ADVERTISEMENT

കൊച്ചി ∙ എറണാകുളം – ഷൊർണൂർ മൂന്നാം പാതയുടെ നിർമാണച്ചെലവു കണക്കാക്കുമ്പോൾ ഇപ്പോൾ പദ്ധതി ഏറ്റെടുക്കുന്നതു പ്രായോഗികമല്ലെന്നു റെയിൽവേ. 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിൽ പുതിയ പാതകൾ നിർമിക്കണമെന്ന റെയിൽവേ ബോർഡ് നിർദേശത്തെ തുടർന്നു പാതയുടെ അലൈൻമെന്റ് പുതുക്കിയപ്പോൾ അധിക സാമ്പത്തികബാധ്യത വരുമെന്നു കണ്ടെത്തിയിരുന്നു. 

അന്തിമ ലൊക്കേഷൻ സർവേ തുടരുന്നുണ്ടെങ്കിലും ചെലവ് ഇരട്ടിയാകുമെന്നതിനാൽ മൂന്നാം പാത പദ്ധതി തൽക്കാലം മാറ്റിയെന്നു തിരുവനന്തപുരം റെയിൽവേ ഡിവിഷനിലെ ഉന്നതോദ്യോഗസ്ഥർ പറഞ്ഞു. പകരം എറണാകുളം – ഷൊർണൂർ പാതയിൽ ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനം ഏർപ്പെടുത്താനാണു മുൻഗണനയെന്ന്  അധികൃതർ പറഞ്ഞു. 

ആദ്യ ഘട്ടത്തിൽ 316 കോടി രൂപ ചെലവിൽ എറണാകുളം –  പൂങ്കുന്നം സെക്‌ഷനിൽ ഓട്ടമാറ്റിക് സിഗ്‌നലിങ്ങിന് അനുമതി തേടിയിട്ടുണ്ട്. കൂടുതൽ ട്രെയിനുകളോടിക്കാൻ പുതിയ ഇതു  സഹായിക്കും. എറണാകുളം –  ഷൊർണൂർ മൂന്നാം പാതയ്ക്കു 2018ലാണു റെയിൽവേ അനുമതി നൽകിയത്. കഴിഞ്ഞ 3 ബജറ്റുകളിലും നാമമാത്രമായ തുകയാണു പദ്ധതിക്കു വകയിരുത്തിയത്.

പുതിയ എൽഎച്ച്ബി കോച്ചുകൾ എറണാകുളം മാർഷലിങ് യാഡിൽ എത്തിച്ചപ്പോൾ.
ഫയൽചിത്രം

എറണാകുളം – ഷൊർണൂർ റൂട്ടിൽ ആദ്യം നിലവിലുള്ള പാതയ്ക്കരികിൽ 80 കിലോമീറ്റർ വേഗത്തിൽ തന്നെ ട്രെയിനോടിക്കാനായിരുന്നു പദ്ധതി.  വേഗം കൂട്ടാൻ അലൈൻമെന്റ് പുതുക്കിയപ്പോൾ തൃശൂർ, ചാലക്കുടി സ്റ്റേഷനുകൾ മാത്രമാണു പുതിയ പാതയിൽ ബന്ധിപ്പിക്കാൻ കഴിയുന്നത്. 

ഗുഡ്സ് ട്രെയിനുകൾ എത്തേണ്ട സ്റ്റേഷനുകൾ ബന്ധിപ്പിക്കാതെ പാത നിർമിക്കുന്നതിനോടു റെയിൽവേ ഉദ്യോഗസ്ഥർക്കിടയിൽ യോജിപ്പില്ല. പുതിയ പാത നിർമിക്കുന്നതിന്റെ മൂന്നിലൊന്നു ചെലവിൽ ഓട്ടമാറ്റിക് സിഗ്‌നലിങ് സംവിധാനം ഏർപ്പെടുത്താൻ കഴിയുമെന്നതാണു നേട്ടം.

English Summary: Ernakulam-Shoranur railway project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com