ADVERTISEMENT

കാഞ്ഞിരമറ്റം ∙‘പടച്ചോൻ ആണ് എനിക്കു യൂസഫലി സാറിനെ കാണിച്ചു തന്നത്’ ഇടറിയ ശബ്ദത്തോടെ വിതുമ്പിയ ആമിനയെ ഭർത്താവ് സെയ്ത് മുഹമ്മദ് ചേർത്തു പിടിച്ചു. ബാങ്ക് ജപ്തി നോട്ടിസ് നൽകിയ കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ദമ്പതികൾ. 

6 വർഷം മുൻപ് ഇളയ മകളുടെ വിവാഹം നടത്താനാണ് ഇവർ വീടിരുന്ന 9 സെന്റ് ഈടു വച്ചു കീച്ചേരി സഹകരണ ബാങ്കിൽ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്തത്. തുച്ഛമായ വരുമാനത്തിൽ നിന്നു മിച്ചം പിടിച്ചു വായ്പ തിരിച്ചടയ്ക്കാൻ ശ്രമിച്ചെങ്കിലും സെയ്ത് മുഹമ്മദ് അസുഖബാധിതനായതോടെ എല്ലാം മുടങ്ങി. ഇതോടെ പലിശയും കൂട്ടുപലിശയുമായി തിരിച്ചടയ്ക്കാനാകാത്ത വിധം വായ്പത്തുക വർധിച്ചു. തിരിച്ചടവു മുടങ്ങി ബാങ്കിൽ നിന്നു ജപ്തി നോട്ടിസ് ലഭിച്ചതോടെ കുടുംബം പ്രതിസന്ധിയിലായി. ജീവിതം ചോദ്യചിഹ്നമായി നിന്നപ്പോഴാണ് ആമിനയ്ക്കു ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ കാണാൻ അവസരം ലഭിച്ചത്.

സെയ്ത് മുഹമ്മദിന്റെ ചികിത്സയ്ക്കായി ലേക‍്ഷോർ ആശുപത്രിയിൽ പോകാനായി നെട്ടൂരിലെ മൂത്ത മകളുടെ വീട്ടിലെത്തിയതാണ് ഇരുവരും. ഹെലികോപ്റ്റർ അപകടം  ഉണ്ടായപ്പോൾ തന്നെ സഹായിച്ചവരെ കാണാൻ ഞായറാഴ്ച എം.എ. യൂസഫലി എത്തിയതറിഞ്ഞാണ് മകളുടെ വീട്ടിൽ നിന്ന് ആമിന അവിടേക്ക് ചെന്നത്. മടങ്ങിപ്പോകാനായി കാറിലേക്കു കയറുമ്പോഴാണ് ആമിന തന്റെ വിഷമം യൂസഫലിയെ അറിയിച്ചത്. വിവരങ്ങൾ ചോദിച്ചറിഞ്ഞ അദ്ദേഹം ജപ്തി ചെയ്യില്ലെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പു നൽകി. 

ഇന്നലെ തന്നെ ലുലു ഗ്രൂപ്പ് അധികൃതർ കീച്ചേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പലിശ അടക്കം 3,81,160 രൂപ അടച്ചു വായ്പ തീർത്തു. ശേഷം ആമിനയുടെ വീട്ടിലെത്തിയ അധികൃതർ 50,000 രൂപയും ബാങ്കിൽ പണം അടച്ചതിന്റെ രസീതും കൈമാറി. 

English Summary: Amina and family gets back property with help of MA Yusuf Ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com