ADVERTISEMENT

കൊച്ചി ∙ ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ അടുത്ത സുഹൃത്തായ ജി.ശരത്തിനെ (സൂര്യ ശരത്ത്) കണ്ടെത്തി അറസ്റ്റ് ചെയ്യാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. 

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ മൊഴിയെടുക്കാൻ വിളിച്ചപ്പോൾ മുങ്ങിയ ശരത്ത് മുൻകൂർ ജാമ്യത്തിനു നീക്കവും തുടങ്ങി. ഇയാളുടെ ബിസിനസുകളിൽ ദിലീപിന്റെ സഹോദരൻ അനൂപിനു മുതൽമുടക്കുണ്ടെന്നതിന്റെ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു. 

കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് നാളെ വിചാരണക്കോടതി മുൻപാകെ ക്രൈംബ്രാഞ്ച് സമർപ്പിക്കും. ശരത്തിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ശബ്ദവും തിരിച്ചറിയാൻ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. 

ബാലചന്ദ്രകുമാർ ചൂണ്ടിക്കാട്ടിയ ‘വിഐപി’ ശരത്ത് തന്നെയാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ശരത്തിനെ നേരത്തെ തന്നെ ബാലചന്ദ്രകുമാറിനു പരിചയമുള്ളതിനാൽ ‘വിഐപി’യെന്നു വിശേഷിപ്പിക്കാനുള്ള സാധ്യത കുറവാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്. 

അതേസമയം, നടിയെ പീഡിപ്പിച്ച സംഭവത്തിനു ശേഷം ഒളിവിൽ പോയ തനിക്കു നേരെ വധശ്രമമുണ്ടായെന്ന ഒന്നാം പ്രതി എൻ.എസ്. സുനിൽകുമാറിന്റെ (പൾസർ സുനി) വെളിപ്പെടുത്തലുകൾ സംബന്ധിച്ച് മൊഴിനൽകാൻ സുനിലിന്റെ മാതാവ് ശോഭന തയാറായെങ്കിലും ആലുവ മജിസ്ട്രേട്ടിനു കോവിഡ് ബാധിച്ചതിനാൽ രഹസ്യമൊഴി രേഖപ്പെടുത്തിയില്ല. പൾസർ സുനി കടുത്ത മാനസിക സമ്മർദത്തിലാണെന്ന് ഇന്നലെ ജയിലിൽ സന്ദർശിച്ച മാതാവ് ശോഭന സ്ഥിരീകരിച്ചു. 

English Summary: Actress attack case conspiracy: Crime branch confirms that the VIP in case is Sarath G Nair 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com