ADVERTISEMENT

തിരുവനന്തപുരം∙ അഞ്ചു കോടിക്കു മുകളി‍ലുള്ള ജോലികൾക്ക് ഏറ്റവും കുറഞ്ഞ നിരക്കു രേഖപ്പെടുത്തുന്ന കരാറുകാരനെക്കാൾ 50 % കൂടുതൽ തുക ക്വോട്ട് ചെയ്യുന്നയാൾക്കു കരാർ നൽകാൻ വ്യവസ്ഥ ചെയ്യുന്ന ക്വാളിറ്റി ആൻഡ് കോസ്റ്റ് ബേസ്ഡ് സിസ്റ്റം (ക്യു‍സിബിഎസ്) നടപ്പാക്കാനുള്ള ജല അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ നീക്കം പൊളിഞ്ഞു. 

ഉദ്യോഗസ്ഥതലത്തിൽ വൻ അഴിമതിക്കു കളമൊരുക്കു‍ന്ന സംവിധാനം നടപ്പാക്കരുതെന്നു മന്ത്രി റോഷി അഗസ്റ്റിൻ നിർദേശിച്ചു. ഇതുപ്രകാരം കരാറുകൾ അനുവദിച്ചിട്ടു‍ണ്ടെങ്കിൽ പരിശോധിക്കാനും ആവശ്യപ്പെട്ടു.മുൻ സർക്കാരിന്റെ കാലത്താണു ക്യു‍സിബിഎസ് നടപ്പാക്കാൻ തീരുമാനിച്ചത്. കരാർ നൽകുന്നതു ഗുണനിലവാരം കൂടി പരിഗണിച്ചാകണമെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. 

2021 ഫെബ്രുവരി 23ന് അതോറിറ്റി ആസ്ഥാനത്തു ചേർന്ന മാനേജ്മെന്റ് കമ്മിറ്റി യോഗം ഇതിനായി തീരുമാനിക്കുകയും ജല അതോറിറ്റി എംഡി എസ്. വെങ്കി‍ടേസപതി മാർച്ച് 20ന് ഉത്തരവിറക്കുകയും ചെയ്തു. പുതിയ സർക്കാർ വന്ന ശേഷമാണു തുടർനടപടി തുടങ്ങിയത്. എന്നാൽ ഇക്കാര്യം മന്ത്രിയെ അറിയിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തില്ല.

വേണ്ടത്ര പഠനമോ ചർച്ചയോ ഇല്ലാതെ ചില ഉദ്യോഗസ്‍ഥരുടെ മാത്രം താൽപര്യപ്രകാരമാണ് ഈ സംവിധാനം കൊണ്ടുവന്നതെന്ന് ആക്ഷേപമുയർന്നു. ക്വോട്ട് ചെയ്യുന്ന തുക അടിസ്ഥാനമാക്കുന്നതിനു പകരം കരാറുകാരെ തിരഞ്ഞെടുക്കാൻ ചോദ്യോത്തര പട്ടിക തയാറാക്കി. അതോറിറ്റിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനു കരാറുകാരെ നിശ്ചയിക്കാൻ അധികാരം നൽകുന്ന ഈ സംവിധാനം വലിയ അഴിമതി‍ക്ക് ഇടയാക്കുമെന്നു മന്ത്രിക്കു പരാതികൾ ലഭിച്ചു. 

അതിനിടെ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഇതു നടപ്പാക്കാൻ തുടങ്ങി. കൊല്ലം ജില്ലയിലെ 3 പഞ്ചായത്തുകളിൽ ജലജീവൻ മിഷൻ പദ്ധതിയിൽ പെട്ട ജോലികൾക്ക് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ കരാറുകാരെ ഒഴിവാക്കി ഉയർന്ന നിരക്കു രേഖപ്പെടുത്തിയ നിർമാണക്കമ്പനിക്കു കരാർ നൽകിയതോടെ വിവാദമായി. തുടർന്നാണു മന്ത്രി ഇടപെട്ടത്.

മരാമത്തു വകുപ്പ് മാനുവലിൽ പോലും ഇല്ലാത്ത സംവിധാനം നടപ്പാക്കുന്നതിലൂടെ ഇഷ്ടക്കാർക്കു കരാർ ലഭിക്കാനുള്ള കുറുക്കുവഴി ഒരുങ്ങുമെന്നതായിരുന്നു ആക്ഷേപം. അതേസമയം, പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും ഗുണനിലവാരം ഉറപ്പാക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണു ക്യുസിബിഎസ് നടപ്പാക്കാൻ തീരുമാനിച്ചതെന്നു ജല അതോറിറ്റി വിശദീകരിച്ചു.

Content Highlights: Contract works, Minister Roshy Augustine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com