ADVERTISEMENT

കോഴിക്കോട് ∙ കോവിഡ് കാലത്ത് മരുന്നു കമ്പനികളറിയാതെ അവയുടെ പേരിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) കോടികളുടെ പർച്ചേസ് രേഖകളുണ്ടാക്കിയതായി കണ്ടെത്തി. മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും വാങ്ങിയതായി കാണിച്ചാണു രേഖകളുണ്ടാക്കിയത്. ഈ തുക എവിടേക്കുപോയെന്ന അന്വേഷണത്തിലാണ് ധന ഇൻസ്പെക്‌ഷൻ വിഭാഗം.

കഴിഞ്ഞ ഓഗസ്റ്റ് വരെ മെഡിക്കൽ സർവീസസ് കോർപറേഷൻ 224 കമ്പനികളുമായിട്ടാണ് ഇടപാടു നടത്തിയിരിക്കുന്നത്. കോർപറേഷനു പിപിഇ കിറ്റും എൻ95 മാസ്കും വിതരണം ചെയ്തിരിക്കുന്നതിൽ 80 ശതമാനവും തട്ടിക്കൂട്ട് കമ്പനികളാണെന്നും വിവരമുണ്ട്. കൂട്ടത്തിൽ വിശ്വസനീയ കമ്പനികളുടെ പേരുകൂടി ഉപയോഗിക്കുകയും ചെയ്തു.

പഴം–പച്ചക്കറി കമ്പനി വഴി 12 കോടിയുടെ ഗ്ലൗസ്

ബ്രിട്ടനിൽനിന്ന് 12.15 കോടിയുടെ മലേഷ്യൻ നിർമിത ഗ്ലൗസ് ഇറക്കുമതി ചെയ്ത തിരുവനന്തപുരം കഴക്കൂട്ടത്തെ കമ്പനിയുടെ വിലാസത്തിൽ ഇപ്പോൾ ഓഫിസ് പോലും പ്രവർത്തിക്കുന്നില്ലെന്നാണു വിവരം. റജിസ്ട്രേഷൻ രേഖകൾപ്രകാരം 2021 ലാണ് ഈ കമ്പനി രൂപീകരിച്ചിരിക്കുന്നത്. മെഡിക്കൽ, സർജിക്കൽ ഉപകരണങ്ങൾക്കൊപ്പം പഴം–പച്ചക്കറി വിതരണവുമുള്ളതായി റജിസ്ട്രേഷൻ രേഖകളിൽ കാണുന്നു. ഇപ്പോൾ കമ്പനി വെബ്സൈറ്റും പ്രവർത്തനരഹിതം. വെബ്സൈറ്റ് പ്രവർത്തന രഹിതമാക്കിയതാണെന്നും കോർപറേഷനുമായുള്ള ഇടപാടുകളെക്കുറിച്ചു കൂടുതൽ വിശദീകരിക്കാൻ താൽപര്യമില്ലെന്നും കമ്പനിയുടമ പറയുന്നു.

ഗ്ലൗസ് കമ്പനിയിൽ നിന്ന് തെർമോമീറ്റർ

എറണാകുളത്തെ സ്ഥാപനത്തിൽനിന്ന് 10 ലക്ഷം രൂപയുടെ ഇൻഫ്രാറെഡ് തെർമോമീറ്റർ വാങ്ങിയതായി രേഖയുണ്ട്. എന്നാൽ ഈ സ്ഥാപനം മെഡിക്കൽ ഗ്ലൗസ് മാത്രമാണു വിതരണം ചെയ്യുന്നത്.

1.52 കോടിയുടെ പിപിഇ കിറ്റ് (കമ്പനി അറിയാതെ)

മഹാരാഷ്ട്രയിലെ ബയോലിങ്ക്സ് ഇന്ത്യ എന്ന പ്രശസ്ത കമ്പനിയിൽ നിന്ന് 1.52 കോടി രൂപയുടെ പിപിഇ കിറ്റുകൾ വാങ്ങിയതായി രേഖയുണ്ട്. എന്നാൽ, കോർപറേഷനു പിപിഇ കിറ്റുകൾ നൽകിയിട്ടില്ലെന്നും മറ്റു ചില ഉപകരണങ്ങൾ മാത്രമാണു നൽകിയിട്ടുള്ളതെന്നും കമ്പനി പ്രതിനിധികൾ വ്യക്തമാക്കുന്നു.

സ്റ്റെന്റ് കമ്പനിയിൽ നിന്ന് ഹീമോഫീലിയ മരുന്ന്

തിരുവനന്തപുരം അനന്ത സർജിക്കൽസിൽ നിന്ന് 24,11,474 രൂപയ്ക്കു ഫാക്ടർ–8 മരുന്നുകൾ വാങ്ങിയെന്നാണ് കോർപറേഷന്റെ രേഖകളിൽ പറയുന്നത്. ഹീമോഫീലിയ രോഗത്തിനുള്ള ഫാക്ടർ–8 മരുന്ന് ഈ കമ്പനി വിതരണം ചെയ്യുന്നില്ല. ഹൃദയ ശസ്ത്രക്രിയയ്ക്കു വേണ്ട സ്റ്റെന്റ്, അസ്ഥി ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങൾ എന്നിവയാണ് ഇവർ വിതരണം ചെയ്യുന്നത്. എല്ലാറ്റിലുമുപരി ഫാക്ടർ–8 മരുന്നിനു കോവിഡുമായി ഒരു ബന്ധവുമില്ല.

‘വേണ്ടപ്പെട്ട’വരിൽനിന്ന് 5 കോടിക്ക് ഫെയ്സ് ഷീൽഡ്

കോവിഡ് തുടങ്ങിയശേഷം രൂപംകൊണ്ട ആൻഡ്രിയ ട്രേ‍ഡേഴ്സ് എന്ന തൃശൂരിലെ സ്ഥാപനത്തിൽനിന്ന് 5.03 കോടി രൂപയുടെ ഫെയ്സ് ഷീൽഡ് വാങ്ങിയിട്ടുണ്ട്. മെഡിക്കൽ സർവീസസ് കോർപറേഷൻ മുൻ ജനറൽ മാനേജരുടെ സുഹൃത്തായ ദേശീയ ആരോഗ്യ മിഷൻ കരാർ ജീവനക്കാരന്റേതാണ് ഈ കമ്പനി.

English Summary: KMSCL purchase scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com