ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡിന്റെ അതിതീവ്ര വ്യാപനം, സർക്കാർ വകുപ്പുകളുടെ പ്രവർത്തനം ഉൾപ്പെടെ വിവിധ മേഖലകളെ അവതാളത്തിലാക്കുന്നു. സെക്രട്ടേറിയറ്റിൽ എൺപതോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫ് അംഗങ്ങൾ ഉൾപ്പെടെ ഒട്ടേറെ പേർ കോവിഡ് പിടിയിലായി.

പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ ഉൾപ്പെടെ 7 പേർക്കു കോവിഡ് ആയതോടെ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പ്രവർത്തനം ഭാഗികമാണ്. 12 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ സെക്രട്ടേറിയറ്റ് സെൻട്രൽ ലൈബ്രറി 23 വരെ അടച്ചു. ചില മന്ത്രിമാരുടെ ഓഫിസുകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 

6 ജീവനക്കാർക്ക് കോവിഡ് ആയതിനെ തുടർന്ന് വനം മന്ത്രിയുടെ ഓഫിസ് കഴിഞ്ഞയാഴ്ച തന്നെ അടച്ചിരുന്നു. വിവിധ വകുപ്പുകളുടെ ആസ്ഥാനങ്ങളിലും ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ ഒട്ടേറെപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിരീക്ഷണത്തിൽ കഴിയുന്നവരും ഏറെയാണ്. 

പൊലീസിൽ 1000 പേർ; കെഎസ്ആർടിസി 250

രണ്ടാഴ്ചയ്ക്കിടെ ആയിരത്തോളം പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണു പ്രാഥമിക കണക്ക്. തിരുവനന്തപുരത്ത് മാത്രം 8 സിഐമാർ ഉൾപ്പെടെ നൂറോളം പൊലീസുകാരാണ് കോവിഡ് പിടിയിലായത്. കെഎസ്ആർടിസിയിൽ ഏകദേശം 250 പേരാണ് പോസിറ്റീവായത്. നാനൂറോളം സർവീസുകളെ ഇതു ബാധിച്ചു. ഈ സ്ഥിതി തുടർന്നാൽ ഇനിയും സർവീസുകൾ കുറയ്ക്കേണ്ടി വരും. 

മന്ത്രി ശിവൻകുട്ടിക്കു കോവിഡ്

മന്ത്രി വി.ശിവൻകുട്ടി കോവിഡ് പോസിറ്റീവായി. ഇന്നലെ രാവിലെയാണു സ്ഥിരീകരിച്ചത്. തിങ്കളാഴ്ച അദ്ദേഹം ഓഫിസിലെത്തി ഉന്നതതല യോഗത്തിൽ പങ്കെടുക്കുകയും മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു. ഞായറാഴ്ച പാറശാലയിൽ സമാപിച്ച സിപിഎം ജില്ലാ സമ്മേളനത്തിൽ 3 ദിവസവും പങ്കെടുത്തിരുന്നു. ഐ.ബി.സതീഷ് എംഎൽഎ ഉൾപ്പെടെ മൂന്നുപേർക്കു സമ്മേളനത്തിനിടെ തന്നെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയ്ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.

English Summary: 80 secretariat employees covid positive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com