ADVERTISEMENT

കോഴിക്കോട് ∙ വനം വകുപ്പിൽ ഇ–ടെൻഡർ സംവിധാനം അട്ടിമറിച്ച് കോടികളുടെ കൊള്ള. ഫയർ ലൈൻ തെളിക്കൽ, തേക്ക് തോട്ടം വൃത്തിയാക്കൽ, ഗള്ളി–ജണ്ട നിർമാണം തുടങ്ങിയ  ജോലികൾ ബെനാമി കരാറുകാരെ ഏൽപിച്ച്, മൂന്നിരട്ടി വരെ തുക തട്ടിയെടുക്കുന്നതായി വിവരം ലഭിച്ചു. വനം വകുപ്പ് ഓഡിറ്റ് വിഭാഗം പോലും ഈ തട്ടിപ്പിന് കൂട്ടുനിൽക്കുന്നതായി സൂചന കിട്ടിയതിനെ തുടർന്ന് അടിയന്തരമായി അന്വേഷിച്ച് വിശദീകരണം നൽകാൻ വനം മന്ത്രി പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.

5 ലക്ഷത്തിനു മുകളിലുള്ള എല്ലാ ജോലികളും ഇ–ടെൻഡറിലൂടെ മാത്രമേ നൽകാവൂ എന്നാണ് സർക്കാർ ചട്ടം. 20,000 രൂപയ്ക്കു മുകളിലുള്ള ഒരു ജോലിയും പരസ്യം നൽകാതെ കരാറുകാരനെ തീരുമാനിക്കാനും പാടില്ല. കർശനമായ ഈ വ്യവസ്ഥകൾ മറികടക്കാൻ, ഒരേ ജോലി തന്നെ പലതായി വിഭജിച്ചും തുക 5 ലക്ഷത്തിൽ താഴെയാക്കി നിർത്തിയുമാണ് ഇ–ടെൻഡർ നൂലാമാലകൾ ഒഴിവാക്കുന്നത്. 

മാധ്യമങ്ങളിൽ പരസ്യം ചെയ്യാതെ, ഓഫിസ് നോട്ടിസ് ബോർഡിൽ മാത്രമായിരിക്കും പ്രവൃത്തി വിശദാംശങ്ങൾ നൽകുക. പ്രദേശത്തു തന്നെയുള്ള ബെനാമി കരാറുകാരെ വിളിച്ചു വരുത്തി ജോലി ഏൽപിക്കുകയും ചെയ്യും. ഒരു കിലോമീറ്റർ അടിക്കാട് വെട്ടാനായി 19,000 രൂപ എസ്റ്റിമേറ്റിൽ കാണിക്കുമ്പോൾ ആറായിരം രൂപയിൽ താഴെ മാത്രമാണ് യഥാർഥ ചെലവെന്ന് വനം ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു. ശേഷിക്കുന്ന തുക മുകൾത്തട്ട് മുതൽ താഴോട്ടുള്ളവർ വരെ വീതിച്ചെടുക്കുകയാണ് പതിവ്.

വയനാട് ബത്തേരിയിൽ സമാന രീതിയിൽ വൻ കൊള്ള നടന്നതായുള്ള പരാതിയിൽ പൊലീസ് വിജിലൻസ് അന്വേഷണം നടത്തി, ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാൻ നിർദേശിച്ചിട്ടുണ്ട്.

Content Highlight: Forest fraud

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com