ADVERTISEMENT

കുറവിലങ്ങാട് ∙ ബിഷപ്പിനെതിരായ കേസിൽ സാക്ഷിമൊഴികൾ അട്ടിമറിക്കപ്പെട്ടിട്ടില്ലെന്നും മൊഴികൾ അനുകൂലമായിരുന്നുവെന്നും പരാതി നൽകിയ കന്യാസ്ത്രീയെ പിന്തുണയ്ക്കുന്ന സിസ്റ്റർ അനുപമ പറഞ്ഞു. ‘‘പിന്നീട് എന്തു സംഭവിച്ചു എന്നു വ്യക്തമല്ല. പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാവുന്ന കാലമാണ് മുന്നിലുള്ളത്. ഇവിടെയും സംഭവിച്ചത് അതുതന്നെയാണ്. പണവും സ്വാധീനവും വേണ്ടത്രയുള്ള വ്യക്തിയാണ് എതിർപക്ഷത്ത്. ഇവ രണ്ടും ഇവിടെയും പ്രവർത്തിച്ചു’’– സിസ്റ്റർ അനുപമയും മറ്റു 3 കന്യാസ്ത്രീകളും പറഞ്ഞു.

കോടതി വിധി വിശ്വസിക്കാനാവുന്നില്ല. പൊലീസും പ്രോസിക്യൂഷനും നൽകിയ സംരക്ഷണവും നീതിയും കോടതിയിൽനിന്നു ലഭിച്ചില്ല. സഹകന്യാസ്ത്രീക്കു നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരും– നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിൽ കന്യാസ്ത്രീകൾ പ്രതികരിച്ചു. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയും പൊലീസ് സംരക്ഷണയിൽ ഇവിടെയാണു താമസിക്കുന്നത്.

ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർക്ക് എന്തു സംഭവിച്ചാലും പരാതിയും കേസുമായി പോകരുതെന്ന ദുഃഖകരമായ യാഥാർഥ്യം ഈ വിധി പഠിപ്പിക്കുന്നു. കേസിന്റെ വാദം നടക്കുന്നതു വരെ പ്രശ്നങ്ങൾ ഇല്ലായിരുന്നു. അതിനു ശേഷം അട്ടിമറിക്കപ്പെട്ടു. പൊലീസും പ്രോസിക്യൂഷനും പിന്തുണ നൽകി. അന്വേഷണത്തിൽ വീഴ്ച ഇല്ല. എവിടെയാണ് അട്ടിമറി നടന്നതെന്നു വ്യക്തമല്ല.

അപ്രതീക്ഷിത വിധിയാണ് ഉണ്ടായതെങ്കിലും മഠത്തിൽ തുടരും. പ്രതികാര നടപടികളെക്കുറിച്ച് ആശങ്കയില്ല. നീതി ലഭിക്കുന്നതു വരെ മഠത്തിൽനിന്നു പോരാട്ടം തുടരും. മഠത്തിനു പുറത്തു പൊലീസ് കാവൽ ഉള്ളതു കൊണ്ട് ഇവിടെ സുരക്ഷിതരാണ്. മഠത്തിനുള്ളിലെ കാര്യങ്ങൾ പലതും പുറത്തു പറയാൻ കഴിയില്ല. മരിക്കാൻ വരെ തയാറായി നിൽക്കുകയാണ് ഞങ്ങൾ. ഇത്രയും കാലം കൂടെ നിന്നവർ ഇനിയുള്ള പോരാട്ടത്തിലും ഞങ്ങളെ ശക്തിപ്പെടുത്താൻ ഒപ്പം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു – അവർ പറഞ്ഞു.

കന്യാസ്ത്രീ പുറത്തുവരും; പ്രതികരിക്കും

കോട്ടയം ∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീ മുഖം മറയ്ക്കാതെ പുറത്തിറങ്ങുമെന്നു സേവ് ഔവർ സിസ്റ്റേഴ്സ് മുൻ കൺവീനർ ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു. ‘‘പരാതി നൽകിയ കന്യാസ്ത്രീയെ ഇന്നലെ വിധി വന്നതിനു ശേഷം നേരിൽ കണ്ടിരുന്നു. തന്റെ പേര് പറയണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീ പുറത്തു വരും. കാര്യങ്ങൾ തുറന്നു പറയും. കന്യാസ്ത്രീ ആകെ തകർന്നിരിക്കുന്നു. അവർക്ക് പോകാൻ ഇടമില്ല’’ – ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു.

English Summary: Bishop Franco Mulakkal case verdict: Sister Anupama statement 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com