വിദ്യാർഥി ഓടിച്ച കാർ ഇടിച്ച് പെൺകുട്ടിക്കു പരുക്ക്; അപകടം ക്രിസ്മസ് ആഘോഷത്തിനിടെ

car-accident-5
വർക്കല ശിവഗിരി എസ്എൻ കോളജിനു മുന്നിൽ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർഥി ഓടിച്ച കാർ ഇടിച്ചുണ്ടായ അപകടം. ഇടിയേറ്റ് പിൻഭാഗം തകർന്ന ഓട്ടോറിക്ഷയും കാണാം.
SHARE

വർക്കല∙ ശിവഗിരി എസ്എൻ കോളജിൽ ക്രിസ്മസ് ആഘോഷത്തിനിടെ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ഓട്ടോറിക്ഷയിലും ബൈക്കുകളിലും ഇടിച്ചു. കോളജ് വിദ്യാർഥിനിക്കും ഓട്ടോ ഡ്രൈവർക്കും പരുക്കേറ്റു. പത്തരയോടെ കോളജ് ഗേറ്റിനു സമീപമാണ് അപകടം. 

കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനി പരവൂർ പുത്തൻകുളം ചോതി ഭവനിൽ കരുണ (19), ഓട്ടോ ഡ്രൈവർ മണമ്പൂർ പെരുങ്കുളം മംഗലത്തു വീട്ടിൽ മോഹനൻ നായർ (55) എന്നിവർക്കാണു പരുക്കേറ്റത്. ‌‌ ‌ കരുണ സ്വകാര്യ ആശുപത്രിയിലും മോഹനൻനായർ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. കാർ ഇടിച്ചു നീങ്ങിയ ബൈക്ക് തട്ടിയാണ് കരുണയ്ക്കു പരുക്കേറ്റതെന്നു കരുതുന്നു. 

കാർ ഓടിച്ച രണ്ടാം വർഷ ബികോം വിദ്യാർഥി ചെമ്മരുതി തോക്കാട് നിലാവിൽ വീട്ടിൽ അഭിജിത്തിനെതിരെ(19) അപകടകരമായ ഡ്രൈവിങ്ങിന്റെ പേരിൽ കേസെടുത്തു ജാമ്യത്തിൽ വിട്ടു. അഭിജിത്തിന്റെ ക്ലാസിലെ തന്നെ വിദ്യാർഥിനിയാണ് കരുണ. വിദ്യാർഥിനിയുടെ പരാതി ലഭിച്ചിട്ടില്ലെന്നു പൊലീസ് പറഞ്ഞു.

ബൈക്കിലും കാറുകളിലുമെത്തിയ വിദ്യാർഥികൾ കോളജിനകത്തും പുറത്തു റോഡിലുമുൾപ്പെടെ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചിരുന്നു. വാഹനങ്ങളിലെ പ്രകടനം അതിരുവിടാതിരിക്കാൻ സ്ഥലത്ത് പൊലീസ് നിലയുറപ്പിച്ചിരുന്നു. 

10 മണിയോടെ മുഴുവൻ പേരെയും കോളജ് വളപ്പിനുള്ളിലാക്കിയ ശേഷമാണ് മെയിൻ റോഡിൽ അപകടം നടന്നത്. ഗേറ്റിനു മുന്നിലൂടെ  അമിതവേഗത്തിലെത്തിയ കാർ പെട്ടെന്നു നിയന്ത്രണം വിട്ടു തെന്നി നീങ്ങുകയായിരുന്നു. അഭിജിത്തിനെ കൂടാതെ രണ്ടു പേർ കൂടി കാറിൽ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത് ഓട്ടോ ഡ്രൈവർ മാത്രം. യാത്രക്കാരുമായി കോളജിലെത്തിയ ഇദ്ദേഹം അവർ തിരികെ വരുന്നതു കാത്തിരിക്കുമ്പോഴാണ് കാർ പിന്നിലിടിച്ചത്. ഓട്ടോയ്ക്കു കാര്യമായ നാശം സംഭവിച്ചു.

Content Highlight: Car accident

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS