ADVERTISEMENT

കൊച്ചി ∙ ബലാൽസംഗം ചെയ്യാൻ ഒരു ക്രിമിനൽ സംഘത്തിനു ക്വട്ടേഷൻ നൽകിയതു സംബന്ധിച്ച കേസ് ഒരു പക്ഷേ, രാജ്യത്തു ശിക്ഷാനിയമം നിലവിൽ വന്നശേഷം ആദ്യമാണെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ദിലീപ് അടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ എതിർത്തു നൽകിയ വിശദീകരണത്തിലാണിത്. ദിലീപ് അടക്കമുള്ള ആറു പ്രതികളുടെ ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും.

സമാനതകളില്ലാത്ത കേസാണിതെന്നും ഗുരുതര കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസിലെ പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നതു ചരിത്രത്തിൽ ആദ്യമാണെന്നും എറണാകുളം ക്രൈം ബ്രാഞ്ച് എസ്പി എം.പി.മോഹനചന്ദ്രൻ നൽകിയ വിശദീകരണത്തിൽ പറയുന്നു. കുറ്റകൃത്യത്തിന്റെ ബുദ്ധികേന്ദ്രം ദിലീപാണ്. ഓരോ ഘട്ടത്തിലും നിയമ നടപടികൾ തടസ്സപ്പെടുത്താനാണു ശ്രമിച്ചത്. സ്പെഷൽ പ്രോസിക്യൂട്ടർമാർ രാജിവച്ച സംഭവങ്ങളിലും ദിലീപിനു പങ്കുണ്ട്.  

കേസ് അന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ജീവൻ അപകടത്തിലാക്കുന്ന ഭീഷണി നിലനിൽക്കുന്ന അവസ്ഥയിലാണു കാര്യങ്ങൾ. ഗൂഢാലോചനയെത്തുടർന്നുള്ള നീക്കങ്ങളും ഇപ്പോഴും പ്രതികൾക്ക് അത്തരമൊരു ലക്ഷ്യമുണ്ടോയെന്നും കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നത് മാറ്റണമെന്ന അപേക്ഷ 25നു മാറ്റി

ക്വട്ടേഷൻ പ്രകാരം അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കുന്നതു മാറ്റിവയ്ക്കാൻ പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷ വിചാരണക്കോടതി 25നു പരിഗണിക്കും.

കേസിൽ തുടരന്വേഷണം നടത്താനുള്ള സൗകര്യത്തിനു വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സാവകാശം തേടി സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി 24നു പരിഗണിക്കുന്ന സാഹചര്യത്തിലാണു വിചാരണക്കോടതിയുടെ നടപടി. 2022 ഫെബ്രുവരി 16നു മുൻപു വിചാരണ പൂർത്തിയാക്കാനുള്ള സുപ്രീംകോടതിയുടെ മുൻ ഉത്തരവു നിലനിൽക്കുന്ന സാഹചര്യത്തിലാണു കൂടുതൽ സമയം ചോദിച്ചു സംസ്ഥാന സർക്കാർ തന്നെ ഹർജി നൽകിയത്. തുടരന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ ഇന്നലെ സമർപ്പിച്ചു.

ഹൈക്കോടതി ഉത്തരവു പ്രകാരം കേസിൽ പുതുതായി ഉൾപ്പെടുത്തുന്ന 4 സാക്ഷികൾക്കും സമൻസ് അയയ്ക്കാൻ വിചാരണക്കോടതി നിർദേശിച്ചു. നേരത്തെ വിസ്തരിച്ച ഒരു സാക്ഷിയെ വീണ്ടും വിസ്തരിക്കാനും അനുവാദം നൽകിയിട്ടുണ്ട്. 22 മുതൽ ഇവരുടെ വിസ്താരമാണു നടക്കുന്നത്. അഡീ പബ്ലിക് പ്രോസിക്യൂട്ടറാണ് ഇന്നലെ വിചാരണക്കോടതിയിൽ ഹാജരായത്.

Content Highlight: Malayalam actress attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com