ADVERTISEMENT

പാലക്കാട് ∙ ട്രാൻസ്‌വനിതയായി ജീവിക്കാനാവില്ലെന്നു കാട്ടി ദയാവധത്തിന് അപേക്ഷ നൽകിയ ഒറ്റപ്പാലം സ്വദേശി അനീറ കബീർ 15ന് വീണ്ടും അധ്യാപികയാകും. സോഷ്യോളജി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപികയായിരുന്ന അവരെ ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തിരികെ ജോലിക്കു ചേരണമെന്ന് അറിയിച്ചു പ്രിൻസിപ്പൽ വിളിച്ചു.

നവംബർ ഒന്നിനു ജോലിക്കു ചേർന്ന തനിക്ക് സ്കൂൾ അധികൃതരിൽ നിന്ന് അപമാനം നേരിട്ടതിനാൽ ഒന്നര മാസത്തിനു ശേഷം ജോലി അവസാനിപ്പിക്കേണ്ടി വന്നു എന്നാണ് അനീറ പറയുന്നത്. അനീറയുമായി സംസാരിച്ച പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പാലക്കാട്‌ വിദ്യാഭ്യാസ ഉപ ഡയറക്ടറോട്, ജോലി തിരികെ നൽകാൻ നടപടിക്കു നിർദേശിച്ചു. സ്ഥിരനിയമനം വേണമെന്നാണ് അനീറയുടെ ആവശ്യം. സഹോദരൻ ദിവസങ്ങൾക്കു മുൻപ് അപകടത്തിൽ മരിച്ചെന്നും ആ കുടുംബത്തെ സംരക്ഷിക്കേണ്ട ചുമതല കൂടിയുണ്ടെന്നും അനീറ പറഞ്ഞു.  നിവേദനം നൽകാൻ മന്ത്രി നിർദേശം നൽകി.  നേരിൽ കണ്ടു നിവേദനം നൽകുമെന്ന് അനീറ അറിയിച്ചു.

ട്രാൻസ്‌വനിതയായി ജീവിക്കാനാവില്ലെന്നു കാട്ടി ദയാവധത്തിന് അപേക്ഷ നൽകാൻ അഭിഭാഷകനെ തേടി ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിച്ചതോടെയാണ് അനീറയുടെ കഥ പുറത്തുവന്നത്. അനീറയ്ക്കു രണ്ടു വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും എംഎഡുമുണ്ട്. 14 സ്കൂളുകളിൽ കൂടിക്കാഴ്ചയിൽ പങ്കെടുത്തെങ്കിലും പലരും ജോലി നിഷേധിച്ചെന്നും ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കു സംവരണം നൽകണമെന്ന സുപ്രീം കോടതി വിധി പാലിക്കുന്നില്ലെന്നും അവർ പറഞ്ഞു.

അതേസമയം, അനീറയെ ജോലിയിൽ നിന്നു പിരിച്ചുവിട്ടെന്ന പ്രചാരണം തെറ്റാണെന്നു ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.റീന അറിയിച്ചു. കുറച്ചു കാലമായി ജോലിക്കു ഹാജരാകുന്നില്ല. സ്കൂൾ അധികൃതരിൽ നിന്നു മോശമായ പെരുമറ്റം ഉണ്ടായിട്ടില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു.

English Summary: Trans woman Aneera Kabeer to get job again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com