ADVERTISEMENT

കൊച്ചി∙ ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ അടുത്ത കൂട്ടാളിയായ ആലുവ സ്വദേശി ശരത്തിന്റെ തോട്ടുമുഖത്തെ വീട്ടിലും ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജിന്റെ കൊച്ചിയിലെ ഫ്ലാറ്റിലും ക്രൈംബ്രാഞ്ച് ഇന്നലെ രാത്രി പരിശോധന നടത്തി. 

സംവിധായകൻ ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനു കൈമാറിയ ശബ്ദരേഖയിൽ ശരത്തിന്റെ ശബ്ദവും തിരിച്ചറിഞ്ഞതും ദിലീപിന്റെ ബിസിനസ് പങ്കാളിയായ മെഹ്ബൂബ് പി. അബ്ദുല്ല നൽകിയ മൊഴികളുമാണ് അന്വേഷണ സംഘത്തെ ശരത്തിലേക്ക് എത്തിച്ചത്. ഉച്ചയ്ക്ക് 3.30ന് ക്രൈംബ്രാഞ്ച് എസ്പി എം.പി. മോഹനചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ആരംഭിച്ച പരിശോധന രാത്രി 8.30നാണു പൂർത്തിയായത്. 

നിലവിൽ അന്വേഷണം ശരത്തിലാണ് എത്തിനിൽക്കുന്നതെന്നു മാധ്യമപ്രവർത്തകരോടു പറഞ്ഞ എസ്പി കൂടുതൽ വിവരങ്ങൾ ഇന്നു കോടതിയിൽ നൽകുമെന്നും പറഞ്ഞു. കേസിലെ വിഐപി ശരത് ആണെന്നാണു പൊലീസ് നൽകുന്ന സൂചന. 

കേസിൽ ദിലീപ് ജാമ്യത്തിലിറങ്ങിയ ശേഷം മെഹ്ബൂബ് ആലുവപ്പുഴയോരത്തെ ദിലീപിന്റെ വീടു സന്ദർശിച്ച അവസരത്തിൽ ‘സൂര്യ ശരത്ത്’ എന്നറിയപ്പെടുന്ന ശരത്തും അവിടെയുണ്ടായിരുന്നു. ഇവരുടെ പരസ്പര സംഭാഷണങ്ങളാണു ബാലചന്ദ്രകുമാറിന്റെ ടാബിൽ റിക്കോർഡ് ചെയ്യപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കു പുറമേ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരെയും കുറ്റപ്പെടുത്തി ദിലീപും കൂട്ടാളികളും സംസാരിക്കുന്നതും ബാലചന്ദ്രകുമാറിന്റെ ശബ്ദരേഖയിലുണ്ട്. 

മുൻ മന്ത്രി തോമസ് ചാണ്ടി മരിച്ച ദിവസം അതിന്റെ വാർത്ത ടിവിയിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണു 100 കോടിയുടെ രാഷ്ട്രീയക്കോഴ സംബന്ധിച്ച ചില പരാമർശങ്ങൾ ദിലീപും കൂട്ടാളികളും നടത്തിയത്. ഒന്നാം പിണറായി സർക്കാരിന്റെ മുഖം മിനുക്കൽ പരിപാടികളുടെ ഭാഗമായാണു നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ കുടുക്കി അറസ്റ്റ് ചെയ്തതെന്ന പരാമർശം നടത്തിയതു സൂര്യ ശരത്താണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. 

നടിയെ പീഡിപ്പിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പി ബൈജു പൗലോസിനെ വാഹനം ഇടിച്ച് അപായപ്പെടുത്തിയാൽ ഒന്നരക്കോടി രൂപ ചെലവാക്കേണ്ടിവരില്ലേയെന്ന ശബ്ദരേഖയിലെ പരാമർശം നടത്തിയതു ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജാണെന്ന മൊഴിയും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ടു ദിലീപിനു വേണ്ടി സാമ്പത്തിക കാര്യങ്ങൾ നോക്കി നടത്തുന്നതു സഹോദരൻ അനൂപും അളിയൻ സുരാജുമാണ്. കേസിലെ സാക്ഷികളെ സ്വാധീനിക്കാനും ഇവർ മുന്നിട്ടിറങ്ങിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ആരോപണം ഉയർന്നപ്പോൾ തന്നെ മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്തു ശരത്ത് ഒളിവിൽപ്പോയെന്നാണു വിവരം.

മുൻകൂർ ജാമ്യാപേക്ഷ നൽകി ശരത്ത്

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ സുഹൃത്തും ഹോട്ടൽ ഉടമയുമായ ആലുവ സ്വദേശി ശരത്ത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ദിലീപ് അടക്കമുള്ളവർ നേരത്തെ ജാമ്യാപേക്ഷ നൽകിയിരുന്നു. ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ശരത്തിനു നോട്ടിസ് നൽകിയിരുന്നു. 

English Summary :Actress Attack case: Crime branch raid at Dileep's friend's house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com