കോവിഡ് അതിതീവ്ര വ്യാപനം; മൂന്നാഴ്ച നിർണായകം

covid_covid19
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡിന്റെ അതിതീവ്ര വ്യാപനമാണെന്നും അടുത്ത 3 ആഴ്ച നിർണായകമാണെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. സമൂഹവ്യാപനം ഉണ്ടായേക്കാം. ഫെബ്രുവരി 15ന് അകം ഏറ്റവും ഉയർന്ന നിലയിലെത്തുകയും തുടർന്നു കുറയുകയും ചെയ്യുമെന്നാണു പ്രതീക്ഷ.

ഒമിക്രോണാണ് മൂന്നാം തരംഗത്തിൽ വ്യാപനം കൂട്ടുന്നത്. ഡെൽറ്റയെക്കാൾ 6 ഇരട്ടിയാണു വ്യാപനശേഷി. ഒമിക്രോൺ പരിശോധനക്കിറ്റുകൾ വാങ്ങാൻ നടപടി ആരംഭിച്ചു. ഒമിക്രോണിന് ഗുരുതരാവസ്ഥ താരതമ്യേന കുറവാണെങ്കിലും ജാഗ്രത കൈവിടരുത്. ഐസിയുവിലും വെന്റിലേറ്ററിലും രോഗികൾ വർധിക്കാം. സംസ്ഥാനത്തു പുതിയ വകഭേദം ഉണ്ടായിട്ടുണ്ടോയെന്ന പരിശോധനയുടെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ അറിയാം.

ഒമിക്രോണിനെ ഭയക്കേണ്ടതില്ലെന്നു സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി വരും. ജലദോഷം, പനി, ചുമ, തലവേദന, ശരീരവേദന എന്നീ ലക്ഷണങ്ങളുള്ളവർ വീടുകളിൽ കഴിയണം. ഭൂരിപക്ഷം ഒമിക്രോൺ ബാധിതർക്കും മണവും രുചിയും നഷ്ടപ്പെടുന്നില്ല. എൻ 95 മാസ്‌ക്കോ ഡബിൾ മാസ്‌ക്കോ ആണു ധരിക്കേണ്ടത്.

സ്ഥാപനങ്ങൾ ക്ലസ്റ്ററുകളാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു മാസത്തിനുള്ളിൽ 1508 ആരോഗ്യപ്രവർത്തകർക്കാണു കോവിഡ് ബാധിച്ചത്. ആശുപത്രി ജീവനക്കാരുടെ ഒത്തുചേരലുകൾ പാടില്ല. എല്ലാവരും കരുതൽ ഡോസ് വാക്‌സീൻ സ്വീകരിക്കണം. ആശുപത്രി സന്ദർശനം പരമാവധി കുറയ്‌ക്കണം. രോഗികളുടെ കൂടെ കൂടുതൽ പേർ ആശുപത്രിയിൽ എത്തരുത്.

സർക്കാർ മേഖലയിൽ 3107 ഐസിയു കിടക്കകളും 2293 വെന്റിലേറ്ററുകളും സ്വകാര്യ മേഖലയിൽ 7468 ഐസിയു കിടക്കകളും 2432 വെന്റിലേറ്ററുകളും ലഭ്യമാണ്. 8353 ഓക്‌സിജൻ കിടക്കകളും സജ്ജമാണ്. സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും ക്ഷാമമില്ല – മന്ത്രി പറഞ്ഞു.

പാർട്ടി സമ്മേളനത്തിൽ വിമർശനമുണ്ടായില്ല: വീണ

തിരുവനന്തപുരം ∙ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ ആരോഗ്യ വകുപ്പിനെതിരെ ഒരു വിമർശനവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ്. ആരോഗ്യമന്ത്രിയുടെ ഓഫിസിനെതിരെ ചിലർക്കു ചില അജൻഡകളുണ്ടാകും. അങ്ങനെ സ്ഥാപിക്കാൻ ശ്രമങ്ങളും നടന്നേക്കാം. സമ്മേളനത്തിന്റെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിച്ചതു തെറ്റാണെന്ന് പാർട്ടി സമ്മതിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും മന്ത്രി പറഞ്ഞു.

English Summary: Covid situation in kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA