ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപിന്റെ അടുത്ത സുഹൃത്തായ ‘ശരത്തി’നെയും ഖത്തറിലെ ബിസിനസ് പങ്കാളിയായ മെഹ്ബൂബ് പി. അബ്ദുല്ലയെയും ക്രൈംബ്രാഞ്ച് ഒരുമിച്ചു ചോദ്യം ചെയ്യും.

ഗൂഢാലോചനാക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന ‘വിഐപി’ താനല്ലെന്നു വ്യക്തമാക്കി മെഹ്ബൂബ് രംഗത്തു വന്നിരുന്നു. എന്നാൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിച്ച ശരത്ത് ഫോൺ ഓഫാക്കി മുങ്ങി. ദിലീപിന്റെ അടുത്ത സുഹൃത്തെന്ന് അവകാശപ്പെടുന്ന ശരത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

പ്രതികൾ നടത്തിയ ഗൂഢാലോചനയുടെ ശബ്ദരേഖയുമായി ശാസ്ത്രീയമായി ഒത്തുനോക്കാൻ ഇരുവരുടെയും ശബ്ദ സാംപിളുകൾ അന്വേഷണ സംഘം ശേഖരിക്കും. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനയിലെ ആറാം പ്രതിയായ ‘വിഐപി’യെ തിരിച്ചറിയാൻ വൈകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും.

സംവിധായകൻ ബാലചന്ദ്രകുമാർ ആറാം പ്രതിയെ വിഐപിയെന്നാണു വിശേഷിപ്പിച്ചതെങ്കിലും അങ്ങനെ വിളിക്കത്തക്ക പദവികളൊന്നുമില്ലാത്തയാളാണ് ആറാം പ്രതിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 2017 നവംബർ 15നു ദിലീപിന്റെ വീട്ടിലെത്തിയ ആറാം പ്രതി കൈമാറിയ പെൻ ഡ്രൈവിൽ പൾസർ സുനി നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നെന്നാണു സംവിധായകന്റെ വെളിപ്പെടുത്തൽ.സംഭവ ദിവസം ദിലീപിന്റെ വീട്ടിൽ ആറാം പ്രതിക്കു ലഭിച്ച പരിഗണനയും മന്ത്രിമാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ഇയാൾക്കുണ്ടെന്നു കരുതുന്ന അടുത്തബന്ധവുമാണ് ഇയാളെ ‘വിഐപി’യെന്നു വിളിക്കാൻ കാരണമെന്നു ബാലചന്ദ്രകുമാർ വ്യക്തമാക്കി.

കുറ്റകൃത്യത്തിനു ശേഷം നടൻ ദിലീപുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യവസായിയിലേക്കാണ് ഇപ്പോൾ അന്വേഷണം കേന്ദ്രീകരിക്കുന്നത്. ഉദ്യോഗസ്ഥരെ വകവരുത്താനുള്ള ഗൂഢാലോചനയ്ക്കു പുറമേ നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾക്കു കൈമാറിയത് ആരാണെന്നും കണ്ടെത്തേണ്ടതുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന തുടരന്വേഷണത്തിന്റെ റിപ്പോർട്ട് 20നു വിചാരണക്കോടതിക്കു കൈമാറണം.

സാക്ഷി വിസ്താരം നിർത്തിവച്ചു തുടരന്വേഷണം നടത്താനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ വിചാരണക്കോടതിയും ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപും കൂട്ടുപ്രതികളും നൽകിയ മുൻകൂർ ജാമ്യഹർജി ഹൈക്കോടതിയും പരിഗണിക്കുന്നതു നാളെയാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് പരസ്യമാക്കില്ല: സതീദേവി 

മലയാള സിനിമാ രംഗത്തു സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പരസ്യമാക്കാൻ കഴിയില്ലെന്ന് സംസ്ഥാന വനിതാ കമ്മിഷൻ. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിയമനിർമാണം നടത്തുമെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. സിനിമാരംഗത്തു പ്രവർത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു.  

റിപ്പോർട്ട് പുറത്തു വിടണമെന്നും സിനിമാ മേഖലയിൽ ആഭ്യന്തര പരാതി സമിതി രൂപീകരിക്കണം തുടങ്ങിയ ആവശ്യങ്ങളുമായാണ് ഡബ്ല്യുസിസി അംഗങ്ങൾ വനിതാ കമ്മിഷനെ സന്ദർശിച്ചത്. എന്നാൽ ജസ്റ്റിസ് ഹേമയുടെ അധ്യക്ഷതയിലുള്ള സമിതി എൻക്വയറി കമ്മിഷൻ ആക്ട് അനുസരിച്ചുള്ള കമ്മിഷനല്ല, കമ്മിറ്റിയാണെന്നും   അതുകൊണ്ട്  റിപ്പോർട്ട് നിയമസഭയിൽ വയ്ക്കേണ്ട കാര്യമില്ലെന്നുമാണ് കഴിഞ്ഞ മന്ത്രിസഭയിലെ സാംസ്കാരിക മന്ത്രി അറിയിച്ചതെന്നു പി.സതീദേവി വ്യക്തമാക്കി. അതേ സമയം  റിപ്പോർട്ട്  പരിശോധിച്ചു സർക്കാർ തുടർനടപടികൾ സ്വീകരിക്കും.  നടിമാരായ പാർവതി തിരുവോത്ത്, പത്മപ്രിയ, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായിക അഞ്ജലി മേനോൻ എന്നിവരാണ് കമ്മിഷനുമായി കൂടിക്കാഴ്ച നടത്തിയത്.

English Summary: Dileep's partners to be interrogated

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com