കോവിഡ് മരണത്തിൽ നഷ്ടപരിഹാര അപേക്ഷ കുറഞ്ഞത് എന്തുകൊണ്ട്: സുപ്രീം കോടതി

HIGHLIGHTS
  • അപേക്ഷിക്കാത്തവരെ നേരിട്ടു കണ്ട് ഉദ്യോഗസ്ഥർ വിശദീകരിക്കണം
Covid-death
പ്രതീകാത്മക ചിത്രം
SHARE

ന്യൂഡൽഹി ∙ കോവിഡ് മരണവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ കേരളത്തിൽ എന്തുകൊണ്ടാണ് കുറഞ്ഞത്? ചോദ്യം ഉന്നയിച്ചത് സുപ്രീം കോടതി. ബോധവൽക്കരണത്തിന്റെ അഭാവമാണ് കാരണമെന്ന് നിരീക്ഷിച്ച കോടതി ഇനിയും അപേക്ഷിക്കാത്തവരെ നേരിട്ടു സമീപിച്ച് ഉദ്യോഗസ്ഥർ പദ്ധതിയെക്കുറിച്ചു വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടു. സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് അപേക്ഷ തള്ളരുതെന്നും നിർദേശിച്ചു.

പല സംസ്ഥാനങ്ങളിലും കോവിഡ് മൂലം മരിച്ചവരെക്കാൾ കൂടുതൽ പേർ അപേക്ഷ നൽകിയ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ചോദ്യം. മരിച്ചവരുടെ കുടുംബങ്ങളിൽ 60% മാത്രമാണ് കേരളത്തിൽ സഹായത്തിനായി അപേക്ഷിച്ചിട്ടുള്ളതെന്നും കൂടുതൽ ബോധവൽക്കരണം ആവശ്യമുണ്ടെന്നാണ് ഇതു സൂചിപ്പിക്കുന്നതെന്നും ജഡ്ജിമാരായ എം.ആർ.ഷാ, സഞ്ജീവ് ഖന്ന എന്നിവരുൾപ്പെട്ട ബെഞ്ച് ആവർത്തിച്ചു. ഹർജി പരിഗണിക്കുന്നത് ഫെബ്രുവരി 4നു മാറ്റി.

നഷ്ടപരിഹാരം ഇനിയും നൽകാനുള്ളവർക്ക് ഒരാഴ്ചയ്ക്കകം തുക നൽകണം. അപേക്ഷകളിൽ ഉടൻ തീർപ്പുണ്ടാക്കണം. നഷ്ടപരിഹാരത്തുക ബന്ധുക്കളുടെ പേരിൽ നൽകുന്നതിനു പകരം കുട്ടികളുടെ പേരിലാക്കണം. പദ്ധതിയെക്കുറിച്ചും അപേക്ഷാ നടപടികളെക്കുറിച്ചും കൂടുതൽ ബോധവൽക്കരണം വേണം – കോടതി നിർദേശിച്ചു.

തുക വിതരണവുമായി ബന്ധപ്പെട്ട നടപടികളിലും മരണക്കണക്കിലും ഗുരുതര വീഴ്ച വരുത്തിയ ബിഹാർ, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തിയ കോടതി, കർശന താക്കീത് നൽകി. ഇരു സംസ്ഥാനങ്ങളും നൽകിയ കണക്കിൽ അവിശ്വാസം രേഖപ്പെടുത്തിയ കോടതി പരിഹാര നടപടികൾക്കും നിർദേശിച്ചു.

കോവിഡ് മൂലമുള്ള മരണം നിശ്ചയിക്കുന്നതിൽ സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടിയെ നേരത്തേതന്നെ കോടതി വിമർശിച്ചിരുന്നു. ഇക്കാര്യത്തിൽ ആവശ്യമായ മാറ്റങ്ങൾക്കു നിർദേശിച്ചതു പരിഗണിച്ച് കേരളം ഉൾപ്പെടെ മരണസംഖ്യ പുതുക്കി. പുതിയ അപേക്ഷകളുടെ അടിസ്ഥാനത്തിൽ മരണക്കണക്കു പുതുക്കുന്ന രീതിയാണു കേരളം സ്വീകരിക്കുന്നത്.

കോവിഡ് ബാധിച്ച് മരിച്ചയാളെ സംസ്കരിക്കാനായി കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ ചിതയൊരുക്കുന്ന കോർപറേഷൻ ജീവനക്കാർ. 	 ചിത്രം: മനോരമ
ഫയൽചിത്രം

മരണം 49,300, അപേക്ഷ 27,274

കോടതിയിൽ നൽകിയ കണക്കുപ്രകാരം, കേരളത്തിൽ ജനുവരി 10 വരെ 49,300 കോവിഡ് മരണമാണു സ്ഥിരീകരിച്ചത്. നഷ്ടപരിഹാരം ആവശ്യപ്പെട്ടെത്തിയത് 27,274 അപേക്ഷകൾ. ഇതിൽ 80% പേർക്കും (23,652 അപേക്ഷ) 50,000 രൂപ വീതം നൽകിയെന്നും സ്റ്റാൻഡിങ് കൗൺസൽ നിഷെ രാജൻ ശങ്കർ കോടതിയെ അറിയിച്ചു. 178 അപേക്ഷകൾ നിരാകരിക്കപ്പെട്ടു. 

രാജ്യത്താകെ കോവിഡ് ബാധിച്ചു 4.87 ലക്ഷം പേരാണു മരിച്ചത്. യഥാർഥ മരണസംഖ്യ ഇതിലുമേറെയാകാമെന്നു റിപ്പോർട്ടുകളുണ്ട്. പല സംസ്ഥാനങ്ങളും കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലും ഈ വ്യത്യാസമുണ്ട്. 1.41 ലക്ഷം പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട മഹാരാഷ്ട്രയിൽ ആകെ ലഭിച്ചത് 2.13 ലക്ഷം അപേക്ഷകൾ. ഔദ്യോഗിക മരണക്കണക്കു വച്ചു നോക്കിയാൽ, ഗുജറാത്തിൽ എട്ടിരട്ടിയും തെലങ്കാനയിൽ ഏഴിരട്ടിയും അപേക്ഷകളാണു ലഭിച്ചത്.

English Summary: Supreme Court on applications regarding covid death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA