തിരുവനന്തപുരം ∙ ഗായകൻ എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാനായി നിയമിക്കാനുള്ള ധാരണ വിവാദമായതോടെ സിപിഎം ഇക്കാര്യം വീണ്ടും ചർച്ച ചെയ്യുന്നു. കഴിഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് സംവിധായകൻ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെയും എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയുടെയും ചെയർമാൻമാരാക്കാൻ ധാരണയായത്.
എന്നാൽ ശ്രീകുമാർ ബിജെപി അനുഭാവി ആണെന്ന ആരോപണം ഉയർന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർഥിയായിരുന്ന വി.മുരളീധരനൊപ്പം വേദി പങ്കിട്ടു പ്രസംഗിക്കുന്ന വിഡിയോ പ്രചരിക്കുകയും ചെയ്തു. നാടക കലാകാരൻമാരുടെ സംഘടനയും വിയോജിപ്പു വ്യക്തമാക്കി.
ഇടത് അനുഭാവികളടക്കം വിമർശനം ഉയർത്തുന്ന സാഹചര്യത്തിലാണു വിഷയം പാർട്ടി വീണ്ടും പരിശോധിക്കുന്നത്. നിർദേശം ചർച്ച ചെയ്തതേയുള്ളൂവെന്നും തീരുമാനം എടുത്തിട്ടില്ലെന്നുമാണു പാർട്ടി വൃത്തങ്ങൾ പറയുന്നത്. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് പരസ്യമായി എൽഡിഎഫിനു പിന്തുണ നൽകിയ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയർമാനാക്കുന്നതിൽ അഭിപ്രായ വ്യത്യാസമില്ല.
ഇപ്പോഴുയരുന്ന വിവാദങ്ങൾ സംബന്ധിച്ചു കേട്ടുകേൾവി മാത്രമേ എനിക്കുള്ളൂ. ഇങ്ങനെയൊരു തീരുമാനം സിപിഎം എടുത്തതായി ഒരാളും എന്നെ അറിയിച്ചിട്ടില്ല. മുഖ്യമന്ത്രി അടക്കം പാർട്ടിയിലെ കുറച്ചു നേതാക്കളെ മാത്രമേ എനിക്കു പരിചയമുള്ളൂ. വകുപ്പ് മന്ത്രി സജി ചെറിയാനെപ്പോലും പരിചയമില്ല. കേട്ടുകേൾവി വച്ച് ഒന്നും പറയാനില്ല. കലാകാരന്റെ രാഷ്ട്രീയം നോക്കിയല്ല സിനിമയടക്കം ഒരു കലാരൂപവും ആളുകൾ കാണാൻ പോകുന്നത്. കല ആസ്വദിക്കാനാണ്. സംഗീത നാടക അക്കാദമിക്കു രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ല
എം.ജി. ശ്രീകുമാർ
English Summary: MG Sreekumar appointment controversy