ADVERTISEMENT

തിരുവനന്തപുരം∙ മദ്യവിതരണക്കമ്പനികൾക്കു വിൽപന കമ്മിഷനിൽ ഇളവു നൽകി 10 വർഷത്തിനിടെ ബവ്റിജസ് കോർപറേഷനിലെ ഉന്നതർ സ്ഥാപനത്തിനു നഷ്ടപ്പെടുത്തിയത് ഏകദേശം 2000 കോടി രൂപയുടെ വരുമാനം. വർഷങ്ങളായി കേരളത്തിലെ മദ്യവിതരണത്തിന്റെ കുത്തക കയ്യാളിയ 15 കമ്പനികൾക്കാണു സൗജന്യം നൽകിയത്. വിൽപനയുടെ 21 % വരെ കോർപറേഷനു കമ്മിഷനായി ഈടാക്കാമെങ്കിലും ഈ കമ്പനികളിൽനിന്ന് 7 % മാത്രമാണു വർഷങ്ങളായി ഈടാക്കിയിരുന്നത്. കോവിഡ് മൂലം വിൽപന കുറവായിരുന്നിട്ടും കഴിഞ്ഞ വർഷത്തെ നഷ്ടം 209 കോടി രൂപയാണ്. ഇതോടെ വിൽപന കണക്കാക്കിയുള്ള സ്ലാബ് അടിസ്ഥാനത്തിൽ കമ്പനികളോടു കമ്മിഷൻ വാങ്ങാൻ കോർപറേഷൻ തീരുമാനിച്ചു.

വെയർഹൗസിലെത്തുന്ന മദ്യം വിൽപന കേന്ദ്രത്തിലെത്തിച്ചു വിൽക്കുന്നതിനാണു കാഷ് ഡിസ്കൗണ്ട് എന്ന പേരിൽ കമ്മിഷൻ ഈടാക്കിയിരുന്നത്. പുതിയ മദ്യക്കമ്പനികളിൽനിന്ന് 21 % കമ്മിഷൻ വാങ്ങിയിരുന്നപ്പോൾ, കേരളത്തിലെ മദ്യവിതരണത്തിന്റെ 90 ശതമാനവും കയ്യാളുന്ന 15 കമ്പനികൾ 7 % മാത്രമാണു നൽകിയിരുന്നത്. മദ്യക്കമ്പനികളും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയിൽ കോടികൾ ഒഴുകിപ്പോകുന്നതു കണ്ടെത്തിയതോടെയാണു സ്ലാബ് സംവിധാനം ഏർപ്പെടുത്തുന്നത്. വർഷം 10,000 കെയ്സ് വരെ മദ്യം വിറ്റാൽ കമ്പനി 10 % കമ്മിഷൻ നൽകണം. വിൽപന ഇതിനു മുകളിലാണെങ്കിൽ 20 % ആയിരിക്കും കമ്മിഷൻ. 25 % കമ്മിഷൻ നൽകാൻ തയാറാകുന്ന കമ്പനിക്കു കോർപറേഷൻ മുൻകയ്യെടുത്ത് മുഴുവൻ മദ്യവും വിറ്റു നൽകാനും തീരുമാനിച്ചിട്ടുണ്ട്. സിഎംഡി അവതരിപ്പിച്ച ശുപാർശകൾ ഇന്നലെ ചേർന്ന ബോ‍ർഡ് യോഗം അംഗീകരിച്ചു.

പുതിയ കമ്പനികൾ വെയർഹൗസിൽ മദ്യമെത്തിച്ചാലും വിൽപനയ്ക്കു വയ്ക്കാതെ ഉദ്യോഗസ്ഥർ ഇവരുടെ വിൽപന ഇടിക്കുന്ന പ്രവണതയും കണ്ടെത്തി. ഇതേത്തുടർന്ന് കഴിഞ്ഞ മാസം 21 % കമ്മിഷൻ വാങ്ങി പുതിയ കമ്പനികളെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായി 4.2 കോടി രൂപ അധികവരുമാനമായി കോർപറേഷനു ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 13212 കോടി രൂപയാണു ബവ്കോയുടെ വിറ്റുവരവ്. നികുതിയിനത്തിൽ ഭീമമായ സംഖ്യ സർക്കാരിനു ലഭിച്ചെങ്കിലും കോർപറേഷൻ 250 കോടി രൂപ നഷ്ടത്തിലായി. ലാഭം തിരിച്ചുപിടിക്കാൻ മന്ത്രി എം.വി.ഗോവിന്ദൻ നൽകിയ നിർദേശപ്രകാരമാണു വരുമാനം ചോരുന്ന വഴികൾ ഓരോന്നായി അടയ്ക്കുന്നത്.

English Summary: 2000 crore loss for bevco in last ten years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com