ADVERTISEMENT

കൊച്ചി ∙ വിലയിടിവിനെത്തുടർന്നു കേരഫെഡ് മുഖേന ആരംഭിച്ച സംഭരണം ഒരാഴ്ച പിന്നിടുമ്പോൾ ആകെ ലഭിച്ചത് 1715 കിലോഗ്രാം പച്ചത്തേങ്ങ. സംഭരണത്തിനായി കേരഫെഡ് തുറന്ന 5 കേന്ദ്രങ്ങളിൽ രണ്ടിടത്ത് ഇന്നലെ വരെ കർഷകർ ആരും തേങ്ങയുമായി എത്തിയിട്ടില്ല. 

മലപ്പുറം പെരുമ്പടപ്പ് നാളികേര പ്രോസസിങ് ആൻഡ് മാർക്കറ്റിങ് സൊസൈറ്റിയിലെ സംഭരണ കേന്ദ്രത്തിൽ 650 കിലോഗ്രാമും കോഴിക്കോട് നടുവണ്ണൂർ കേരഫെഡ് കോംപ്ലക്സിൽ 325 കിലോഗ്രാമും കരുനാഗപ്പള്ളി കേരഫെഡ് ഫാക്ടറിയിൽ 735 കിലോഗ്രാം തേങ്ങയും സംഭരിച്ചു. തൃശൂർ പൂച്ചുണ്ണിപ്പാടം സെയിൽസ് പോയിന്റ്, തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റ് എന്നിവിടങ്ങളിലാണ് ഒരു കിലോഗ്രാം സംഭരണം പോലും ഇനിയും നടക്കാത്തത്. അഞ്ചിനാണു കേരഫെഡ് സംഭരണ കേന്ദ്രങ്ങൾ തുറന്നത്.

സംഭരണ കേന്ദ്രങ്ങളുടെ കുറവും വിവിധ സ്ഥലങ്ങളിൽനിന്ന് ഈ കേന്ദ്രങ്ങളിലേക്കുള്ള ദൂരക്കൂടുതലും കൃഷി ഓഫിസർമാരിൽനിന്നു സാക്ഷ്യപത്രം ലഭിക്കാനുള്ള കാലതാമസവും ഇതിനായി വേണ്ടിവരുന്ന അധ്വാനവുമാണു കർഷകരുടെ തണുത്ത പ്രതികരണത്തിനു കാരണം. സംസ്ഥാനത്തു നാളികേര കമ്പനികളുടെ കീഴിലുള്ള ഇരുനൂറോളം സംഘങ്ങൾ മുഖേന പച്ചത്തേങ്ങ സംഭരണം ആരംഭിക്കാൻ കേരഫെഡിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു തീരുമാനമെടുത്തിട്ടും തുടർനടപടിയുണ്ടായില്ല. 

മാർഗനിർദേശങ്ങൾ പുറത്തിറങ്ങിയില്ല

തിരുവനന്തപുരം ∙ പച്ച‍ത്തേങ്ങ സംഭരണം തുടങ്ങി ഒരാഴ്ചയായിട്ടും കൃഷി വകുപ്പിന്റെ മാർഗനിർദേശങ്ങൾ പുറത്തിറങ്ങിയില്ല. ഈ മാസം 5 മുതലാണ് കേരഫെഡ് മുഖേന പച്ച‍ത്തേങ്ങ സംഭരണം തുടങ്ങിയത്. സംഭരണം തുടങ്ങുന്നതിനു മുൻപാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കേണ്ട‍തെങ്കിലും നടപടികൾ വൈകി. 

കിലോഗ്രാമിന് 32 രൂപ വിലയിൽ പച്ച‍ത്തേങ്ങ സംഭരിക്കാ‍നാണു കൃഷി വകുപ്പിന്റെ തീരുമാനം. എന്നാൽ, കർഷകർക്കു കേരഫെഡ് നൽകേണ്ട തുകയെക്കുറിച്ച് വ്യക്തതയില്ലാത്ത‍താണു മാർഗനിർദേശങ്ങൾ പുറത്തിറങ്ങാൻ വൈകുന്നതിനു പിന്നിലെന്നാണ് സൂചന. കഴിഞ്ഞ ദിവസം മന്ത്രി പി.പ്രസാദ് ഇതേ‍ക്കുറിച്ച് കൃഷി വകുപ്പ് ഉദ്യോഗസ്ഥരോടു വിശദീകരണം തേടി. അതേസമയം, നടപടികൾ അന്തിമഘട്ടത്തിലാണെന്നു കൃഷി വകുപ്പ് അറിയിച്ചു. പച്ച‍ത്തേങ്ങ സംഭരണം ഇന്നലെ നടന്നില്ല. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 5 ജില്ലകളിൽ നിന്നു പച്ച‍ത്തേങ്ങ സംഭരി‍ക്കാനാണ് തീരുമാനം.

6 തവണ സംഭരണം കർഷകർക്കു നഷ്ടം

എരമംഗലം (മലപ്പുറം) ∙ കൃഷി വകുപ്പു തേങ്ങ സംഭരണം വർഷത്തിൽ 6 തവണയാക്കിയതു കർഷകർക്കു തിരിച്ചടിയാകും. ഇങ്ങനെയാകുമ്പോൾ ഓരോതവണയും 2 മാസത്തെ തേങ്ങയാണു കർഷകർക്കു കേരഫെഡിനു നൽകാൻ കഴിയുക. ഇതുപ്രകാരം ഏക്കറിന് 70 തെങ്ങു കണക്കാക്കി 3500 തേങ്ങ പ്രതിവർഷം സംഭരണ കേന്ദ്രത്തിൽ എത്തിക്കാനാണു കർഷകനു കൃഷി വകുപ്പ്  സത്യവാങ്മൂലം നൽകുക. ഏക്കറിന് ശരാശരി 583 തേങ്ങ വീതമേ ഓരോ തവണയും സൊസൈറ്റിയിൽ നൽകാനാകൂ. എന്നാൽ, 2 മാസം കൂടുമ്പോൾ ഏക്കറിന് 1400 മുതൽ 1800 വരെ തേങ്ങ ലഭിക്കുന്നുണ്ടെന്നാണു കർഷകർ പറയുന്നത്.

English Summary: Coconut procurement not effective

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com