ADVERTISEMENT

തിരുവനന്തപുരം ∙ ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റാത്ത വിധിയാണ് കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട കേസിലുണ്ടായതെന്ന് അന്വേഷണത്തിനു മേൽനോട്ടം വഹിച്ച എസ്പി എസ്.ഹരിശങ്കർ. വളരെ അസാധാരണമായ ഈ വിധി ഞെട്ടലോടെയാണു നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പൊലീസ് ആസ്ഥാനത്ത് എഐജിയായ ഹരിശങ്കർ കോട്ടയം എസ്പി ആയിരിക്കെയാണ് ഈ കേസ് അന്വേഷണത്തിനു മേൽനോട്ടം വഹിച്ചത്.

ഹരിശങ്കർ മാധ്യമങ്ങളോടു പറഞ്ഞത്:

‘‘ഒരുപക്ഷേ ഇന്ത്യയിൽ തന്നെ ഈ വിധി വേറിട്ടു നിൽക്കും. പീഡനക്കേസിൽ ഇരയുടെ മാനസികാവസ്ഥയും മൊഴിയും ഉൾക്കൊണ്ടുള്ളതാണ് ഇന്ത്യൻ നിയമ വ്യവസ്ഥയിൽ മേൽക്കോടതികളുടെ മാർഗനിർദേശം. ഇരയുടെ മൊഴി മാത്രം ശിക്ഷ വിധിക്കാൻ പര്യാപ്തമാണെന്നു സുപ്രീം കോടതി അടക്കം പറഞ്ഞിട്ടുണ്ട്. നിർഭയ കേസിനു ശേഷം ഇത്തരം പീഡന കേസുകളിൽ സുപ്രീംകോടതിയും ഹൈക്കോടതിയുമൊക്കെ നടത്തിയ നിരീക്ഷണങ്ങളിൽനിന്നു വ്യത്യസ്തമാണ് ഈ വിധി. പ്രോസിക്യൂഷൻ സാക്ഷികൾ കൃത്യമായി മൊഴി പറഞ്ഞ കേസ്. അത്തരം ഒരു കേസിൽ ഈ വിധി നിയമപരമായി ഞെട്ടിപ്പിക്കുന്നതാണ്.

100% ശിക്ഷ പ്രതീക്ഷിച്ചിരുന്നു. ഇത്തരം കേസിൽ ഇങ്ങനെ ഒരു വിധി വന്നത് എങ്ങനെ എന്നതു ഇന്ത്യൻ നിയമവ്യവസ്ഥയിൽ തന്നെ അദ്ഭുതമായിരിക്കും. 2014 മുതൽ 2016 വരെ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ 2018 ലാണു പരാതിയുമായി വരുന്നത്. ഒരു മേലധികാരിയുടെ കീഴിൽ നിൽക്കുന്ന കന്യാസ്ത്രീയുടെ നിലനിൽപു തന്നെ പീഡിപ്പിക്കുന്ന ആ ആളിനെ ആശ്രയിച്ചു നിൽക്കുന്നതാണ്. അവർ നാളെ ജീവിക്കണോ മരിക്കണോ എന്നു തീരുമാനിക്കാൻ കഴിവുള്ള ആളാണ് എതിർപക്ഷത്തു വരുന്നത്. അത്തരം ഒരു സാഹചര്യത്തിൽ ഒരു സ്ത്രീ അപ്പോൾ തന്നെ പ്രതികരിക്കണമെന്നു പറയുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല.

അവരുടെ സഹോദരി ഇതേ സഭയിൽ കന്യാസ്ത്രീയാണ്. അവരെ അപായപ്പെടുത്താം. അവരുടെ കുടുംബത്തെ മൊത്തത്തിൽ ഒറ്റപ്പെടുത്താം. ഇതെല്ലാം ആലോചിച്ച്, 2 വർഷം വളരെ മാനസിക സമ്മർദത്തിൽ ഇതു പുറത്തു പോലും പറയാൻ കഴിയാത്ത രീതിയിൽ അനുഭവിച്ചു. സഹ കന്യാസ്ത്രീകളോടു പോലും പറഞ്ഞില്ല. ശേഷം ഒരു കൗൺസലറോടു പറഞ്ഞു. അവർ ആശ്വസിപ്പിച്ചു. ശേഷം പല ധ്യാനങ്ങളിൽ പങ്കെടുത്ത് മനഃശക്തി നേടാൻ ശ്രമിച്ചു. പല സ്ഥലത്തും കുമ്പസാരിക്കാൻ ശ്രമിച്ചു, ആരും അവർ പറയുന്നതു കേട്ടില്ല. ഒടുവിൽ അട്ടപ്പാടിയിൽ കുമ്പസാരവേളയിൽ ഒരു വൈദികൻ നൽകിയ മാനസിക ബലത്തിലാണ്, തിരിച്ചെത്തി സഹ കന്യാസ്ത്രീകളോടു പോലും വിവരം പറയുന്നത്. അവരും ഇവർക്കു മാനസിക പിന്തുണ നൽകുന്നു. അതേത്തുടർന്ന് പിന്നീടു ഭീഷണികൾക്കു വഴങ്ങിയില്ല.

അവർ ആദ്യമായി ഒരു പ്രതിഷേധ സ്വരം ഉയർത്തിയതോടെ, വിവരങ്ങൾ പുറത്തുവരുമെന്നു ഭയന്ന് എതിർപക്ഷം ഇവർക്കെതിരെ പലതരത്തിലുള്ള അച്ചടക്ക നടപടികളെടുത്തു, സ്ഥലം മാറ്റി. ഒടുവിൽ അവർക്കെതിരെ കള്ളക്കേസ് കൊടുത്തു. കള്ളപ്പരാതി ജലന്തറിൽ വിളിച്ചു വരുത്തി എഴുതി വാങ്ങിയതാണെന്ന് ഒരു സാക്ഷി കോടതിയിൽ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 2018ൽ കന്യാസ്ത്രീ പൊലീസിൽ പരാതിയുമായി വരുന്നത്.

ഒരുപാടു സാക്ഷികൾ കൃത്യമായ മൊഴി പറഞ്ഞിട്ടുണ്ട്. അവയെ ബന്ധിപ്പിക്കുന്ന തെളിവുമുണ്ട്. ഈ കേസിൽ എല്ലാ സാക്ഷികളും സാധാരണക്കാരാണ്. പലരും ഈ സംവിധാനത്തിനുള്ളിൽ ഉള്ളവരാണ്. ഒരു കന്യാസ്ത്രീ മൊഴി പറയാൻ കോടതിയിൽ വരുന്ന സമയത്ത്, നിങ്ങൾ മൊഴി പറഞ്ഞു പുറത്തിറങ്ങുമ്പോൾ ഞാൻ ആത്മഹത്യ ചെയ്യുമെന്ന് അവരുടെ അമ്മ ഭീഷണിപ്പെടുത്തി. അപ്പോൾ സ്വതന്ത്രമായി മൊഴി പറയാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു പ്രോസിക്യൂഷൻ അവരെ അനുനയിപ്പിച്ചു.

മെഡിക്കൽ തെളിവുകളുമുണ്ട്. ഒരു കന്യാസ്ത്രീയെ സംബന്ധിച്ചിടത്തോളം കന്യകാത്വം നഷ്ടപ്പെടുക എന്നത് അസാധാരണ സംഭവമാണ്. ഇത്തരം ഒരുപാടു തെളിവുകൾ നിലനിൽക്കുന്ന ഒരു കേസിൽ സുപ്രീം കോടതിയും ഹൈക്കോടതിയും ഒരു പീഡനക്കേസ് അവലോകനം ചെയ്യുമ്പോൾ എന്തൊക്കെ മാനദണ്ഡങ്ങളാണു പാലിക്കേണ്ടതെന്ന വ്യക്തമായ വിധിയും നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ വിധിയെ കാണേണ്ടത്.

ഈ വിധിക്ക് ഒരു സാമൂഹിക വശം കൂടിയുണ്ട്. ഒരു സ്ത്രീ അവർക്കു കിട്ടിയ കച്ചിത്തുരുമ്പിൽ പിടിച്ചുകയറി ഇവിടെ വരെ പോരാടിയ കേസാണിത്. ഇതുപോലെ നൂറു കണക്കിനു നിശ്ശബ്ദർ വേറെയുണ്ട്. ജീവനു ഭീഷണിയുള്ളതുകൊണ്ടാണ് അവരൊക്കെ പീഡനം പുറത്തുപറയാൻ മടിക്കുന്നത്. അങ്ങനെയുള്ളവർക്ക് ഈ കോടതി വിധി എന്തു സന്ദേശമാണു കൊടുക്കുന്നത്? ഈ കേസിൽ അനുകൂല വിധി വന്നിരുന്നെങ്കിൽ പരാതിയുമായി മുന്നോട്ടു വരുമായിരുന്നവരെ നിശ്ശബ്ദരാക്കുകയാണ് ഈ വിധി.

ഈ കേസിന്റെ മൂലകാരണം സ്ത്രീയ്ക്കു നേരെയുണ്ടായ ലൈംഗികാതിക്രമമാണ്. അതിനു ദൃക്സാക്ഷികൾ ഉണ്ടാകില്ല. ഇതിലെ പ്രധാന സാക്ഷി ഇരയാണ്. അവരുടെ മൊഴിയും മെഡിക്കൽ തെളിവുകളുമാണ് ഏറ്റവും പ്രധാനം. പല സാക്ഷികളെയും എതി‍ർപക്ഷം സ്വാധീനിക്കാൻ സമീപിച്ചിരുന്നു. അതിനു കോട്ടയത്തു വേറെ കേസുകളുണ്ട്. പ്രതിഭാഗം ഹാജരാക്കിയ സാക്ഷികളാരും ഒരു വസ്തുതയും വിശ്വസനീയമായി പറയാൻ കഴിയുന്നവരായിരുന്നില്ല. പ്രോസിക്യൂഷൻ സാക്ഷികൾ കൃത്യമായി മൊഴി നൽകി. എന്തു വ്യാഖ്യാനമാണ് കോടതി നടത്തിയിട്ടുള്ളതെന്നു വിധിപ്പകർപ്പ് ലഭിച്ചാലേ അറിയാനാകൂ. സാക്ഷികളായ കന്യാസ്ത്രീകൾക്കു സുരക്ഷ നൽകും.’’

English Summary: S Harishankar on Bishop Franco Mulakkal case verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com