ADVERTISEMENT

ന്യൂ‍‍‍ഡൽഹി ∙ കാൻസർ കോശങ്ങൾ രക്തത്തിലൂടെ പടർന്നു മറ്റ് അവയവങ്ങളിലെത്തി വീണ്ടും കാൻസറിനു (മെറ്റസ്റ്റാസിസ്) കാരണമാകുന്നതു തുടക്കത്തിലേ കണ്ടെത്താൻ സാങ്കേതിക വിദ്യയുമായി തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിലെ ഗവേഷകർ. 

രക്തസാംപിളിൽ പ്രത്യേക പരിശോധന കിറ്റ് ഉപയോഗിച്ച് രക്തത്തിൽ വ്യാപിക്കുന്ന സർക്കുലേറ്റിങ് കാൻസർ കോശങ്ങളുടെ (സിടിസി) സാന്നിധ്യം സ്ഥിരീകരിക്കാമെന്നാണു കണ്ടെത്തൽ. കാൻസർ തീവ്രമാക്കുന്നതും രോഗമുക്തി നേടിയവരെ വീണ്ടും കാൻസറിലേക്കു തള്ളിവിടുന്നതും സിടിസിയുടെ വ്യാപനമാണ്. 

സാധാരണഗതിയിൽ 10 മില്ലിലീറ്റർ‍ രക്തത്തിൽ വളരെ തുച്ഛമായ തോതിൽ (5 ൽ താഴെ) മാത്രമേ സിടിസി ഉണ്ടാകാറുള്ളൂ. ഈ കുറഞ്ഞ അളവ് പരിശോധനയ്ക്കു വെല്ലുവിളിയാകും. ഇതു മറികടക്കാൻ സിടിസിക്കെതിരായ ആന്റിബോഡി ഘടിപ്പിച്ച ഗോൾഡ് ഗ്രാഫീൻ നാനോടാഗ് ഉപയോഗപ്പെടുത്തും. ഇതും രക്തസാംപിളും പ്രത്യേക ഫിൽറ്ററുള്ള ചേംബറിൽ നിശ്ചിത സമയത്തേക്ക് സെൻട്രിഫ്യൂജിങ് ചെയ്തു വേർതിരിക്കും. ഇതോടെ, സിടിസി ഒഴികെ രക്തത്തിലെ എല്ലാ ഘടകങ്ങളും താഴേക്കു പോകും. ഫിൽറ്ററും ഗ്രാഫീനും അടങ്ങുന്ന ഘടകം മൈക്രോസ്കോപിക് പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ സിടിസി സാന്നിധ്യം തിരിച്ചറിയാം. 

കാൻസറിന്റെ ആദ്യഘട്ടത്തിൽ തന്നെ മെറ്റസ്റ്റാസിസ് സാധ്യത മനസ്സിലാക്കി ചികിത്സ ഉറപ്പാക്കാമെന്നതാണു നേട്ടമെന്ന് ശ്രീചിത്രയിലെ ശാസ്ത്രജ്ഞ ഡോ. ആർ.എസ്.ജയശ്രീ പറഞ്ഞു. ജയശ്രീയുടെ മേൽനോട്ടത്തിൽ കെ.ജിബിൻ, വി.രമേശ് ബാബു എന്നിവരാണു ഗവേഷണത്തിനു പിന്നിൽ. ഫലങ്ങൾ എസിഎസ് സസ്റ്റെയ്നബിൾ കെമിസ്ട്രി ആൻഡ് എൻജിനീയറിങ്ങിൽ പ്രസിദ്ധീകരിച്ചു. ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്ലിനിക്കൽ ട്രയലിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ സാമ്പത്തിക സഹായം തേടിയിരിക്കുകയാണു സംഘം. 

പ്രക്രിയയുടെ നേട്ടങ്ങൾ

മെറ്റസ്റ്റാറ്റിക് കാൻസർ സാധ്യത മുൻകൂട്ടിയറിയാൻ യുഎസിൽ നിലവിൽ ‘സെൽ സെൻസ്’ രീതി ഉപയോഗിക്കുന്നുണ്ട്. ഇതിനുൾപ്പെടെ വേണ്ടിവരുന്ന സങ്കീർണ മാർഗങ്ങൾ ഒഴിവാകും. ശരീരത്തിൽ നിന്നു ശസ്ത്രക്രിയ വഴി കോശസംയുക്തം (ടിഷ്യൂസ്) ശേഖരിച്ചുള്ള പരിശോധനയും വേണ്ട. പകരം, രക്തസാംപിളിൽ രോഗനിർണയം സാധ്യമാകുന്ന ലിക്വിഡ് ബയോപ്സിയാണ് ഉപയോഗിക്കുന്നത്. 

English Summary: Sri Chitra Institute develops novel method to prevent metastatis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com