ADVERTISEMENT

കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവർ നൽകിയ മുൻകൂർ ജാമ്യ ഹർജി 18ന് പരിഗണിക്കാൻ മാറ്റി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്നു കോടതി വാക്കാൽ പറഞ്ഞു.

പൂർണമായും പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അല്ലേ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെന്നു ജസ്റ്റിസ് പി.ഗോപിനാഥ് ആരാഞ്ഞു. അടുത്ത തവണ ഹർജി പരിഗണിക്കുന്നതുവരെ അറസ്റ്റിൽ നിന്നു സംരക്ഷണം നൽകാനാണ് ഉദ്ദേശിക്കുന്നതെന്നു കോടതി വ്യക്തമാക്കി. എന്നാൽ അറസ്റ്റ് ചെയ്യരുതെന്നു നേരത്തെ നൽകിയ നിർദേശം പാലിക്കുമെന്നു സർക്കാർ ഉറപ്പു നൽകിയതിനെ തുടർന്നു കോടതി ഇതുസംബന്ധിച്ച് ഉത്തരവിട്ടില്ല.

ഇതിനിടെ, ദിലീപിന്റെ വീട്ടിലും സ്ഥാപനത്തിലും നടന്ന പരിശോധന നടന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഈ കേസിൽ ഇനി എന്തു പരിശോധന നടത്താനാണെന്ന് അഭിഭാഷകൻ ചോദിച്ചു. സേർച് വാറന്റ് ഉണ്ടായിരുന്നെന്ന് സർക്കാർ അറിയിച്ചെങ്കിലും വീടിന്റെ മതിൽ ചാടിക്കടന്നും മറ്റുമാണ് പരിശോധനയെന്നും ഇത്തരം രീതികളാണ് എതിർക്കുന്നതെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഉറപ്പു നൽകിയതിനാൽ ഉത്തരവ് ആവശ്യമില്ലെന്നു കോടതി വ്യക്തമാക്കി. ഓ‍ഡിയോക്ലിപ്പുകൾ പകർപ്പ്, ബാലചന്ദ്രകുമാറിന്റെ മൊഴി എന്നിവ സർക്കാർ ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.

ദിലീപ്, സഹോദരൻ പി.ശിവകുമാർ (അനൂപ്), ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ. സൂരജ്, ദിലീപിന്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണു ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിച്ചത്. കേസിലെ നാലും അഞ്ചും പ്രതികളായ അപ്പുവും ബൈജുവും കഴിഞ്ഞ ദിവസമാണ് ജാമ്യാപേക്ഷ നൽകിയത്. 

English Summary: Actor Dileep's anticipatory bail petition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com