ADVERTISEMENT

ഏറ്റുമാനൂർ ∙ നിയന്ത്രണം വിട്ട കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് മറിഞ്ഞ് 17 പേർക്കു പരുക്ക്. വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. എംസി റോഡിൽ അടിച്ചിറ വളവിൽ ഇന്നലെ പുലർച്ചെ 2.30നായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നു മാട്ടുപ്പെട്ടിക്കു പോയ സൂപ്പർ ഫാസ്റ്റ് ബസ് അടിച്ചിറ വളവിൽ നിയന്ത്രണം വിട്ടു സോളർ വഴിവിളക്കു പോസ്റ്റിൽ ഇടിച്ചു. തുടർന്നു വൈദ്യുത പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു.

ഏറ്റുമാനൂർ അടിച്ചിറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞപ്പോൾ
ഏറ്റുമാനൂർ അടിച്ചിറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞപ്പോൾ

അപകടം നടന്നതിനു സമീപമുള്ള കെഎസ്ഇബി ട്രാൻസ്ഫോമറിൽ ബസ് ഇടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 46 പേർ ബസിൽ ഉണ്ടായിരുന്നു. മറിഞ്ഞ ബസിൽ യാത്രക്കാർ കുടുങ്ങി. ഈ സമയം ഇതുവഴി വന്ന മറ്റു രണ്ട് കെഎസ്ആർടിസി ബസുകളിലെ ഡ്രൈവർമാരും കണ്ടക്ടർമാരുമാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ബസിന്റെ പിന്നിലെ ചില്ലു തകർത്താണു പരുക്കേറ്റവരെ പുറത്തെത്തിച്ചത്.

ഇതുവഴി എത്തിയ ആംബുലൻസിലും ഏറ്റുമാനൂർ, ഗാന്ധിനഗർ പൊലീസിന്റെ ജീപ്പുകളിലുമാണു പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്.ഹൈവേ പൊലീസും കോട്ടയത്തു നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. ഒരു മണിക്കൂറോളം എംസി റോഡിൽ നേരിയ തോതിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ക്രെയിനിന്റെ സഹായത്താൽ ബസ് ഉയർത്തിയാണു ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്.

ഏറ്റുമാനൂർ അടിച്ചിറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞപ്പോൾ
ഏറ്റുമാനൂർ അടിച്ചിറയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞപ്പോൾ

കോട്ടയം സ്വദേശി സുധ (45), കൊല്ലം ശൂരനാട് പുത്തൻപുരയിൽ സാബു (46), ആലുവ കാട്ടുകണ്ടത്തിൽ ജോഷി (52), മൂന്നാർ ബി ടൈപ് ക്വാർട്ടേഴ്സ് ഐശ്വര്യ(20), കൊല്ലം മുഖത്തല ജിനു (32), ഇടുക്കി മാട്ടുപ്പെട്ടി സ്വദേശി വിഷ്ണു (32), മാട്ടുപ്പെട്ടി സ്വദേശി സന്തോഷ് (20), കൊല്ലം സ്വദേശി ബിജു (37), കൊല്ലം അഞ്ചൽ ജിനിൻ രാജൻ(33), പത്തനംതിട്ട സ്വദേശി മുഹമ്മദ് റാഫി (21), തിരുവനന്തപുരം നേമം കൃഷ്ണകുമാരി (37), അടൂർ ഏനാത്ത് മുഹമ്മദ് നൈസാം (22), ഇടുക്കി മച്ചിപ്ലാവ് അഞ്ചു സുനിൽ (24), തിരുവനന്തപുരം പിരപ്പൻകോട് ലീന (48), അയണത്തുകോണം സുരേഷ് ബാബു(46), ഇടുക്കി വെള്ളത്തൂവൽ ആഷ ബാബു (42), ചാലക്കുടി സ്വദേശി ബേസിൽ (24) എന്നിവർക്കാണു പരുക്കേറ്റത്.

ബസിനു തകരാറില്ലെന്നു മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയതായി എൻഫോഴ്സ്മെന്റ് ആർടിഒ ‍‍ടോജോ എം.തോമസ് പറഞ്ഞു. അമിതവേഗവും അശ്രദ്ധയുമാണ് അപകടത്തിനു കാരണമെന്നു കരുതുന്നതായും അദ്ദേഹം പറ‍ഞ്ഞു.

രക്ഷാ പ്രവർത്തനം നടത്തിയത് കെഎസ്ആർടിസി ജീവനക്കാർ

ബസിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിക്കുന്നതിനു നേതൃത്വം നൽകിയത് മാനന്തവാടി – തിരുവനന്തപുരം ഡീലക്സ് ബസിലെ ജീവനക്കാരായ തോംസൺ പോൾ, പി.എസ്. വിജീഷ്, എറണാകുളം – കോട്ടയം സൂപ്പർ ഫാസ്റ്റ് ബസിലെ ഡ്രൈവർ ബിജു ആനിസ് സേവ്യർ, കണ്ടക്ടർ അരുൺ എസ്. ധരൻ എന്നിവരാണ്.

തോംസൺ പോൾ, പി.എസ്.വിജീഷ്, ബിജു ആനിസ് സേവ്യർ, അരുൺ എസ്. ധരൻ
തോംസൺ പോൾ, പി.എസ്.വിജീഷ്, ബിജു ആനിസ് സേവ്യർ, അരുൺ എസ്. ധരൻ

English Summary: Bus accident in Ettumanoor adichira

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com