ADVERTISEMENT

കൊച്ചി ∙ കുറ്റകൃത്യം ചെയ്താൽ പിന്തുണ ലഭിക്കുമെന്ന പ്രതീതി പരോക്ഷമായിപ്പോലും പൊലീസ് ഉദ്യോഗസ്ഥർക്കുണ്ടായാൽ ശക്തമായ സമാധാനപാലനവും സത്യസന്ധമായ നിയമനടത്തിപ്പും മിഥ്യാ സങ്കൽപമായി മാറുമെന്നു ഹൈക്കോടതി. വീടുവിട്ടിറങ്ങിയ പെൺമക്കളെ കണ്ടെത്താൻ പരാതി നൽകിയ ഡൽഹി സ്വദേശികളായ ദമ്പതികളോടു പൊലീസ് കൈക്കൂലി ചോദിക്കുകയും ആൺമക്കളെ കേസിൽ കുടുക്കുകയും ചെയ്തെന്ന പരാതി സംബന്ധിച്ച കേസിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.

പൊലീസിനെ സത്യസന്ധവും സംസ്കാരസമ്പന്നവും ആധുനികവും ഉത്തരവാദിത്തവുമുള്ള സേനയാക്കുകയെന്നതാണു കോടതിയുടെ നിശ്ചയദാർഢ്യം. ചുരുക്കം ചിലർ കാണിക്കുന്ന അവിവേകത്തിനെതിരെ കടുത്ത നടപടിയെടുത്താൽ മാത്രമേ, മറ്റുള്ളവർക്ക് മാതൃകയാകൂയെന്നും വിശ്വസിക്കാൻകൊള്ളാവുന്ന സേനയാകുകയുള്ളൂയെന്നും കോടതി പറഞ്ഞു.

കൈക്കൂലി വിഷയത്തിൽ മാത്രമല്ല, കേസിലെ വിവിധ ആരോപണങ്ങൾ സംബന്ധിച്ചും പ്രാഥമിക അന്വേഷണം നടത്താനും മുദ്രവച്ച കവറിൽ സമഗ്ര റിപ്പോർട്ട് നൽകാനും വിജിലൻസിനു ഹൈക്കോടതി നിർദേശം നൽകി. ഹർജി അടുത്ത മാസം 11നു പരിഗണിക്കാൻ മാറ്റി. അന്വേഷണത്തിനിടെ, നടപടിയെടുക്കണമെന്നു വിജിലൻസിനു ബോധ്യപ്പെട്ടാൽ, കോടതി 11ന് റിപ്പോർട്ട് കാണുന്നതിനു മുൻപുതന്നെ നടപടി ആരംഭിക്കാമെന്നും പറഞ്ഞു.

വിജിലൻസ് ഡയറക്ടറെ കക്ഷിചേർക്കണമെന്നും പ്രഥമദൃഷ്ട്യാ അഴിമതി നിരോധന നിയമത്തിന്റെ വകുപ്പുകൾ ബാധകമാണെന്നും അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചു. അസി.സബ് ഇൻസ്പെക്ടർ അഞ്ചുലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്ന് അതിജീവിതയുടെ മാതാവ് മൊഴി നൽകിയതായി പൊലീസ് കമ്മിഷണർ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി വിജിലൻസ് ,ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറെ കേസിൽ സ്വമേധയാ കക്ഷിചേർത്തു. വിജിലൻസിന് പ്രാഥമിക അന്വേഷണം നടത്താമെന്നും അന്വേഷണത്തിനുശേഷം കോടതിക്ക് ഉചിതമായ ഉത്തരവിറക്കാമെന്നും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ പി.നാരായണൻ അറിയിച്ചിരുന്നു.

അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നു പെൺകുട്ടികളുടെ മാതാവിന്റെ മൊഴിയല്ലാതെ മറ്റു തെളിവില്ലെന്നാണു കമ്മിഷണറുടെ റിപ്പോർട്ടിലുള്ളതെന്ന് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വിശദീകരിച്ചു. കൈക്കൂലി രഹസ്യമായിട്ടാണ് ചോദിച്ചതെങ്കിൽ എന്ത് ചെയ്യുമെന്ന് കോടതി വാക്കാൽ ചോദിച്ചു. സിസിടിവി ക്യാമറ നോക്കി ആരെങ്കിലും കൈക്കൂലി ആവശ്യപ്പെടുമോ ? പൊലീസ് ഓഫിസറെ വിശ്വസിക്കുമ്പോൾ അതിജീവിതയുടെ മാതാവിനെ വിശ്വസിക്കാനാകില്ലെന്ന് പറയുന്നത് എങ്ങനെയെന്നു കോടതി ചോദിച്ചു. നിർഭാഗ്യകരമാണിത്. പൊലീസ് സേനയിലെ ഭൂരിപക്ഷവും നല്ലവരാണ്. എന്നാൽ അവരെയും മോശമാക്കുന്നതാണു ചിലരുടെ നടപടികളെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.

English Summary: High Court against police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com