ADVERTISEMENT

പുതിയ വർഷം പുതുവായനയുടെയും വർഷമാണ്. 2022ൽ ആദ്യം വായിക്കാനെടുക്കുന്ന പുസ്തകം ഏതായിരിക്കും. അതേക്കുറിച്ച് പറയുകയാണ് നമ്മുടെ പ്രിയപ്പെട്ട എഴുത്തുകാർ...

അമിതാവ് ഘോഷിന്റെ Nutmeg 's Curse

പി.എൻ. ഗോപീകൃഷ്ണൻ

അമിതാവ് ഘോഷിന്റെ Nutmeg 's Curse ആണ് വരുംവർഷം വായിക്കാനായി എടുത്തുവച്ച പുസ്തകങ്ങളിൽ പ്രധാനപ്പെട്ടത്. അമിതാവ് ഘോഷ് എന്ന പേര് തരുന്ന ഉറപ്പു വിലപ്പെട്ടതാണ്. എഴുത്തുകാരുടെ പേര് ഉൽപന്നങ്ങളുടെ ബ്രാൻഡ് പോലല്ല. പരസ്യപ്രചരണം കൊണ്ട് വലുതാകുന്നതല്ല അത്. എഴുത്തിന്റെ ഗുണത്തിനു പകരം അവിടെ മറ്റൊന്നും ഇരിക്കില്ല.

സാമ്രാജ്യത്വത്തിനുള്ളിൽ സസ്യജാലങ്ങളുടെ പറിച്ചുനടൽ, മനുഷ്യരുടെ പറിച്ചുനടൽ പോലെത്തന്നെ പഠിക്കേണ്ടതാണ്. പാശ്ചാത്യ അധിനിവേശത്തിന്റെ  ക്രൂരതകൾ മാത്രമല്ല അതിലൂടെ വെളിപ്പെടുന്നത്. മറിച്ച് പാശ്ചാത്യ നാഗരികതയുടെ വിമർശം എന്നതു ഭൂമിയുടെ നിലനിൽപ്പിനു തന്നെ അത്യന്താപേക്ഷിതമായ കാലമാണ് വരുന്നത്. അതിനാൽ  ഇതിന്റെ വായന ഞാൻ ഉറ്റുനോക്കുന്ന ഒന്നാണ്.

സുഗതകുമാരിയുടെ മരമാമരം

ആര്യാംബിക

സുഗതകുമാരിടീച്ചറുടെ മരമാമരം വായിക്കാൻ വിട്ടുപോയൊരു പുസ്തകം. പലപ്പോഴും പുതുപുസ്തകങ്ങളോടൊപ്പം ഓടിയെത്താൻ കഴിയാറില്ല. ടീച്ചർ ഒടുവിൽ തന്നിട്ടുപോയ കവിതകൾ ഇനിയും കണ്ടില്ലല്ലോയെന്ന സങ്കടം. അതിനു മുൻപുള്ള പുസ്തകം -'പൂവഴി മരുവഴി'- ഇറങ്ങുമ്പോൾ  ഒപ്പമുണ്ടാവാൻ കഴിഞ്ഞല്ലോ, ചൂടോടെ കയ്യൊപ്പോടെ സമ്മാനിക്കുകയും ചെയ്തല്ലോയെന്ന് ഓർമകൾ തുള്ളിച്ചാടുന്നുണ്ട്. എങ്കിലും മരമാമരത്തിലും മെലിഞ്ഞ വിരലുകൾ അനായാസം വരഞ്ഞിട്ടുണ്ടാകും ആ കയ്യൊപ്പ്... അദൃശ്യമായി..

ജെസിബി ഡ്രൈവറുടെ ആദ്യ നോവൽ

രാംമോഹൻ പാലിയത്ത്

കാരൂർ നീലകണ്ഠപ്പിള്ളയുടെ കഥപറച്ചിൽ രീതിയും

സാക്ഷാൽ ഓ. ഹെൻറിയുടെ ലാസ്റ്റ് പാരയിലെ ട്വിസ്റ്റും

ജി.ആർ. ഇന്ദുഗോപന്റെ ത്രില്ലിങ് മുന്നേറ്റവും

ഉണ്ണി. ആറിന്റെ ടോപ്പോഗ്രഫിയും

സക്കറിയയുടെ കെട്ടുറപ്പും

അബിൻ ജോസഫിനുള്ള മൂർച്ചയും

സുഭാഷ്ചന്ദ്രന്റെ ഉപമയുമൊരാളിൽച്ചേർന്നൊത്തുകാണണമെങ്കിൽ

ചെല്ലുവിൻ ഭവാന്മാരേ അടുത്ത ബുക്സ്റ്റാളിലേയ്ക്ക-

ല്ലായ്കിലൊരു കോപ്പി ഓൺലൈനിൽ വാങ്ങിക്കുവിൻ

ഒരു വീക്കിലിയിലും മാസികയിലും നിങ്ങൾ ഇതുവരെയും വായിക്കാത്ത കഥാകൃത്താണ് അഖിൽ കെ. അതാണ് ഇപ്പറഞ്ഞതിൽ നിന്നെല്ലാമുള്ള ഒരു വ്യത്യാസം. പയ്യനാണ്. ഇരുപത്താറ് വയസ്സേയുള്ളു. ജെസിബി ഡ്രൈവറാണ്. പ്രീഡിഗ്രിയേ പഠിച്ചിട്ടുള്ളു. ആകെ പത്തുനാപ്പത് പുസ്തകങ്ങളേ വായിച്ചിട്ടുള്ളു. വീട്ടിലെ കഷ്ടപ്പാടുകൾ കാരണം ആറിലും ഏഴിലുമൊക്കെ പഠിക്കുമ്പോൾ രാവിലെ ന്യൂസ്‌പേപ്പറിടാൻ പോകുമായിരുന്നു. അക്കാലത്ത് പേപ്പർ കെട്ടെടുക്കാൻ അടുത്തുള്ള ടൗണിലേക്ക് വെളുപ്പിന് 3 മണിക്ക് സൈക്കിൾ ചവിട്ടണം. ലോകം മുഴുവൻ ഉറങ്ങിക്കിടക്കുന്ന വിജനതയിലൂടെ പേടിച്ച് വിറച്ചായിരിക്കും ആ യാത്രകൾ. അപ്പോൾ തോന്നിയിരുന്ന ആ പേടി മാറ്റാനായിരുന്നത്രെ മനസ്സിൽ ആദ്യം സ്വന്തമായി കഥകൾ ഉണ്ടാക്കിത്തുടങ്ങിയത്. പതിനാറാം വയസ്സിൽ ഒരു തിരക്കഥയും എഴുതിവെച്ചിട്ടുണ്ട്. അഖിലിന്റെ എഴുത്തിന്റെ പിതാവും തലതൊട്ടപ്പനും സ്‌പോൺസറും കിങ് മേക്കറുമെല്ലാം അഖിൽ മാത്രമാണെന്ന് ചുരുക്കം.

കയ്യിൽ നിന്ന് കാശു കൊടുത്ത് ആദ്യകഥാസമാഹാരമായ നീലച്ചടയൻ പുറത്തിറക്കി. തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രന്റെ ഫേസ്ബുക് പോസ്റ്റിലൂടെ നാട്ടുകാരറിഞ്ഞ് പുസ്തകം ഹിറ്റായി. ആദ്യപതിപ്പിലെ അഞ്ഞൂറു കോപ്പിക്ക് പിന്നാലെ നാല് എഡിഷനായി. രണ്ടാം എഡിഷൻ മുതൽ പ്രസാധകരായ ഗ്രീൻ ബുക്‌സ് തന്നെ പ്രസിദ്ധീകരിച്ചു. ബിപിന്റെ ഫേസ്ബുക് പോസ്റ്റ് കണ്ട് വാങ്ങി നീലച്ചടയൻ വായിച്ചതിന്റെ ത്രില്ലിലാണ് അഖിലിന്റെ നമ്പർ തപ്പി വിളിച്ചത്. അങ്ങനെയാണ് മേൽപ്പറഞ്ഞ വിവരങ്ങൾ അറിഞ്ഞത്. വള്ളത്തോൾ ഗാന്ധിജിയെപ്പറ്റി എഴുതിയ കവിതയ്ക്ക് ഒരു പാരഡിയുണ്ടാക്കിയത്.

അഖിലിന്റെ ആദ്യനോവൽ ഡിസംബറിൽ ഇറങ്ങി. സിംഹത്തിന്റെ കഥ. 2022-ൽ ഒരുപാട് ആഗോള പുസ്തകങ്ങൾ വായിക്കാൻ കൊതിയുണ്ട്. പക്ഷേ ആദ്യം അഖിലിന്റെ ആദ്യനോവൽ വായിക്കണമെന്ന് തീർച്ചപ്പെടുത്തിയിരിക്കുന്നു. നീലച്ചടയൻ അത്ര ഗംഭീര പ്രതീക്ഷയാണ് അഖിലിനെപ്പറ്റി തന്നിട്ടുള്ളത്.

കൂറ്റ്സെയുടെ ഡിസ്ഗ്രെസ്

സഹീറാ തങ്ങൾ

ഈ വർഷമെന്നല്ല, എല്ലാ വർഷവും വായിച്ചു കൊണ്ടേയിരിക്കാൻ ആഗ്രഹിക്കുന്ന പുസ്തകം കൂറ്റ്സെയുടെ ഡിസ്ഗ്രെസ് ആണ് . കാലത്തിനുമപ്പുറം അതു നമ്മോടു സംവദിച്ചുകൊണ്ടേയിരിക്കും !എഴുത്തിൽ എന്നെ ചേർത്ത് പിടിക്കാനാവാതെ സ്വയം തളരുമ്പോൾ ഊർജം തന്ന് എഴുന്നേൽപിക്കും.;അതിലെ മാന്ത്രിക വരികൾ !

ചുള്ളിക്കാടിന്റെ അലകൾ

എം.പി.പവിത്ര

കവിതകൊണ്ട് മുറിവേൽക്കുമെന്നും ചില കവിതകൾ ആദ്യത്തെ കയ്പും പിന്നത്തെ മധുരവുമാകുമെന്നും തിരിച്ചറിവു തന്ന കവിയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. സന്ദർശനം, മാനസാന്തരം, യാത്രാമൊഴി തുടങ്ങി എത്രയെത്രയോ കവിതകളിലൂടെ കനകമൈലാഞ്ചികൾ വിടരുന്നയിടങ്ങൾ കവിതയുടേതു കൂടിയാണെന്ന് ബോധ്യപ്പെടുത്തിത്തന്ന കവി. 

വാക്കിൽ നിന്ന് വാക്കുവിതച്ച് വാക്കു കൊയ്തെടുക്കുന്ന മാന്ത്രികത തന്നെയാണ് ചുള്ളിക്കാടിന്റെ കവിതകളുടെ തീക്ഷ്ണ സൗന്ദര്യമെന്നു തോന്നാറുണ്ട്. അടുത്തിടെ വിട്ടുപിരിഞ്ഞ അഷ്റഫ് മലയാളിയുടെ അതിമനോഹരമായ ദൃശ്യാവിഷ്ക്കാരത്തിലൂടെ ഫെസ്ബുക് പേജിലൂടെ പ്രചരിപ്പിക്കപ്പെടുകയും പിന്നീട് പുസ്തകരൂപത്തിൽ പ്രകാശിതമാവുകയും ചെയ്ത ചുള്ളിക്കാടിന്റെ ചെറുകവിതകളുടെ സമാഹാരമായ 'അലകൾ' ആണ് പുതുവായനയുടെ ഇഷ്ടത്തിലേക്ക് ചേർത്തുവയ്ക്കാനാഗ്രഹിക്കുന്നത്.

പേന്തലയുള്ള പെറ്റിക്കോട്ട്

എം.ആര്‍ രേണുകുമാര്‍

പുതുവര്‍ഷത്തിലാദ്യം ഞാന്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന പുസ്തകം എം.ആര്‍.രാധാമണിയുടെ 'പേന്തലയുള്ള പെറ്റിക്കോട്ട്' എന്ന കവിതാസമാഹാരമാണ്. രാധാമണി എന്റെ ചേച്ചിയാണ്. സമാന്തരമില്ലാത്ത ജീവിതം വാരിപ്പിടിച്ച് പായുന്നതിനിടയിലും മിന്നല്‍പ്പിണരുപോലെ കവിത കൊത്തുന്ന ചേച്ചിയെ വായിച്ചുകൊണ്ടാവട്ടെ പുതുവര്‍ഷത്തില്‍ എന്റെ വായനയുടെ തുടക്കം. പുതുവര്‍ഷത്തിനും പുസ്തകത്തിനുമായി കാത്തിരിക്കുന്നു. ഡിസി ബുക്സാണ് പ്രസാധകര്‍.

Content Highlight: New year reading

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com