ADVERTISEMENT

പത്തനംതിട്ട ∙ കെ റെയിലിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരത്തുക, പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം എന്നിവ സംബന്ധിച്ച് ആശങ്കകൾ അറിയിച്ച് സിപിഎം നേതാക്കൾ. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, വീണാ ജോർജ് എന്നിവർ പങ്കെടുത്ത വിശദീകരണ യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം പീലിപ്പോസ് തോമസാണ് നഷ്ടപരിഹാരം സംബന്ധിച്ച ചോദ്യം ഉന്നയിച്ചത്. എത്ര രൂപ നഷ്ടപരിഹാരം ലഭിക്കുമെന്ന ചോദ്യത്തിന് കെ റെയിൽ എംഡി വി.അജിത്കുമാറിനു വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല.

വിപണി വിലയുടെ രണ്ടിരട്ടി നഗരപ്രദേശത്തും നാലിരട്ടി ഗ്രാമപ്രദേശത്തും ലഭിക്കുമെന്ന് മറുപടി നൽകിയെങ്കിലും അത് എത്രയെന്നു പറയണമെന്നു പീലിപ്പോസ് തോമസ് വീണ്ടും ആവശ്യപ്പെട്ടു. വില സംബന്ധിച്ചു തീരുമാനം എടുക്കേണ്ടത് റവന്യു വകുപ്പാണെന്നു മറുപടി നൽകി അടുത്ത ചോദ്യത്തിലേക്കു പോകാൻ എംഡി ശ്രമിച്ചെങ്കിലും പീലിപ്പോസ് തോമസ് ചോദ്യങ്ങൾ തുടർന്നു. ഒടുവിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഇടപെട്ട് നഷ്ടപരിഹാരത്തുക സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പു നൽകിയ കാര്യം വിശദീകരിച്ച് അടുത്ത ചോദ്യത്തിലേക്കു നീങ്ങി.

നിർമാണത്തിന് പാറ പൊട്ടിക്കുന്നതു വഴി പശ്ചിമഘട്ടത്തിനുണ്ടാകുന്ന മാറ്റങ്ങൾ സംബന്ധിച്ച് വ്യക്തമായ വിശദീകരണം ജനങ്ങൾക്കു നൽകണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.സനൽകുമാർ ആവശ്യപ്പെട്ടു. ഒരു സ്റ്റോപ്പ് പോലുമില്ലാതെ ജില്ലയിലൂടെ റെയിൽ പാത കടന്നു പോകുന്നതിനെ സിപിഎം ഇരവിപേരൂർ ഏരിയ കമ്മിറ്റി അംഗം എൻ.രാജീവ് വിമർശിച്ചു. ആലപ്പുഴ ജില്ലയിലെ മുളക്കുഴയിലെ സ്റ്റോപ് പത്തനംതിട്ട ജില്ലയിൽ വേണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ഇത് പദ്ധതിയുടെ ചെലവ് വർധിപ്പിക്കുമെന്നും ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നും എംഡി മറുപടി നൽകി. പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ പ്രോജക്ട് റിപ്പോർട്ട് പുറത്തുവിടാത്തത് എന്തെന്ന ചോദ്യത്തിന് അന്തിമ അനുമതിക്ക് മുൻപ് അത്തരം വിവരങ്ങൾ പുറത്തുവിടാറില്ലെന്നും എംഡി പറഞ്ഞു.

കെ െറയിലുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് സംബന്ധിച്ചു ജനങ്ങളുടെ ആശങ്ക എങ്ങനെ പരിഹരിക്കുമെന്ന് എൻസിപി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ് ചോദിച്ചു. അദാനി പോർട്ടുമായി ബന്ധപ്പെട്ടു വിഴിഞ്ഞത്ത് പാറക്കല്ലുകൾ അടുക്കിയപ്പോൾ പ്രകൃതിക്കുണ്ടായ മാറ്റം കെ റെയിലിന്റെ കാര്യത്തിലും ബാധകമല്ലേയെന്നും അദ്ദേഹം ചോദിച്ചു. പദ്ധതിക്ക് ആവശ്യമായ കല്ലുകൾ കേരളത്തിനു പുറത്ത് നിന്ന് റെയിൽ മാർഗം കൊണ്ടുവരുമെന്നായിരുന്നു എംഡിയുടെ വിശദീകരണം. ക്ഷണിക്കപ്പെട്ട അതിഥികൾക്കായിരുന്നു വിശദീകരണ യോഗത്തിൽ പ്രവേശനം.

English Summary: CPM leaders expressed concern about K Rail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com