ADVERTISEMENT

കീഴൂർ (കോട്ടയം) ∙ സ്റ്റേഷൻ പരിധി നോക്കാതെ എസ്ഐയുടെ സമയോചിതമായ ഇടപെടൽ. മുതിർന്ന ദമ്പതികൾ താമസിക്കുന്ന വീട്ടിൽ കവർച്ചയ്ക്കെത്തിയ ആളെ ഒന്നര കിലോമീറ്റർ പിന്നാലെ ഓടി പിടികൂടിയത് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിലെ എസ്ഐ വി.എം.ജയ്മോനും സംഘവും.

വിമുക്തഭടനായ കീഴൂർ മേച്ചേരിൽ എം.എം. മാത്യുവിന്റെ (80) വീട്ടിൽ കവർച്ച നടത്താൻ ശ്രമിക്കുന്നതിനിടെയാണ് കീഴൂർ ചിറ്റേട്ട് പുത്തൻപുര ബോബിൻസ് ജോൺ (32) പിടിയിലായത്. വാതിൽ പൊളിക്കാനും പൂട്ടുതുറക്കാനും ഉപയോഗിക്കുന്ന സ്റ്റീൽ കൊണ്ടുള്ള ആയുധവും പൊലീസ് കണ്ടെടുത്തു.

തലയോലപ്പറമ്പ് സ്റ്റേഷനിലെ പൊലീസ് സംഘം പൊതി മേഴ്സി ആശുപത്രിക്ക് സമീപം പട്രോളിങ് നടത്തുന്നതിനിടെ എസ്ഐ ജയ്മോനു ഫോൺ വന്നു. കീഴൂരിൽ ഒരു വീട്ടിൽ കയറിയ മോഷ്ടാവ് കവർച്ചയ്ക്കു മുന്നോടിയായി സിസി ടിവി ക്യാമറകൾ തുണികൊണ്ടു മൂടുന്നു എന്നായിരുന്നു സന്ദേശം. പ്രായമായ മാതാപിതാക്കൾ തനിച്ചു താമസിക്കുന്ന വീട്ടിലെ സിസി ടിവി ദൃശ്യങ്ങൾ പാലായിൽ താമസിക്കുന്ന മകൾ സോണിയ മാത്യു  തൽസമയം സ്വന്തം ഫോണിൽ കണ്ടതാണ്. ഭയന്നു പോയ മകൾ കീഴൂരിൽ അയൽവാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിച്ചു. പ്രഭാത് എസ്ഐ ജയ്മോനു വിവരം കൈമാറുകയായിരുന്നു.

വെള്ളൂർ സ്റ്റേഷൻ പരിധിയിലായിരുന്നു വീടെന്നതു കണക്കാക്കാതെ ജയ്മോനും സീനിയർ സിപിഒ രാജീവും സ്ഥലത്തേക്ക് പാഞ്ഞു. ഒപ്പം വെള്ളൂർ സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു. വീടിന്റെ ഗേറ്റ് ചാടിക്കടന്ന് പിന്നിലെത്തിയ പൊലീസിനെ കണ്ട് മോഷ്ടാവ് രണ്ടാം നിലയിൽ നിന്നു മുറ്റത്തേക്ക് ചാടിയോടി. സ്ത്രീകളുടെ നൈറ്റിയാണ് ഇയാൾ ധരിച്ചിരുന്നത്.

അപ്പോഴേക്കും വെള്ളൂർ എസ്ഐ കെ.സജിയും സിപിഒ പി.എസ്.ബിബിനും സ്ഥലത്ത് എത്തി. റോഡിലൂടെയും റബർ തോട്ടത്തിലൂടെയും പാടത്തുകൂടിയും ഓടിയ മോഷ്ടാവിനെ പൊലീസ് സംഘം പിന്നാലെ ഓടി കുറ്റിക്കാട്ടിൽനിന്ന് പിടികൂടി വെള്ളൂർ പൊലീസിനു കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി വെള്ളൂർ എസ്എച്ച്ഒ എ.പ്രസാദ് അറിയിച്ചു.

കീഴൂർ മോഡൽ യുഎസിൽനിന്ന് യുപിയിലേക്ക്

കാൻപുർ ∙ നാട്ടിലെ അടച്ചിട്ട വീട്ടിൽ കള്ളൻമാർ കയറുന്നത് സിസിടിവിയിലൂടെ അമേരിക്കയിലിരുന്നു കണ്ട് വീട്ടുടമ തസ്കരസംഘത്തെ കുരുക്കി. ന്യൂജഴ്സിയിൽ  സോഫ്റ്റ്‌വെയർ എൻജിനീയറായ വിജയ് അശ്വതിയാണ് ഉത്തർപ്രദേശിലെ കാൻപുർ ചകേരിയിലുള്ള പൊലീസ് സ്റ്റേഷനിൽ മോഷണ വിവരം അറിയിച്ചത്. 

പൊലീസ് ഓഫിസർ മധുർ മിശ്രയുടെ നേതൃത്വത്തിൽ സംഘമെത്തുമ്പോഴേക്കും മോഷ്ടാക്കൾ വീടിനുള്ളിൽ കയറിയിരുന്നു. പൊലീസിനുനേരെ വെടിവയ്പുമുണ്ടായി. തിരികെ വെടിവച്ച പൊലീസ്, മോഷണ സംഘത്തലവൻ ശ്രീനാഥ് റാത്തോഡിനെ വീഴ്ത്തി. ഒപ്പമുണ്ടായിരുന്ന ചിലർ കടന്നുകളഞ്ഞു. വിജയ് അശ്വതി വീട്ടിലെ ദൃശ്യങ്ങൾ മൊബൈലിൽ നിരീക്ഷിച്ചപ്പോഴാണ് കള്ളൻ‍മാരെ കണ്ടത്. 

English Summary: Salute to police for catching thief from nearby police station area

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com