ADVERTISEMENT

മലപ്പുറം ∙ സിൽവർലൈൻ വിശദ പദ്ധതിരേഖയുടെ (ഡിപിആർ) കാര്യത്തിൽ പിടിവാശികളില്ലെന്നും ചർച്ചകളുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്താനാകുമെന്നും മന്ത്രി എം.വി.ഗോവിന്ദൻ. ‘ജനസമക്ഷം സിൽവർ ലൈൻ’ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ഡിപിആർ അന്തിമ വാക്കല്ല. മാറ്റം വരുത്താനാകും. സർവേ നടത്തി കല്ലിടുന്നത് അതിനു തടസ്സമാകില്ല. വികസന പദ്ധതികൾക്ക് സ്ഥലമേറ്റെടുക്കൽ ഒഴിവാക്കാനാവില്ല. ദേശീയപാത വികസനം, ഗെയ്ൽ പദ്ധതി എന്നിവയുടെ കാര്യത്തിലെല്ലാം തുടക്കത്തിൽ വളരെയധികം പ്രതിഷേധങ്ങളുണ്ടായി. എന്നാൽ, ശരിയായ പുനരധിവാസ പാക്കേജും ആവശ്യമായ നഷ്ടപരിഹാരവും നൽകിയതോടെ ഈ പ്രതിഷേധങ്ങളെല്ലാം കെട്ടടങ്ങിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

വനമേഖലയിലൂടെയോ പരിസ്ഥിതിലോല പ്രദേശങ്ങളിലൂടെയോ സിൽവർ ലൈൻ കടന്നുപോകുന്നില്ല. അതേസമയം, വിമർശനങ്ങളെ ഗൗരവപൂർവം തന്നെയാണ് കാണുന്നതെന്നും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും അദ്ദേഹം പറഞ്ഞു. കെ റെയിൽ മാനേജിങ് ഡയറക്ടർ വി.അജിത്കുമാർ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള വിശദീകരണവും സംശയനിവാരണവും നടത്തി. സിൽവർ ലൈനിന്റെ ഭാഗമായുള്ള തിട്ടകൾ വെള്ളപ്പൊക്കത്തിനു കാരണമാകുമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങളോടെയാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈൻ പദ്ധതിക്ക് കുറഞ്ഞനിരക്കിൽ വൈദ്യുതി നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു. വൈദ്യുതിവിലയിൽ കുറവുണ്ടായാൽ ടിക്കറ്റ് നിരക്കു കുറയ്ക്കാനാകുമെന്നു കെ റെയിൽ എംഡി വി.അജിത്കുമാർ പറഞ്ഞു.മന്ത്രി വി.അബ്ദുറഹിമാൻ, പി.നന്ദകുമാർ എംഎൽഎ, നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, കെ റെയിൽ പ്രോജക്ട് ആൻഡ് പ്ലാനിങ് ഡയറക്ടർ പി.ജയകുമാർ, കെ റെയിൽ ജോയിന്റ് ജനറൽ മാനേജർ ജി. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.

English Summary: Minister MV Govindan on silverline DPR change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com