ADVERTISEMENT

തിരുവനന്തപുരം ∙ ഡേറ്റ സെന്ററിലെ തകരാർ മൂലം സംസ്ഥാനത്തെ റേഷൻ വിതരണം ഇന്നലെ ഏറക്കുറെ പൂർണമായി സ്തംഭിച്ചു. തകരാർ ആരംഭിച്ച വെള്ളിയാഴ്ച മുതൽ റേഷൻ കടകളിലെ ഇ പോസ് (ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ) സംവിധാനം മെല്ലെപ്പോക്കിലായിരുന്നു. 

ഇന്നലെ ഇ പോസ് വഴി വിവരങ്ങൾ രേഖപ്പെടുത്തി റേഷൻ വിതരണം നടത്താൻ ഒരു തരത്തിലും കഴിയാതെ വന്നതോടെ വ്യാപാരി സംഘടനകളുടെ ആഹ്വാനപ്രകാരം സംസ്ഥാനവ്യാപകമായി ഉച്ചയ്ക്കുശേഷം കടകൾ അടച്ചിട്ടു. സംസ്ഥാനത്തെ പതിനാലായിരത്തിലേറെ കടകളിൽ നാലായിരത്തോളം മാത്രമാണു പ്രവർത്തിച്ചത്. കടകൾ അടച്ചിട്ട വ്യാപാരികൾക്കു കാരണം കാണിക്കൽ നോട്ടിസ് നൽകാനാണു ഭക്ഷ്യ–പൊതുവിതരണ വകുപ്പിന്റെ തീരുമാനം.

രാവിലെ മുതൽ റേഷൻ വാങ്ങാൻ എത്തിയവർ ബഹളം വയ്ക്കുകയും പലയിടത്തും സംഘർഷാവസ്ഥയാകുകയും ചെയ്തതോടെയാണ് കടകൾ അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചത്. മുൻഗണനേതര കാർഡ് ഉടമകൾക്കു കൂടുതൽ അരിയും എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും അധികമായി മണ്ണെണ്ണയും നൽകുന്നതിനാൽ ഈ മാസം കടകളിൽ തിരക്കു കൂടുതലാണ്.

91.81 ലക്ഷം കാർഡ് ഉടമകളുടെ വിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്ന കഴക്കൂട്ടം ടെക്നോപാർക്കിലെ ഡേറ്റ സെന്ററിലാണു തകരാർ. ഇതു പരിഹരിക്കാൻ ഐടി മിഷന്റെ സഹായത്തോടെ ശ്രമിച്ചതായും ഇന്നു പ്രവർത്തനം പൂർണ തോതിലാകുമെന്നാണു പ്രതീക്ഷയെന്നും ഭക്ഷ്യ–പൊതുവിതരണ വകുപ്പ് അധികൃതർ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഐടി മിഷൻ സെക്രട്ടറി യോട് അഭ്യർഥിച്ചതായി മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

3 മാസത്തോളമായി ഇ പോസ് മെഷീൻ സംവിധാനത്തിൽ തകരാർ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ, കഴിഞ്ഞ വർഷം മാർച്ചിലും സെപ്റ്റംബറിലും പല തവണ തകരാറുണ്ടായി.

English Summary: Date centre issue continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com