ADVERTISEMENT

തിരുവനന്തപുരം ∙ കേരളത്തിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വീണ്ടും ലക്ഷത്തിനു മുകളിലെത്തി. ഈ മാസം ഒന്നിനു 19,000 ൽ താഴെ പേർ മാത്രമായിരുന്നു കോവിഡ് ബാധിതർ. ഇതാണ് രണ്ടാഴ്ച കൊണ്ട് ലക്ഷം കടന്നത്. ഇന്നലത്തെ കണക്കുപ്രകാരം 1,03,864 പേരാണു നിലവിൽ കോവിഡ് പോസിറ്റീവായത്. ഇതിൽ 4% പേർ മാത്രമാണ് ആശുപത്രികളിലുള്ളത് എന്നത് ആശ്വാസകരമാണ്.

കോവിഡ് പോസിറ്റീവാകുന്നവരുടെ പ്രതിവാര ശരാശരി വർധന അര ലക്ഷത്തിനു മുകളിലെത്തിയിട്ടുമുണ്ട്. ഈ മാസം 9 മുതൽ 15 വരെയുള്ള കാലയളവും അതിനു മുൻപുള്ള ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോൾ 51,712 പേരാണു പുതുതായി കോവിഡ് പോസിറ്റീവായത്.

തിരുവനന്തപുരം ജില്ലയിൽ കോവിഡ് സ്ഥിരീകരണ നിരക്ക് (ടിപിആർ) 36.8 ശതമാനമായി. ശനിയാഴ്ച ഇത് 36.1% ആയിരുന്നു. എറണാകുളം ജില്ലയിലെ 3 ദിവസത്തെ ശരാശരി ടിപിആർ 33.59% ആയി.

സ്കൂളിൽ വാക്സിനേഷൻ: പട്ടിക തയാറാക്കും

സ്കൂളുകളിൽ കോവിഡ് വാക്സിനേഷൻ നൽകുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.

∙ വിദ്യാർഥികൾ 2007ലോ മുൻപോ ജനിച്ചവരാ‍യിരിക്കണം. കോവാക്സിൻ മാത്രമാണു നൽകുക. രക്ഷിതാക്കളുടെ സമ്മതം വേണം.

∙ വാക്സിനേഷൻ നടത്തേണ്ട സ്കൂളുകൾ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ജില്ലാ ടാ‍സ്ക് ഫോ‍ഴ്സ് കണ്ടെത്തും.

∙ ഓരോ ദിവസവും കുത്തിവയ്പ് എടുക്കേണ്ട വിദ്യാർ‍ഥികളുടെ പട്ടിക സ്കൂൾ അധികൃതർ നേരത്തേ ത‍യാറാക്കുകയും സമയം അവരെ അറിയിക്കുകയും ചെയ്യും. ഇവർ കോ‍വിൻ വെബ്‌‍സൈറ്റിൽ ‍റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പാക്കും.

∙ ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കൽ ഓ‍ഫിസർ, വാക്‌‍സിനേറ്റർ, സ്റ്റാഫ് ‍നഴ്‌സ്, സ്‌‍കൂൾ നൽകുന്ന സപ്പോർട്ട് സ്റ്റാഫ് എന്നിവരടങ്ങുന്നതാണ് വാക്‌സി‍നേഷൻ ടീം. കുട്ടികളുടെ എണ്ണം അനുസരിച്ച് ഓരോ സെ‍ഷൻ സൈറ്റിലെയും വാക്‌‍സിനേറ്റർമാരുടെ എണ്ണം തീരുമാനിക്കും.

∙ വാക്സീൻ നൽകുമ്പോൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. വാക്സീൻ എടുത്ത കുട്ടികളെ 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരുത്തും. സ്‌കൂളു‍കൾ ഓക്‌‍സിജൻ സൗകര്യമുള്ള ആംബുലൻസ് സജ്ജമാക്കണം.

English Summary: Kerala covid cases rise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com