ADVERTISEMENT

തിരുവനന്തപുരം∙ സിൽവർ ലൈൻ വേഗ റെയിൽ പാതയ്ക്കായി ഭൂമി നൽകുന്ന ഒരു കുടുംബവും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫ് ഉപേക്ഷിച്ച ഗെയ്ൽ പദ്ധതിയും ദേശീയപാത വികസനവും ഏറ്റെടുത്തു യാഥാർഥ്യമാക്കി കാണിച്ചു കൊടുത്തവരാണ് എൽഡിഎഫ് സർക്കാർ– വേഗറെയിൽ പദ്ധതി തങ്ങൾ ഉപേക്ഷിച്ചതാണെന്ന യുഡിഎഫിന്റെ വാദത്തെ പരിഹസിച്ചു കൊണ്ടു മുഖ്യമന്ത്രി പറഞ്ഞു. സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

യുഡിഎഫും ബിജെപിയും ജമാഅത്തെ ഇസ്‌ലാമിയും എല്ലാം ചേർന്നു സിൽവർ ലൈൻ പദ്ധതിയെ അട്ടിമറിച്ചേ തീരൂവെന്ന വാശിയിലാണ്. കേരളത്തെ നവ കേരളമാക്കി മാറ്റാനുള്ളതാണ് ആ പദ്ധതി. വികസന കാര്യത്തിൽ സംസ്ഥാനത്തിനുള്ള പരിമിതി മറികടക്കണമെങ്കിൽ പശ്ചാത്തല സൗകര്യ വികസനം മെച്ചപ്പെട്ടേ പറ്റൂ. വിഴിഞ്ഞത്തു നിന്നുള്ള ചരക്കു നീക്കത്തിനടക്കം സിൽവർ ലൈൻ സഹായകരമാകും. ഇപ്പോൾ ഇതിനായി കണക്കാക്കുന്ന 64000 കോടി രൂപയിൽ കൂടുതൽ ചെലവാകുമെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന വാദവും അടിസ്ഥാനരഹിതമാണ്. സിൽവർ ലൈനിന് പ്രതിദിനം ഒരു ലക്ഷം യാത്രക്കാരുണ്ടാകും. ഇതു പിന്നെയും വർധിക്കും. അതോടെ പദ്ധതി സ്വയംപര്യാപ്തമാകും– മുഖ്യമന്ത്രി അവകാശപ്പെട്ടു. 

മുഖ്യമന്ത്രി പിടിവാശി അവസാനിപ്പിക്കണം: ഉമ്മൻചാണ്ടി

ചാത്തന്നൂർ (കൊല്ലം) ∙ കെ റെയിൽ പദ്ധതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിടിവാശി ഉപേക്ഷിക്കണമെന്നു മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എന്തു വില കൊടുത്തും കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന പിണറായി വിജയന്റെ നിലപാടാണ് പ്രശ്നം സൃഷ്ടിക്കുന്നത്. കെ റെയിൽ പദ്ധതിക്കെതിരെ യുഡിഎഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

വെല്ലുവിളിക്കുകയല്ല, കേരളത്തിൽ ആരു വിചാരിച്ചാലും കെ റെയിൽ പദ്ധതി നടപ്പാക്കാൻ കഴിയില്ല. കാരണം അതിനുള്ള സാമ്പത്തിക ശേഷി നമുക്കില്ല. ഇത്രയും കുടുംബങ്ങളെ വഴിയാധാരമാക്കാനും കഴിയില്ല. കെ റെയിലിനുള്ള പാറയും മണ്ണും മണലും എവിടെ നിന്ന് കിട്ടാനാണ്. ഇതിനു പകരം സബേർബൻ പദ്ധതി നടപ്പാക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

English Summary: Pinarayi Vijayan defends K Rail project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com