ADVERTISEMENT

പാറശാല ∙ രണ്ടാം പിണറായി സർക്കാർ പോരെന്ന് സിപിഎം ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ തുറന്നുപറഞ്ഞു. മുഖ്യമന്ത്രി അടക്കം സിപിഎം മന്ത്രിമാരുടെ ഓഫിസുകൾക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. സാധാരണ പാർട്ടി അംഗങ്ങളുടെ വിയർ‍പ്പാണ് ഈ സർക്കാർ എന്നു മനസ്സിലാക്കണം. മന്ത്രിമാരുടെ ഓഫിസിലെത്തുന്നവരോട് മാന്യമായി പെരുമാറണം – പ്രതിനിധികൾ ആവശ്യപ്പെട്ടു.

ആഭ്യന്തര, തദ്ദേശ സ്വയംഭരണ, ആരോഗ്യ, വ്യവസായ വകുപ്പുകളും മന്ത്രിമാരുടെ ഓഫിസുകളുമാണ് കടുത്ത ആക്ഷേപത്തിനു വിധേയമായത്. സിപിഐ മന്ത്രിമാരുടെ ഓഫിസുകളെയും പ്രതിനിധികൾ പ്രഹരിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ വേഗം ഈ സർക്കാരിനില്ലെന്നും മന്ത്രിമാരുടെ ഓഫിസുകളിൽ അലംഭാവം പ്രകടമാണെന്നും വി.കെ.പ്രശാന്ത് എംഎൽഎ ആരോപിച്ചു. കോർപറേഷനിലെ എസ്‌സി എസ്ടി ഫണ്ട് അഴിമതിയിൽ കർശന നടപടി വേണമെന്ന് മുൻമേയർ കൂടിയായ പ്രശാന്ത് പറഞ്ഞു.

ഭരണത്തിൽ അനാവശ്യമായി ഇടപെടേണ്ടെന്ന മുഖ്യമന്ത്രിയുടെ വാദത്തെ അംഗീകരിക്കുമ്പോൾതന്നെ ഭരണത്തിൽ നീതി കൂടി ഉറപ്പാക്കണമെന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. കോൺഗ്രസുകാരും സിപിഎമ്മുകാരും തമ്മിലുള്ള തർക്കം പൊലീസിലെത്തിയാൽ സിപിഎമ്മുകാരെ മാറ്റിനിർത്തി മൊഴി കൊടുത്തത് ശരിയായില്ലെന്നും മറ്റും പറഞ്ഞ് അവരെ കുറ്റപ്പെടുത്തുന്ന ശൈലിയാണ് പൊലീസിന്റേത്. പൊലീസിൽ നിന്ന് നന്മയല്ല, തിന്മയാണ് ലഭിക്കുന്നതെന്ന പ്രതീതിയുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉത്തരവാദപ്പെട്ടവർ ആരെങ്കിലുമുണ്ടോ എന്ന സംശയം ഉളവാക്കുന്ന അവസ്ഥയാണ്. പല മന്ത്രിമാരുടെയും ഓഫിസിൽ എത്തുമ്പോൾ ആരുടെയോ ക്വട്ടേഷനുമായി വന്നെന്ന ഭാവമാണ് അവിടെ ഉള്ളവർക്ക്. ആരോഗ്യമന്ത്രിയുടെ ഓഫിസിൽ പാവങ്ങൾക്കു ചെല്ലാനാവാത്ത അവസ്ഥയാണ്. വ്യവസായ മന്ത്രിയുടെ ഓഫിസിൽ പ്രമാണിമാർക്കാണ് പരിഗണന.

തദ്ദേശ സ്വയംഭരണ വകുപ്പിൽ ഉദ്യോഗസ്ഥ മേധാവിത്വമാണ്. ഈ ജനവിരുദ്ധരെ നിയന്ത്രിക്കാൻ വകുപ്പിനു കഴിയുന്നില്ല. തലസ്ഥാനത്തെ മന്ത്രി വി.ശിവൻകുട്ടിയുടെ പ്രവർത്തനത്തെ പ്രതിനിധികൾ പ്രശംസിച്ചു. മന്ത്രി പി.എ.മുഹമ്മദ് റിയാസിനും അഭിനന്ദനം ലഭിച്ചു.

ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ മിന്നുന്ന ജയത്തിന്റെ പേരിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നേതൃത്വത്തെ പ്രതിനിധികൾ പ്രശംസിച്ചു. വലിയ വിജയത്തിലും കോവളത്തെ വൻതോൽവി വേണ്ടവിധം പരിശോധിച്ചില്ലെന്ന പരാതി ഉയർന്നു. പാർട്ടിക്കകത്തെ സ്ത്രീവിരുദ്ധ നിലപാടും വിമർശനവിധേയമായി.

കെ റെയിലിൽ വീഴ്ചയെന്നു പ്രതിനിധികൾ

കെ റെയിൽ പദ്ധതി സുതാര്യമാണെന്നു ബോധ്യപ്പെടുത്തുന്നതിൽ വീഴ്ച ഉണ്ടായെന്നും പ്രതിനിധികളിൽനിന്നു വിമർശനം ഉയർന്നു. കെ റെയിൽ അഴിമതി നടത്താനാണ് എന്ന പ്രചാരണത്തെ പ്രതിരോധിക്കാൻ കഴിയണം. പ്രഖ്യാപിച്ച കെ–ഫോൺ പദ്ധതിയുടെ അവസ്ഥ എന്താണെന്ന് ഒരു പ്രതിനിധി ചോദിച്ചു.

English Summary: V.K. Prakash slams Pinarayi Government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com