ADVERTISEMENT

മൂവാറ്റുപുഴ∙ അഴിമതി നിരോധന നിയമപ്രകാരം സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത 12 കേസുകളുടെ റിപ്പോർട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതി ജീവനക്കാരന്റെ പക്കൽ നിന്നു ‘നഷ്ടപ്പെട്ട’ കേസിൽ അന്വേഷണ സംഘം കോടതി ജീവനക്കാരുടെ മൊഴിയെടുത്തു. ഫയലുകൾ നഷ്ടപ്പെടുത്തിയ മൂവാറ്റുപുഴ കോടതിയിലെ ക്ലാസ് ഫോർ ജീവനക്കാരനായ നേര്യമംഗലം സ്വദേശി മുരുകനെ (30) ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ അധിക ചുമതല വഹിക്കുന്ന തൃശൂർ വിജിലൻസ് കോടതി ജഡ്ജിയെ കാണിക്കുന്നതിനായാണു മുരുകൻ ഫയലുകളുമായി പുറപ്പെട്ടത്. തൃശൂർ കോടതിയിലെത്തി ഫയലുകൾ ജഡ്ജിയെ കാണിച്ചു ബോധ്യപ്പെടുത്തിയ ശേഷം തിരികെ ചാലക്കുടി എത്തും വരെ ഫയലുകൾ സൂക്ഷിച്ചിരുന്ന ബാഗ് മുരുകന്റെ പക്കൽ ഉണ്ടായിരുന്നതായി നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച പൊലീസിനു ബോധ്യപ്പെട്ടിട്ടുണ്ട്. 

ചാലക്കുടിയിൽ നിന്നു ഫയലുകൾ അടങ്ങുന്ന ബാഗുമായി മുരുകൻ മൂവാറ്റുപുഴയ്ക്കുള്ള ബസിൽ കയറുന്നതു വരെ രംഗങ്ങൾ വളരെ സ്വാഭാവികമാണ്. എന്നാൽ ബസിൽ കയറിയ മുരുകൻ വളരെ വേഗത്തിൽ തിരിച്ചു പുറത്തിറങ്ങി ചുറ്റും നോക്കുന്നുണ്ട്. പിന്നീടു മദ്യപിച്ചു ലക്കുകെട്ട് ഉറങ്ങിപ്പോയെന്നാണു മുരുകന്റെ മൊഴി. 

മൂവാറ്റുപുഴയിലേക്കു പോകാൻ ബസിൽ കയറിയ ശേഷം മുരുകൻ പുറത്തിറങ്ങാൻ വഴിയൊരുക്കിയ വ്യക്തിയിലേക്കാണ് അന്വേഷണം നീങ്ങുന്നത്. ബസിൽ കയറിയ മുരുകനെ ആരോ ഫോണിൽ വിളിച്ചിരിക്കാം എന്ന സാധ്യത പൊലീസ് പരിശോധിക്കുന്നു. ചാലക്കുടിയിൽ ബസിറങ്ങിയ ശേഷം മദ്യപിച്ചെന്ന മുരുകന്റെ മൊഴി നിരീക്ഷണ ക്യാമറകൾ പരിശോധിച്ചു പൊലീസ് സ്ഥിരീകരിച്ചതായി ഇൻസ്പെക്ടർ സി.ജെ.മാർട്ടിൻ പറഞ്ഞു.

English Summary: Investigation regarding 12 vigilance case documents losing in bus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com