ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിലെ റോഡ് നന്നാക്കാത്തതിനു തടസ്സം മഴയാണെങ്കിൽ, ചിറാപ്പുഞ്ചിയിൽ റോഡ് ഉണ്ടാകില്ലെന്ന വിമർശനവുമായി നടൻ ജയസൂര്യ. റോഡ് നിർമിച്ച ശേഷം കരാറുകാരൻ പരിപാലിക്കേണ്ട കാലാവധി (ഡിഫക്ട് ലയബിലിറ്റി പീരിയഡ്), കരാറുകാരന്റെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെയും പേരും നമ്പറും സഹിതം പ്രദർശിപ്പിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിലായിരുന്നു ജയസൂര്യയുടെ വിമർശനം. മന്ത്രിയും ജയസൂര്യയും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.

പരാമർശം വിവാദമായതിനു പിന്നാലെ, ചിറാപ്പുഞ്ചിയിൽ 10,000 കിലോമീറ്റർ റോഡ് മാത്രമേയുള്ളൂവെന്ന മറുപടിയുമായി മന്ത്രി രംഗത്തെത്തി. തുടർന്ന്, മന്ത്രിയുടെ അനുവാദത്തോടെയാണു പരിപാടിയിൽ വിമർശനമുന്നയിച്ചതെന്നു ഫെയ്സ്ബുക്കിൽ വിശദീകരിച്ചു ജയസൂര്യ വിവാദം മയപ്പെടുത്തി.

നിവൃത്തികെട്ടു താൻ റോഡിൽ കുഴിയടയ്ക്കാൻ ഇറങ്ങിയ പഴയ കാര്യം ഓർമിപ്പിച്ചുകൊണ്ട്, അതു തന്നെയാണ് ഇപ്പോഴും കേരളത്തിലെ റോഡുകളുടെ അവസ്ഥയെന്നു ജയസൂര്യ പറഞ്ഞു: ‘‘നല്ല റോഡിലൂടെ സഞ്ചരിക്കുകയെന്നതു പൗരന്റെ അപേക്ഷയോ ആഗ്രഹമോ അല്ല. അവകാശമാണ്. അവർക്കു റോഡിൽ കിട്ടേണ്ട സൗകര്യം കിട്ടിയേ തീരൂ. അതു ചെയ്യാത്തതിന് എന്തു കാരണം പറ‍ഞ്ഞിട്ടും കാര്യമില്ല. പുലിവാൽ കല്യാണം സിനിമയിൽ ദുർഗന്ധം ശ്വസിച്ച് ഉറക്കത്തിൽനിന്നുണർന്ന സലിം കുമാറിന്റെ കഥാപാത്രം ‘ഓ കൊച്ചിയെത്തി’ എന്നൊരു ഡയലോഗ് പറയുന്നുണ്ട്. 

വാഹനവുമായി മോശം റോഡിലേക്കു പ്രവേശിക്കുമ്പോൾ, ‘ഓ കേരളമെത്തി’ എന്നു പറയേണ്ട സ്ഥിതിയാണുള്ളത്.’’ ഊർജസ്വലനായ മന്ത്രിയുടെ നേതൃത്വത്തിൽ റോഡുകൾ നന്നാകുമെന്ന പ്രതീക്ഷയും താരം പങ്കുവച്ചു.

പിന്നീടു കണ്ണൂർ മട്ടന്നൂരിൽ മന്ത്രി റിയാസ് ഇങ്ങനെ പ്രതികരിച്ചു: ‘ചിറാപ്പുഞ്ചിയിൽ 10000 കിലോമീറ്റർ റോഡും, കേരളത്തിൽ 3.5 ലക്ഷം കിലോമീറ്റർ റോഡുമാണുള്ളത്. ഈ പ്രതികൂല കാലാവസ്ഥയിലും കേരളത്തിൽ ബഹുഭൂരിപക്ഷം റോഡിനും ഒരു കേടും പറ്റിയിട്ടില്ല. റോഡ് അറ്റകുറ്റപ്പണിക്കു മഴ പ്രശ്നം തന്നെയാണ്.’

ഇതിനു പിന്നാലെയാണ്, ഉള്ളിൽ തോന്നുന്നതു പറഞ്ഞോട്ടെ എന്നു മന്ത്രിയോടു അനുമതി വാങ്ങിയ ശേഷമാണു പ്രസംഗത്തിലെ പരാമർശങ്ങൾ താൻ നടത്തിയതെന്നു ജയസൂര്യ ഫെയ്സ്ബുക്കിൽ എഴുതിയത്.

English Summary: Actor Jayasurya on Road damages

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com