ് നഗർ, എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി. ചിലർ ബന്ധുവീടുകളിലേക്കു മാറി. പുലർച്ചെ 5.30നാണ് ‘അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു, ജാഗ്രത പാലിക്കണം’ എന്ന അഭ്യർഥനയുമായി അനൗൺസ്മെന്റ് വാഹനം എത്തിയത്. കഴിഞ്ഞ 30നും മതിയായ മുന്നറിയിപ്പുകൾ നൽകാതെ രാത്രി സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് തുറന്നുവിട്ടിരുന്നു. ഇന്നലെ രാവിലെ മഴ കുറഞ്ഞതോടെ തമിഴ്നാട് ഷട്ടർ അടച്ചു. ഇതോടെ പെരിയാറിലെ വെള്ളം ഇറങ്ങി. 

 കഴിഞ്ഞ വർഷങ്ങളിൽ മുന്നറിയിപ്പില്ലാതെ തമിഴ്നാട് ഷട്ടറുകൾ തുറന്നുവിട്ടിരുന്നു. ഇതിനു ശേഷം ഷട്ടർ തുറക്കുന്നതിനു 12 മണിക്കൂർ മുൻപു മുന്നറിയിപ്പു നൽകുമെന്നും രാത്രി തുറക്കില്ലെന്നും തമിഴ്നാടും കേരളവും തമ്മിൽ വാക്കാൽ ധാരണയുണ്ടാക്കിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ദിവസങ്ങളോളം നിലനിർത്തി അണക്കെട്ട് അപകടാവസ്ഥയിലല്ലെന്നു സ്ഥാപിക്കാനുള്ള ശ്രമത്തിലാണു തമിഴ്നാട്. ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് 152 അടിയാക്കാൻ കഴിയുമെന്ന് സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുകയാണ് തമിഴ്നാടിന്റെ ലക്ഷ്യം. 

 മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് വണ്ടിപ്പെരിയാറിലും വള്ളക്കടവിലും ജനങ്ങൾ പ്രതിഷേധവുമായി റോഡിലിറങ്ങി. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനു മുന്നിൽ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ഉപരോധ സമരം നടന്നു. കക്കിക്കവലയിൽ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു.  ഇന്നലെ രാവിലെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറഞ്ഞതോടെ ഷട്ടറുകൾ അടച്ചെങ്കിലും വൈകിട്ട് 6.30 ന് 10 ഷട്ടറുകളും വീണ്ടും തുറന്നു. 8017.40 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്.

ജലനിരപ്പ് 142 അടിയി‍ൽ തുടരുകയാണ്. പെരിയാറിന്റെ തീരത്തു താമസിക്കുന്നവരോടു സുരക്ഷിതമായ കേന്ദ്രങ്ങളിലേക്കു മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. രാത്രി 8.30 ഓടെ 5 ഷട്ടറുകൾ അടച്ചു. 60 സെന്റിമീറ്റർ വീതം തുറന്നിരിക്കുന്ന ബാക്കി 5 ഷട്ടറുകളിലൂടെ 3988 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ഷട്ടറുകൾ പകൽ തുറക്കണം; സ്റ്റാലിനോട് പിണറായി

തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടറുകൾ പകൽ സമയത്തു മതിയായ മുന്നറിയിപ്പ് നൽകിയ ശേഷമേ  തുറക്കാവൂ എന്ന് അഭ്യർഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനു മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതി.

ഡാമിനു താഴെ താമസിക്കുന്നവരുടെ ആശങ്ക പരിഹരിക്കുന്നതിനായി ഇക്കാര്യത്തിൽ സ്റ്റാലിൻ ഇടപെടണമെന്നും നിർദേശം നൽകണമെന്നും പിണറായി  ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ ഡാമിൽ നിന്നു രാത്രിയിലും നേരം പുലരും മുൻപും വെള്ളം തുറന്നു വിടുന്നത് താഴെയുള്ള വണ്ടിപ്പെരിയാർ പോലുള്ള സ്ഥലങ്ങളിൽ വെള്ളപ്പൊക്കത്തിനു കാരണമാകുന്നു. ഇക്കാര്യത്തിലുള്ള ജനങ്ങളുടെ ആശങ്ക കഴിഞ്ഞ 30നു ചീഫ് സെക്രട്ടറി, തമിഴ്നാട് ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. 

കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് തമിഴ്നാടിന് ആവശ്യത്തിനു വെള്ളം ലഭിക്കണം എന്നാണ് കേരളത്തിന്റെ അഭിപ്രായം. കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ നേരിടാൻ തമിഴ്നാടും കേരളവും ഒന്നിച്ചു പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

English Summary: Mullaperiyar dam, updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA