ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഗുണ്ടകളും സാമൂഹികവിരുദ്ധരുമായ 14,287 പേരെ ഒരു മാസത്തിനിടയിൽ പിടികൂടിയെന്നു പൊലീസ്. ഇന്റലിജൻസിന്റെ കണക്കിൽ പതിനേഴായിരത്തോളം പേരെയാണു പിടിച്ചത്. എന്നാൽ, ജയിലുകളിൽ എത്തിയതു വെറും 650 പേർ. ഗുണ്ടകളെയും സാമൂഹികവിരുദ്ധരെയും അമർച്ച ചെയ്യാൻ പൊലീസ് ഡിസംബർ 18ന് ആരംഭിച്ച ‘ഓപ്പറേഷൻ കാവലി’ന്റെ ഒടുവിലത്തെ സ്ഥിതിയാണിത്. പിടിയിലാകുന്ന ഗുണ്ടകളിൽ 95% പേരെയും സ്റ്റേഷനിൽ കൊണ്ടുവന്ന് എന്തെങ്കിലുമൊരു വ്യവസ്ഥ എഴുതിപ്പിച്ച് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയാണു പതിവ്. 

43,980 പേർക്കായി പരിശോധന നടത്തി. 20,054 വീടുകൾ റെയ്ഡ് ചെയ്തു. 13,054 പേരെ സ്റ്റേഷനിൽ വരുത്തി. ഒളിവിൽ കഴിഞ്ഞ 1182 പ്രതികളെ പിടിച്ചു. 63 പേരുടെ ജാമ്യം റദ്ദാക്കി – ഗുണ്ടാവിരുദ്ധ നടപടികളിൽ പൊലീസ് നിരത്തുന്ന കണക്ക് ഇങ്ങനെയാണ്. എന്നിട്ടും തലസ്ഥാനത്തെ അടക്കം കുപ്രസിദ്ധ ഗുണ്ടാത്തലവൻമാരെ തൊടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഒന്നിലേറെ കേസുകൾ ഉള്ള 7200 ഗുണ്ടകളും സാമൂഹിക വിരുദ്ധരുമുണ്ടെന്നാണ് പൊലീസിന്റെ ഒടുവിലത്തെ കണക്ക്. ഇനി പിടിക്കാനുള്ള കുപ്രസിദ്ധ ഗുണ്ടകൾ 380 പേരുണ്ട്. 

ഗുണ്ടകൾക്കു കോവിഡ് തുണയായപ്പോൾ പൊലീസിലെ 20% പേരെ അതു കിടത്തി. ജയിലുകളിലെ കോവിഡ് വ്യാപനം മറ്റൊരു തടസ്സം. നൂറുകണക്കിനു തടവുകാരെ പരോളും ജാമ്യവും നൽകി വിട്ടു. സംസ്ഥാനത്തെ ജയിലുകളിലാകെ ശരാശരി 6000 തടവുകാരാണ് ഇപ്പോഴുള്ളത്. ഗുണ്ടാവിരുദ്ധ നിയമം (കാപ്പ) ചുമത്താൻ കലക്ടർമാരും റേഞ്ച് ഡിഐജി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരും വിമുഖത കാണിക്കുന്നതും ഗുണ്ടകളെ അഴിക്കുള്ളിലടയ്ക്കുന്നതിനു തടസ്സമാണ്.

ശിക്ഷിക്കപ്പെട്ട 543 തടവുകാർ പുറത്ത്

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 543 തടവുകാർ ഇപ്പോൾ ജയിലിനു പുറത്താണ്. കൊലപാതകം, ലൈംഗികപീഡനം തുടങ്ങിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരും ഇതിൽ ഉൾപ്പെടും. കോവിഡ് പശ്ചാത്തലത്തിൽ സുപ്രീം കോടതിയുടെ സ്റ്റേ ഉത്തരവുമായാണ് ഇവർ പുറത്തു തുടരുന്നത്. ഇതേ ഉത്തരവുപ്രകാരം പുറത്തിറങ്ങാൻ 720 തടവുകാർ കൂടി അപ്പീൽ നൽകിയിട്ടുമുണ്ട്. 

3 ദിവസമായി ഓപ്പറേഷൻ ‘ലഹരി’

ഈയിടെ സംസ്ഥാനത്തുണ്ടായ കൊലക്കേസുകളിലൂം ഗുണ്ടാ ആക്രമണങ്ങളിലും ഉൾപ്പെട്ടവർ ലഹരിമരുന്നിന് അടിമകളാണെന്നു പൊലീസ് കണ്ടെത്തി. അതോടെ ചില്ലറ വിൽപനക്കാരെ അടക്കം പിടിക്കാൻ എല്ലാ പൊലീസ് മേധാവികൾക്കും ഡിജിപി നിർദേശം നൽകി. 3 ദിവസമായി റിസോർട്ടുകളിൽ അടക്കം റെയ്ഡ് നടക്കുകയാണ്.

English Summary: Goondas caught by kerala police is not reaching jail

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com