ADVERTISEMENT

ആലപ്പുഴ ∙ കേരളത്തിന്റെ നാട്ടിൻപുറങ്ങളിൽ കേരവൃക്ഷം മൂന്നാം സ്ഥാനത്ത്. നഗരപ്രദേശങ്ങളിൽ തെങ്ങ് മുന്നിലുണ്ട്. കേന്ദ്രസർക്കാരിന്റെ 2021 ലെ ഇന്ത്യ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോർട്ടിലാണ് (ഐഎസ്എഫ്ആർ) കേരളത്തിലെ ഗ്ര‍ാമപ്രദേശങ്ങളിലും നഗരങ്ങളിലുമുള്ള വൃക്ഷങ്ങളുടെ താരതമ്യവ്യാപനം വ്യക്തമാക്കുന്നത്. വനഭൂമിക്കു പുറത്തെ വൃക്ഷങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നഗരങ്ങളിൽ 33.84% ആണ് തെങ്ങിന്റെ സാന്നിധ്യം. 2019 ലെ സർവേയിലെക്കാൾ (35.41%) ഒന്നര ശതമാനത്തോളം കുറഞ്ഞുവെന്നു മാത്രം. കമുക് (13.42%), റബർ (8.39%), മാവ് (6.67%), പ്ലാവ് (6.37%) എന്നിവയാണു കൂടുതലുള്ള മറ്റു 4 മരങ്ങൾ. ഗ്രാമങ്ങളിൽ റബർ ആണ് കൂടുതൽ– 36.01%. 2019 ലെ സർവേയിലെക്കാൾ (36.99%) ഒരു ശതമാനത്തോളം കുറവാണിത്. 

അതേസമയം, ഗ്രാമങ്ങളിൽ രണ്ടാം സ്ഥാനത്തുള്ള കമുകും മൂന്നാം സ്ഥാനത്തുള്ള തെങ്ങും കഴിഞ്ഞ സർവേയിലെക്കാൾ വളർന്നു. 2019 ൽ 14.91% ആയിരുന്നു കമുക് സാന്നിധ്യം. ഇത്തവണ മൂന്നു ശതമാനത്തോളം വളർച്ചയുണ്ടായി– 17.83%. തെങ്ങ് 11.48% എന്ന സ്ഥാനത്തു നിന്ന് 2021 ലെ സർവേയിൽ 12.21% ആയി വളർന്നു. പ്ലാവും മഹാഗണിയുമാണ് നാലും അഞ്ചും സ്ഥാനത്ത്. 2019 ലെ സർവേയിൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ആഞ്ഞിലിയെ പിന്തള്ളിയാണു മഹാഗണി പട്ടികയിൽ ഇടം പിടിച്ചത്.

വനങ്ങളിൽ ‘കമ്യൂണിസ്റ്റ്’ അധിനിവേശം!

കേരളത്തിലെ വനങ്ങളിൽ കാണപ്പെടുന്ന അധിനിവേശ സസ്യങ്ങളിൽ ഒന്നാം സ്ഥാനം കമ്യൂണിസ്റ്റ് പച്ച നിലനിർത്തി – 362 ചതുരശ്ര കിലോമീറ്ററിലാണ് കമ്യൂണിസ്റ്റ് പച്ച പച്ചപിടിച്ചു നിൽക്കുന്നത്. 2019ലെ 773 ചതുരശ്ര കിലോമീറ്ററിൽനിന്നു പകുതിയിൽ താഴെ പ്രദേശത്തേക്കു ചുരുങ്ങിയെങ്കിലും കമ്യൂണിസ്റ്റ് പച്ച ഒന്നാം സ്ഥാനം നിലനിർത്തുകയായിരുന്നു. അരിപ്പൂ (87 ചത‍ുരശ്ര കിലോമീറ്റർ), നായ്ത്തുളസി (29) എന്നിവയാണ് ആദ്യ 3 സ്ഥാനങ്ങളിലുള്ള അധിനിവേശ സസ്യങ്ങൾ.

Content Highlight: Coconut survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com