ചാൻസലർ പദവി: അഭ്യർഥിച്ച് മുഖ്യമന്ത്രി; തീരുമാനം വ്യക്തമാക്കാതെ ഗവർണർ

HIGHLIGHTS
  • ചാൻസലറുടെ ചുമതല തുടർന്നും നിർവഹിക്കണമെന്ന് മുഖ്യമന്ത്രിയുടെ അഭ്യർഥന
arif-muhammad-khan-pinarayi
മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും (ഫയല്‍ ചിത്രം)
SHARE

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ ചാൻസലറുടെ ചുമതല ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും നിർവഹിച്ചു തുടങ്ങുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ചാൻസലർ തീരുമാനം എടുക്കേണ്ട ഫയലുകൾ രാജ്ഭവനിൽ എത്തിയാലേ ഇനി ഗവർണറുടെ നിലപാട് വ്യക്തമാകൂ.

ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും 13 സർവകലാശാലകളിൽ നിന്നുമാണു ചാൻസലർക്കു ഫയൽ എത്തേണ്ടത്. ചാൻസലറുടെ അധികാരത്തിൽ ഇടപെടുന്നതായി പറഞ്ഞ് ഗവർണർ ഇടഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിനു ഫയൽ അയയ്ക്കുന്നത് അവർ നിർത്തിവച്ചിരുന്നു. അതുവരെ ലഭിച്ച ഫയലുകൾ മുഖ്യമന്ത്രിയുടെ ഓഫിസിലേക്കു ഗവർണർ അയച്ചു കൊടുക്കുകയും ചെയ്തു.

സർവകലാശാലകളിൽ സർക്കാർ രാഷ്ട്രീയ ഇടപെടൽ നടത്തിയിട്ടില്ലെന്നും ഇനി അത്തരമൊരു സാധ്യത ഇല്ലെന്നുമാണു ഗവർണർക്ക് അയച്ച നാലു കത്തുകളിലും മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ ചാൻസലറുടെ ചുമതല നിർവഹിക്കാൻ ഗവർണർ തയാറാകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ചാൻസലർ പദവി ഒഴിഞ്ഞതായി പ്രഖ്യാപിച്ചെങ്കിലും കണ്ണൂർ വൈസ് ചാൻസലർ നിയമനം സംബന്ധിച്ചു ഹൈക്കോടതിയിലുള്ള കേസിൽ ചാൻസലർക്കു വേണ്ടി സീനിയർ അഭിഭാഷകനെ നിയോഗിക്കാൻ ഗവർണർ തയാറായിരുന്നു. ഈ കേസിൽ കോടതി നിലപാടു നിർണായകമാകും.

മുഖ്യമന്ത്രി യുഎസിലേക്കു പോകുന്നതിനു മുൻപു രണ്ടു തവണ ഗവർണറെ ഫോണിൽ വിളിച്ചു കാര്യങ്ങൾ വിശദീകരിച്ചതോടെ സംഘർഷത്തിന് അയവു വന്നു. കഴിഞ്ഞ മാസം 8നാണ് ചാൻസലർ പദവി ഒഴിയുന്നതായി ഗവർണർ വ്യക്തമാക്കിയത്. ഒരു മാസത്തിലേറെ ആയെങ്കിലും ചാൻസലറുടെ ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല. നിയമപ്രകാരം ഗവർണർ തന്നെയാണ് ഇപ്പോഴും കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ. അദ്ദേഹം തീരുമാനമെടുക്കേണ്ട പല ഫയലുകളും സർവകലാശാലകളിലും മറ്റും കെട്ടിക്കിടക്കുകയാണ്. ഇതു സർവകലാശാലകളെ ഭരണപ്രതിസന്ധിയിലേക്കു നയിക്കുമെന്നതിനാൽ ഗവർണർ തീരുമാനം എടുത്തു തുടങ്ങുമെന്നാണു പ്രതീക്ഷ.

വീണ്ടും ചാൻസലറായി പ്രവർത്തിച്ചു തുടങ്ങിയാൽ കടുത്ത നടപടി ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സർവകലാശാലയുടെ തലപ്പത്ത് ഉള്ളവർക്കെതിരെ നടപടി എടുക്കുന്നതു പോലുള്ള കടുത്ത തീരുമാനങ്ങൾ ഗവർണർ സ്വീകരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

Content Highlight: Arif Mohammad Khan, Government of Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA